ഭീകരതയ്ക്ക് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് ഇസ്രയേലും യുഎസും ഇറാനിൽ ‘ഓപറേഷൻ ലയൺ റോർ’ തുടങ്ങിയതോടെ രാജ്യാന്തര തലത്തിൽ സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക. ഇന്ന് പ്രധാന വിപണികളെല്ലാം അവധിയാണ്. അടുത്ത ദിവസങ്ങളിൽ വിപണി തുറക്കുമ്പോൾ സൈനിക നടപടിയുടെ പ്രതിഫലനങ്ങളുണ്ടാകും.
ഈ സാഹചര്യത്തിൽ സാമ്പത്തിക മേഖലയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ആണവ പരീക്ഷണം അവസാനിപ്പിക്കാൻ കരാറിന് നിരവധി തവണ ശ്രമിച്ചെങ്കിലും ഇറാൻ തയാറായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ല. ഇറാനെ തകർക്കാനുള്ള വലിയ സൈനിക നടപടി ആരംഭിച്ചു.
കീഴടങ്ങുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ക്രൂഡ് വില 100 കടക്കും
മധ്യേഷ്യയിൽ യുദ്ധമുണ്ടായാൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിലേക്ക് കുതിക്കുമെന്ന് നേരത്തെ തന്നെ അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം ഉയർന്നിരുന്നു.
നിലവിൽ ഇറാൻ ക്രൂഡ് ഓയിൽ ഔദ്യോഗികമായി രാജ്യാന്തര വിപണിയിലേക്ക് വരുന്നില്ലെങ്കിലും ഹോർമുസ് കടലിടുക്ക് നിർണായകമാകും.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തോളവും നടക്കുന്നത് ഇതുവഴിയാണ്. യുഎസ് ആക്രമണമുണ്ടായാൽ ഹൊർമൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
സാമ്പത്തികമായി ഇറാനെയും നീക്കം ബാധിക്കും. ഷാഡോ ഫ്ളീറ്റ് ഉപയോഗിച്ച് പോലും ഇറാന് ക്രൂഡ് ഓയിൽ വ്യാപാരം ചെയ്യാനാവില്ല.
ഇത് ഖമനയി സർക്കാരിന്റെ തുടർ നീക്കങ്ങളെയും ബാധിച്ചേക്കും.
തിരിച്ചടി ഇന്ത്യയ്ക്കും
ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യ അടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കും തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 89 ശതമാനവും ഇന്ത്യ ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നതെന്നാണ് ഏറ്റവും പുതിയ കണക്ക്.
വില വർധിക്കുന്നതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിക്കും. ഇത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകും.
ഓഹരി വിപണിയിലും തിരിച്ചടി
ലോകത്ത് എവിടെ യുദ്ധമുണ്ടായാലും അത് ഇന്ത്യൻ വിപണിയിലും അനുഭവപ്പെടുന്നത് പതിവാണ്.
നേരിട്ട് ബന്ധമില്ലെങ്കിൽ കൂടി റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോഴും ഇന്ത്യൻ വിപണി ഇടിവ് നേരിട്ടിരുന്നു. മധ്യേഷ്യയിലുണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ വിപണിയെ ബാധിക്കാൻ സാധ്യതയുണ്ട്.
എന്നാൽ വലിയ നഷ്ടത്തിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒരുപക്ഷേ യുഎസ്, ഇസ്രയേല്‍ പക്ഷത്ത് വലിയ നാശനഷ്ടം ഉണ്ടായാൽ രാജ്യാന്തര തലത്തിൽ വിപണികൾ കുത്തനെ ഇടിയുമെന്നും വിദഗ്ധർ പറയുന്നു.
അങ്ങനെ വന്നാൽ ഇന്ത്യൻ വിപണിയും വലിയ നഷ്ടത്തിലേക്ക് പോയേക്കാം.
സ്വർണം 6,000ത്തിലേക്ക്
യുഎസ് – ഇറാൻ സംഘർഷ സാധ്യത ഉണ്ടാകുമെന്ന ആശങ്കയിൽ വെള്ളിയാഴ്ച രാജ്യാന്തര വിപണിയിലെ സ്വര്‍ണവില ഔൺസിന് 5,278 ഡോളറിൽ എത്തിയിരുന്നു. വിപണിയിൽ വ്യാപാരം പുനരാരംഭിക്കുമ്പോൾ വില കുതിച്ചുയരും. വില ഇക്കൊല്ലം തന്നെ 6,300 ഡോളർ കടക്കുമെന്നാണ് ജെപി മോർഗൻ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനം.
നിലവിൽ 1.25 ലക്ഷം രൂപയോളമെത്തി നിൽക്കുന്ന കേരളത്തിലെ സ്വർണ വില ഒന്നര ലക്ഷം രൂപ കടന്നു കുതിക്കാനും സാധ്യതയുണ്ട്.
പക്ഷേ ആക്രമണമുണ്ടായാൽ മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് തിരിച്ചടി നൽകുമെന്ന ഇറാന്റെ ഭീഷണിയാണ് പ്രധാന ആശങ്ക. ഇതിനോടകം ബഹറിൻ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടുത്തെന്നാണ് വിവരം.
ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല. മേഖലയിൽ 19 സൈനിക കേന്ദ്രങ്ങളാണ് യുഎസിനുള്ളത്. 2025ൽ ഖത്തറിലെ അൽ ഉദൈദ് സൈനിക കേന്ദ്രത്തിലും ഇറാൻ ആക്രമണം നടത്തിയിരുന്നു.
മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള പ്രദേശമാണിത്.
ഇവിടെ പ്രതിസന്ധിയുണ്ടാകുന്നത് സ്വാഭാവികമായും ഇന്ത്യക്കും പ്രത്യേകിച്ച് കേരളത്തിനും സാമ്പത്തികമായി തിരിച്ചടിയാണ്. നിലവിലെ പ്രതിസന്ധി ഗുരുതരമാകാതെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലോകം. Updating… ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

