പത്തനംതിട്ട ∙ കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ, കഴിഞ്ഞ ദിവസം അന്തരിച്ച പ്രഫ ഒ.എ ചെറിയാന്റെ (96) വേർപാടിലൂടെ ജില്ലയ്ക്കു നഷ്ടമാകുന്നത് ഉന്നതവിദ്യാഭ്യാസ ഭൂപടത്തിൽ കോഴഞ്ചേരിയെയും തിരുവല്ലയെയും പ്രതിഷ്ഠിച്ച ദീർഘദർശിയായ വിദ്യാഭ്യാസ വിദഗ്ധനെ.
മാറ്റങ്ങളുടെ കാറ്റിൽ ഉലഞ്ഞ എൺപതുകളിൽ അച്ചടക്കത്തിലും മൂല്യബോധത്തിലും വിദ്യാർഥികളെ ഉറപ്പിക്കുന്നതിൽ പ്രഫ. ചെറിയാൻ ഉൾപ്പെടെയുള്ള അധ്യാപകർ നൽകിയ നേതൃത്വം അന്നത്തെ വിദ്യാർഥി സമൂഹം ഇന്നും ആദരവോടെ ഓർമിക്കുന്നു.
കോഴഞ്ചേരി കോളജിൽ മാർക്ക് 3 അംബാസഡർ കാറിൽ രാജകീയമായി വന്നിറങ്ങുന്ന പ്രിൻസിപ്പൽ അന്നത്തെ വലിയൊരു കാഴ്ചയായിരുന്നു.
പട്ടാള വേഷത്തിൽ സല്യൂട്ടോടെ സ്വീകരിക്കുന്ന വിമുക്തഭടനായ ഉദ്യോഗസ്ഥൻ. എൺപതുകളുടെ തുടക്കത്തിലെ സമരതീഷ്ണമായ ക്യാംപസുകളിൽ അന്ന് അത് ആദരവും ബഹുമാനവും ജനിപ്പിച്ചു.
കൃത്യം എട്ടുമണിക്ക് കാറിന്റെ കൊടിയടയാളം കാണുമ്പോഴേ ക്യാംപസ് ഒന്നു പരുങ്ങും. അദ്ദേഹം എത്തുന്നതോടെ ഓഫിസും സജീവമാകും.
ഇന്നത്തെ ക്യാംപസല്ല. പ്രീഡിഗ്രിക്കാർ ഉൾപ്പെടെ മൂവായിരത്തിലധികം വിദ്യാർഥികളുടെ സാന്നിധ്യം കൊണ്ട് ശബ്ദമുഖരിതമാണ് ഓരോ ഇടനാഴികളും.
പ്രിൻസിപ്പൽ രാവിലെ എല്ലാം ക്ലാസുകൾക്കു മുൻപിലൂടെയും റോന്തുചുറ്റും. ചിലയിടങ്ങളിൽ മിന്നൽ പരിശോധന .
സമരത്തിന്റെ കോളിളക്കം കണ്ടാൽ അവർക്കിടയിലേക്കു പാഞ്ഞുകയറും. മിക്ക പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കും.
കോളജ് യൂണിയൻ ഉദ്ഘാടന സമയത്തും മറ്റും ഓഡിറ്റോറിയത്തിൽ വിശിഷ്ടാതിഥികൾക്കു മുന്നിൽ അലമ്പ് ഉണ്ടാക്കാനായി മാത്രം നുഴഞ്ഞു കയറുന്നവരെ വേദിയിലിരുന്നു തന്നെ നിരീക്ഷിക്കും.
വേദിവിട്ട് ആരുമറിയാതെ അവർക്കിടയിലേക്കു തന്ത്രപൂർവം കയറും. ചിലർ അപ്പോൾ സ്വയം പിൻവാങ്ങും.
ചിലരെ കയ്യോടെ പിടിക്കും. തീരെ രക്ഷയില്ലാത്തവർക്കു നേരെ മാത്രം അച്ചടക്ക നടപടിയുടെ വടിയെടുക്കും.
ഏതാനും ദിവസം കഴിയുന്നതോടെ ക്ഷമയുടെ ഇതളുകൾ വിരിയും. ക്യാംപസ് വീണ്ടും സ്നേഹസാഗരമാകും.
പ്രിൻസിപ്പൽ പദവിയിലൂടെ എങ്ങനെ കുട്ടികൾക്കു മാതൃകയാകാമെന്ന് പ്രഫ ചെറിയാൻ അധ്യാപക സമൂഹത്തെ പഠിപ്പിച്ചു. പിതാവ് റിട്ട.
റജിസ്ട്രാർ കുമ്പനാട് പുറമറ്റം മുണ്ടമല ഊര്യപടിക്കൽ ഒ. സി ഏബ്രഹാമിന്റെ നേതൃഗുണമത്രയും മകനിൽ പ്രകടമായിരുന്നു.
പെരുമ്പാവൂർ ആശ്രമം സ്കൂൾ, എസ് ബി കോളജ്,മധുര അമേരിക്കൻ കോളജ്,അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അധ്യാപകനായി ചേർന്ന പ്രഫസറെ 1952 ൽ തുടക്കമിട്ട
തിരുവല്ല മാർത്തോമ്മാ കോളജിലേക്കു ക്ഷണിച്ചത് പിൽക്കാലത്ത് അലക്സാണ്ടർ മാർത്തോമ്മാ ആയ ആദ്യ പ്രിൻസിപ്പൽ റവ. എം.
ജി ചാണ്ടിയാണ്.
1953 ൽ കോളജിൽ ചേർന്ന പ്രഫ ചെറിയാൻ 1979ലാണ് സഭയുടെ തന്നെ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ പ്രിൻസിപ്പലായി നിയമിതനാകുന്നത്. 1990 ൽ 60–ാം വയസ്സിൽ വിരമിക്കുമ്പോൾ യുജിസി ലഭിക്കാത്ത അപൂർവ പ്രിൻസിപ്പൽമാരുടെ ഗണത്തിലായിരുന്നു.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ നിർമാണകാലത്ത് പി. സി.തോമസ് എംഎൽഎയ്ക്കൊപ്പം കുവൈത്തിൽ പോയി ധനശേഖരണം നടത്തുന്നതിനും നേതൃത്വം നൽകി.
എൺപതുകളിൽ തന്നെ സെന്റ് തോമസ് കോളജിനെ കേരളത്തിലെ മികച്ച 18സ്പെഷൽഗ്രേഡ് കോളജുകളിൽ ഒന്നാക്കി മാറ്റുന്നതിനു കഴിഞ്ഞു. പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.
വിരമിച്ച ശേഷം കോട്ടയം സിഎംഎസ് കോളജ് ക്യാംപസിലെ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ സെന്റർ മേധാവിയായി പ്രവർത്തിച്ചു. ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ സംഘടനാ ദേശീയ സമിതിയിലും ഏറെക്കാലം പ്രവർത്തിച്ചു.
സംസ്കാരം 9ന് (തിങ്കൾ) 2 മണിക്ക് കുമ്പനാട് പൈങ്ങലോടി ബഥേൽ മാർത്തോമ്മാ പള്ളിയിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

