കോഴിക്കോട് ∙ 1000 കോടിയിലധികം രൂപ ചെലവിട്ടു കോഴിക്കോട്ട് 12 റോഡുകൾ നിർമിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മാനാഞ്ചിറ-മലാപ്പറമ്പ് 4 വരിപ്പാതയുടെ ഉദ്ഘാടനവും മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
മാനാഞ്ചിറ–വെളളിമാടുകുന്ന് റോഡ് നവീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ‘ന്യൂഡൽഹി’ ആയതുപോലെ കോഴിക്കോടിനെ ‘ന്യൂ കാലിക്കറ്റ്’ ആക്കി മാറ്റാനാണു സർക്കാർ ലക്ഷ്യമിടുന്നത്. 1000 കോടിയിലധികം രൂപ വരുന്ന പാരിസ് മോഡൽ കനാൽ സിറ്റി പദ്ധതിയും റോഡുകളും നഗരത്തിന്റെ മുഖഛായ മാറ്റും.
എൻഎച്ച് 66 യാഥാർഥ്യമാകുന്നതും തുരങ്കപ്പാതയുടെ പ്രവൃത്തി ആരംഭിച്ചതും പുതിയ പാലം യാഥാർഥ്യമായതും ആലപ്പുഴയിലെ പെരുമ്പളം പാലം വന്നതുമെല്ലാം സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്.’ മന്ത്രി പറഞ്ഞു.
മലാപ്പറമ്പിൽ നടന്ന ചടങ്ങിനു ശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മാനാഞ്ചിറയിലേക്കു റോഡ് ഷോ നടത്തി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഒ.സദാശിവൻ, എഡിഎം സി.മുഹമ്മദ് റഫീഖ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ, കെആർഎഫ്ബി സിഇഒ എം.അശോക് കുമാർ, ടീം ലീഡ് എ.വി.വിശ്വപ്രകാശ്, മുൻ മേയർ ബീന ഫിലിപ് തുടങ്ങിയവർ പങ്കെടുത്തു.
നടന്നത് ഉദ്ഘാടനമല്ല, തുറന്നുകൊടുക്കൽ: കേരള റോഡ് ഫണ്ട് ബോർഡ്
കോഴിക്കോട് ∙ മാനാഞ്ചിറ –മലാപ്പറമ്പ് 4 വരിപ്പാതയുടെ ഉദ്ഘാടനമല്ല മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചതെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ.
മാനാഞ്ചിറ– മലാപ്പറമ്പ് പാത ഗതാഗതത്തിനു തുറന്നുകൊടുക്കലും മലാപ്പറമ്പ് – വെള്ളിമാടുകുന്നു പാതയുടെ പ്രവൃത്തി ഉദ്ഘാടനവുമാണ് ഇന്നലെ നടന്നതെന്നും അവർ അറിയിച്ചു. ചടങ്ങു സംബന്ധിച്ച കെആർഎഫ്ബിയുടെ നോട്ടിസിലും ശിലാഫലകത്തിലും ഇതു തന്നെയാണുള്ളത്.
അതേസമയം, സംസ്ഥാന സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ, മാനാഞ്ചിറ–മലാപ്പറമ്പ് പാത നാടിനു സമർപ്പിക്കുന്നു എന്നാണുള്ളത്. ഞായറാഴ്ചത്തെ പിആർഡി പത്രക്കുറിപ്പിലും പ്രചാരണ ബോർഡുകളിലും ഉദ്ഘാടനമാണെന്നും.
തുറന്നുകൊടുക്കലും ഉദ്ഘാടനവും നാടിനു സമർപ്പിക്കലും തമ്മിലുള്ള വ്യത്യാസം എന്താണെന്നു തൽക്കാലം നാട്ടുകാർക്കു വ്യക്തമല്ല.
മാനാഞ്ചിറ– മലാപ്പറമ്പ് റോഡിന്റെ 80% മാത്രമാണു പൂർത്തിയായതെന്നും കെആർഎഫ്ബി അറിയിച്ചു. ഒരട്ടി ടാറിങ്, തെരുവു വിളക്കുകൾ, നടപ്പാത, ട്രാഫിക് സിഗ്നലുകൾ എന്നിവ പൂർത്തിയാകാനുണ്ട്.
എരഞ്ഞിപ്പാലത്തു ഡക്റ്റും ഓവുചാലും നിർമിക്കാൻ ബാക്കിയുണ്ട്. ബസ് ബേയുടെ നിർമാണം ബാക്കിയുള്ളതിനാലാണിത്.
40 ദിവസത്തിനകം പാതയുടെ നിർമാണം പൂർത്തിയാകും. തുറന്നു കൊടുത്ത ഭാഗങ്ങളിൽ ഇനി ഇരുഭാഗത്തേക്കും ട്രാഫിക് അനുവദിക്കണോയെന്നും അപകടം ഒഴിവാക്കാൻ എന്തൊക്കെ ക്രമീകരണം വേണമെന്നും പൊലീസാണു തീരുമാനിക്കേണ്ടത്– കെആർഎഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.
പൂർത്തിയാകാത്ത റോഡിൽ ‘ഷോ’
നിർമാണം പൂർത്തിയാകാത്ത മാനാഞ്ചിറ – മലാപ്പറമ്പ് 4 വരിപ്പാതയാണ് ഇന്നലെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതും റോഡ് ഷോ നടത്തിയതും.
