തൃശൂർ ∙ ഈ വനിതാദിനം ഒല്ലൂക്കര കേളാണ്ടത്ത് വീട്ടിൽ നാഹിദ മുഹമ്മദിനും മകൾ യിഷിത യരിത്സയ്ക്കും അൽപം സ്പെഷലാണ്. നീണ്ട
15 മാസത്തെ കാത്തിരിപ്പിനൊടുവിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരിച്ചുകിട്ടിയ സന്തോഷം.
വെറുതേ കിട്ടിയതല്ല, ഓടിനടന്ന് അമ്മയും മകളും തിരിച്ചുപിടിച്ചതാണ് ആ സന്തോഷം. ഒരു ഫോൺ തിരിച്ചുകിട്ടിയതിന് ഇത്രയും സന്തോഷമോ? തിരികെ കിട്ടിയ ഫോണിൽ നഷ്ടപ്പെട്ടാതെ കിടന്ന തന്റെയും മകളുടെയും ചിത്രങ്ങൾ മാത്രം കണ്ടാൽ മതി ആ സന്തോഷത്തിന്റെ ഇരട്ടിപ്പിനെന്ന് നാഹിദ പറയുന്നു.
2024 ഡിസംബർ 12ന് മകളുമൊത്ത് കറങ്ങാൻ നഗരത്തിലെത്തിയ സമയത്താണു ബാഗിലുണ്ടായിരുന്ന ഫോൺ നഷ്ടപ്പെട്ടത്. വിളിക്കുമ്പോഴെല്ലാം ഫോൺ റിങ് ചെയ്തെങ്കിലും ആരും എടുത്തില്ല. ഈസ്റ്റ് സ്റ്റേഷനിലും പിന്നീട് സൈബർ സെല്ലിലും പരാതി നൽകി. ഇതിനിടെ ഫോൺ സ്വിച്ച് ഓഫും ആയി.
അന്ന് സമീപമുണ്ടായിരുന്ന ഒരു നാടോടി സംഘത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ കാണുകയും അക്കാര്യങ്ങൾ പൊലീസിനോടു ധരിപ്പിക്കുകയും ചെയ്തിരുന്നു. സിഇഐആർ (സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ) പോർട്ടലിൽ റജിസ്റ്റർ ചെയ്തു.
ഫോണിൽ ആരെങ്കിലും മറ്റൊരു സിം ഇട്ടാൽ റജിസ്റ്റർ ചെയ്ത നമ്പറിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനമാണിത്. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനെ പലതവണ നേരിൽകണ്ട് നടപടികൾ വേഗത്തിലാക്കാൻ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ മകളെയും കൂട്ടിച്ചെന്ന് തങ്ങൾക്ക് എങ്ങനെയെങ്കിലും ഫോൺ തിരിച്ചുതരണമെന്ന് നാടോടി സ്ത്രീയോട് അപേക്ഷിച്ചു.
5000 രൂപ തന്നാൽ തരാമെന്നായിരുന്നു മറുപടി.
ഫോൺ കാണിച്ചുതന്നാൽ പണം കൈമാറാമെന്നു പറഞ്ഞതോടെ, ഫോൺ ഇപ്പോൾ കൈവശമില്ലെന്ന് സംഘത്തിലൊരാൾ പറഞ്ഞു. നഷ്ടപ്പെട്ട
ഫോണിലെ രണ്ടാമത്തെ സിമ്മിന്റെ ഡ്യൂപ്ലിക്കറ്റ് എടുത്ത് അതിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്തത് കൊച്ചിയിലാണെന്നു പിന്നീട് സൈബർ സെൽ ട്രാക്ക് ചെയ്തു. തുടർന്ന് കൊച്ചിയിലും പൊലീസിനു പരാതി നൽകി.
എന്നാൽ നിസാർ എന്നയാളുടെ പക്കൽ നിന്ന് സിം മാത്രമാണ് കണ്ടെത്താനായത്.
ഫോൺ തൃശൂരിൽ അലഞ്ഞുതിരിയുന്ന തമിഴ്നാട്ടുകാരനായ ഒരു മഹേഷിന്റെ കയ്യിലാണെന്ന് നിസാറിൽ നിന്ന് കൊച്ചി പൊലീസ് മനസ്സിലാക്കി. വീണ്ടും തൃശൂരിലെത്തി പരാതി നൽകി.
തൃശൂരിലെ ഒരാശ്രമത്തിൽ ഇയാൾ ഉച്ചഭക്ഷണത്തിന് എത്താറുണ്ടെന്ന് അറിഞ്ഞ് നാഹിദ അവിടെ എത്തിയും അന്വേഷിച്ചു.
ഫോട്ടോ സംഘടിപ്പിച്ച് കൈമാറിയപ്പോൾ അങ്ങനെ ഒരാളെ അറിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. നഷ്ടപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോൾ കോയമ്പത്തൂരിൽ വച്ച് ഓൺ ആയ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയി.
ഒന്നും ഫലം കാണാത്തതിൽ മനംനൊന്ത് സിറ്റി പൊലീസ് കമ്മിഷണറെ നേരിൽക്കണ്ട് പരാതി നൽകിയതോടെ ആണ് അന്വേഷണം അൽപം കൂടി ഊർജിതമായത്. നഷ്ടപ്പെട്ട
ഫോണിലെ സിം ഉപയോഗിച്ച് വിളിച്ച കോളുകളുടെ മുഴുവൻ ഹിസ്റ്ററിയും പൊലീസ് ശേഖരിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ ‘തനതു’ ഫോൺ അന്വേഷണം നാഹിദയും മകളും നിരാശയോടെ നിർത്തി. ഒടുവിൽ ദിവസങ്ങൾക്കു മുൻപ് ഫോണിലേക്ക് കേരള പൊലീസ് അടിയന്തര അറിയിപ്പ് എന്ന സന്ദേശമെത്തി: ‘സിഇഐആർ പോർട്ടലിൽ നിങ്ങൾ റജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ നഷ്ടപ്പെട്ട
മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഉടൻ പരാതി നൽകിയ സ്റ്റേഷനുമായി ബന്ധപ്പെടുക’.
അങ്ങനെ 2 ദിവസം മുൻപ് നാഹിദയും മകളും ചേർന്ന് നഷ്ടപ്പെട്ട ഫോണിൽ ഒളിപ്പിച്ച തങ്ങളുടെ ‘സന്തോഷം’ തിരികെപ്പിടിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

