പ്യോങ്യാങ്: ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ, അങ്ങകലെ കൊറിയൻ കടലിടുക്കിൽ ഇതൊക്കെ എന്ത് എന്ന മട്ടിൽ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് കിം ജോങ് ഉൻ. വെറുതെ നിൽക്കുകയല്ല, തന്റെ പുത്തൻ പടക്കപ്പലിൽ നിന്ന് മിസൈലുകൾ പായുന്നത് കണ്ട് ആസ്വദിക്കുകയാണ് കക്ഷി.
പശ്ചിമേഷ്യയിലെ മിസൈൽ മഴ കണ്ട് കൈതരിച്ച കിം, ഉത്തരകൊറിയയുടെ സൈനികശക്തി ഒന്നുകൂടി രാകിമിനുക്കാൻ നേരിട്ട് കളത്തിലിറങ്ങിയതാണ് പുതിയ വിശേഷം. 5000 ടൺ ഭാരമുള്ള ച്യോ ഹ്യോൻ എന്ന ഭീമൻ പുത്തൻ പടക്കപ്പലിൽ നിന്നാണ് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്.
കടലിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഈ മിസൈലുകൾക്ക് ലക്ഷ്യം തെറ്റില്ലെന്നാണ് കിമ്മിന്റെ അവകാശവാദം. നാംപോ ഷിപ്പ്യാർഡിൽ നേരിട്ടെത്തിയ കിം ജോങ് ഉൻ കപ്പലിന്റെയും മിസൈലിന്റെയും പ്രകടനം കണ്ട് ഏറെ സംതൃപ്തനായി.
രാജ്യത്തിന്റെ സമുദ്ര പരമാധികാരം സംരക്ഷിക്കുന്നതിൽ കഴിഞ്ഞ 50 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണിതെന്നാണ് കിമ്മിന്റെ സർട്ടിഫിക്കറ്റ്. കപ്പലുകൾക്ക് മാത്രമല്ല, നാവികസേനയ്ക്കും ആണവായുധങ്ങൾ നൽകാനുള്ള പണി പുരോഗമിക്കുകയാണെന്ന് കിം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇനി കടലിനടിയിൽ നിന്നും മുകളിൽ നിന്നും ഒരേപോലെ പ്രഹരമേൽപ്പിക്കുമെന്ന് ചുരുക്കം. 2025 മേയിൽ മറ്റൊരു യുദ്ധക്കപ്പൽ നീറ്റിലിറക്കിയപ്പോൾ ഉണ്ടായ വലിയൊരു പണി കിമ്മിന്റെ ഓർമ്മയിലുണ്ട്.
അന്ന് കപ്പൽ അപകടത്തിൽപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരെ ക്രിമിനലുകൾ’ എന്ന് വിളിച്ച് കിം ചൂടായിരുന്നു. ആ നാണക്കേട് മാറ്റാൻ കൂടിയാണ് ഇത്തവണ എല്ലാ പരീക്ഷണങ്ങളും കിം നേരിട്ട് കണ്ട് ബോധ്യപ്പെട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