5.320 കിലോമീറ്റർ പാതയുടെ ഒരട്ടി ടാറിങ് ഇനിയും പൂർണമായി നടത്താനുണ്ട്. നിലവിൽ പാതയും കോൺക്രീറ്റ് നടപ്പാതയും തമ്മിൽ പലയിടത്തും ഒരടിയിലധികം ഉയരവ്യത്യാസമുണ്ട്.
ചെറിയ വാഹനങ്ങൾക്ക് റോഡിലേക്കിറങ്ങാനും കയറാനും ബുദ്ധിമുട്ടുണ്ട്. മലാപ്പറമ്പ് ഭാഗത്തു മാത്രമാണ് മീഡിയൻ നിർമാണം അൽപമെങ്കിലും നടന്നത്.
എരഞ്ഞിപ്പാലത്ത്, മീഡിയന്റെ ഭാഗത്ത് മണ്ണിട്ടിട്ടുണ്ടെന്നു മാത്രം. എരഞ്ഞിപ്പാലത്തു നിന്നു മാനാഞ്ചിറ വരെ, മീഡിയൻ വരേണ്ട
ഭാഗം ഒരടിയോളം കുഴിഞ്ഞു കിടക്കുകയാണ്. ബൈക്ക് അടക്കമുള്ള ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യതയേറെയാണ്.
നിർമിച്ച മീഡിയനിൽ റിഫ്ലക്ടറുകൾ ഇല്ലാത്തതിനാൽ, ഞായറാഴ്ച രാത്രി സിവിൽ സ്റ്റേഷനു സമീപത്ത്, ഒരു കാർ മീഡിയനിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാകുകയും ചെയ്തു.
പൂർത്തിയാകാതെ ഓവുചാലും ഡക്റ്റും
കോൺക്രീറ്റിൽ നിർമിച്ച യൂട്ടിലിറ്റി ഡക്റ്റും ചേർന്നുള്ള ഓവുചാലും എരഞ്ഞിപ്പാലം ജംക്ഷനിൽ അടക്കം പൂർത്തിയായിട്ടില്ല. ഡക്റ്റിന്റെയും മഴവെള്ളച്ചാലിന്റെയും നിർമാണവും നടക്കുന്നതേയുള്ളു.
ഇതിനു മുകളിൽ കോൺക്രീറ്റ് സ്ലാബിടുന്ന പ്രവൃത്തിയാകട്ടെ, ചില ഭാഗങ്ങളിൽ മാത്രമാണു പൂർത്തിയായത്. മറ്റിടങ്ങളിലെല്ലാം ഡക്റ്റും ഓവുചാലും തുറന്നുകിടക്കുകയാണ്.
ഇതിൽ പല തരത്തിലുള്ള മാലിന്യങ്ങളുണ്ടെന്നു മാത്രമല്ല, ശുദ്ധജല പൈപ്ലൈനുകളിൽ നിന്നുള്ള വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. കോൺക്രീറ്റ് നിർമിതികളുടെ ഗുണനിലവാരത്തെ പറ്റിയും ജനങ്ങൾ ആക്ഷേപം ഉയർത്തുന്നു.
വേണ്ട സാവകാശം നൽകാതെ, ഉദ്ഘാടനത്തിനായി ധൃതിയിൽ പ്രവൃത്തി ചെയ്തതു ഗുണനിലവാരത്തെ ബാധിക്കുമെന്നും പരാതിയുണ്ട്.
നിയന്ത്രണമില്ലാതെ ജംക്ഷനുകളും യു ടേണുകളും
പാതയിലെ ജംക്ഷനുകളിലും യു ടേണുകളിലും ഇപ്പോൾ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണ്.
ജംക്ഷനുകളിൽ ഏതു ഭാഗത്തു നിന്നും വാഹനങ്ങൾ കയറി, നാലുവരിപ്പാതയുടെ ഏതു ഭാഗത്തു കൂടിയും തലങ്ങും വിലങ്ങും വേഗത്തിൽ പോകുന്ന സ്ഥിതിയുണ്ട്. ജംക്ഷൻ സിഗ്നലുകൾ ഒന്നുപോലുമായിട്ടില്ല.
ഇത്, വാഹന യാത്രക്കാർക്കു മാത്രമല്ല, റോഡ് കുറുകെ കടക്കുന്നവർക്കും അപകട ഭീഷണി ഉയർത്തുന്നു.
റോഡ് നാലുവരിയാക്കിയെങ്കിലും ഇപ്പോഴും ഒരു വശത്തേക്കു മാത്രമാണു വാഹനങ്ങൾ പോകാൻ അനുവദിച്ചിരിക്കുന്നത്. പലയിടത്തും റിബണുകൾ കെട്ടിയിട്ടുണ്ടെങ്കിലും വാഹന യാത്രക്കാർ അതൊന്നും ഗൗനിക്കുന്നില്ല.
അലക്ഷ്യമായിട്ടിരിക്കുന്ന നിർമാണ സാമഗ്രികളും അപകട ഭീഷണി ഉയർത്തുന്നു.
പാതയോരത്തെ വിളക്കുകൾ ആയിട്ടില്ലെന്നതു രാത്രി അപകടമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. വൈദ്യുതി ലൈനുകളും കേബിൾ ലൈനുകളും ഇപ്പോഴും പൂർണമായി മാറ്റി സ്ഥാപിച്ചിട്ടില്ല.
വീതി കൂട്ടുന്നതിനുള്ള മരം മുറി പോലും കഴിഞ്ഞിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

