കൽപറ്റ ∙ 8 സെന്റിൽ 1060 ചതുരശ്ര അടിയിൽ 3 കിടപ്പുമുറികൾ, 2 ശുചിമുറികൾ, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക് പാകിയ മുറ്റം, മുൻവശത്ത് 7 മീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് വീടുകൾ കൈമാറുന്നത്. സിറ്റൗട്ടിൽ നിന്ന് നേരെ ലിവിങ് റൂമിലേക്കാണു പ്രവേശനം.
ഒരു കിടപ്പുമുറിക്കൊപ്പം തന്നെ ശുചിമുറി സൗകര്യമുണ്ട്. മറ്റു രണ്ടു കിടപ്പുമുറികൾക്ക് പൊതുശുചിമുറിയാണ്.
3 വശവും കല്ലുകൊണ്ടു കെട്ടിയ ചുറ്റുമതിലുണ്ട്. വീടുകൾക്കെല്ലാം ഗെയ്റ്റും സ്ഥാപിച്ചു.
വീട്ടുമുറ്റത്ത് പൂന്തോട്ടം നിർമിക്കാനും സൗകര്യമുണ്ടാകും.
5 മീറ്റർ വീതിയിലുള്ള ഇടറോഡുകളും പദ്ധതി പ്രദേശത്തുണ്ട്. ഗുണമേന്മയുള്ള ചെങ്കല്ല് ഉപയോഗിച്ചാണു വീടുനിർമാണം.
ടൈലുകൾ, ബാത്റൂം ഫിറ്റിങ്സുകൾ, വാതിൽ–ജനൽപ്പാളികൾ, മേൽക്കൂരയിലെ ഓടുകൾ എന്നിവയെല്ലാം ഗുണനിലവാരമുള്ളതാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്.
വീടുകൾക്കൊപ്പം ഫർണിച്ചറും മുസ്ലിം ലീഗ് നൽകുന്നുണ്ട്. ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമാണം പൂർത്തീകരിച്ചത്.
സർക്കാരിന്റെ ഗുണഭോക്തൃ പട്ടികയിലുണ്ടായിട്ടും കൽപറ്റയിലെ മാതൃകാ ടൗൺഷിപ്പിലെ വീട് വേണ്ടെന്നുവെച്ച് അപേക്ഷ നൽകിയവരെയാണു ഗുണഭോക്താക്കളായി പരിഗണിച്ചതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
മുസ്ലിം ലീഗ് നൽകുന്ന 105 വീടുകളിൽ ആദ്യഘട്ടത്തിൽ കൈമാറുന്നത് 51 എണ്ണമാണ്. മേപ്പാടി പഞ്ചായത്തിൽ മുട്ടിൽ–മേപ്പാടി സംസ്ഥാനപാതയോടു ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോട് ആണു മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയൊരുങ്ങുന്നത്.
കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഭവന സമുച്ചയത്തിൽ ഉണ്ടാകും.
അങ്കണവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. ശിവക്ഷേത്രവും ക്രിസ്ത്യൻ പള്ളിയും മസ്ജിദുകളും സാംസ്കാരിക കേന്ദ്രങ്ങളും സമീപത്തുണ്ട്.
മേപ്പാടിയിൽനിന്ന് 5 കിലോമീറ്ററും മുട്ടിൽ ടൗണിൽനിന്ന് 4 കിലോമീറ്ററും സഞ്ചരിച്ചാൽ പദ്ധതിപ്രദേശത്തെത്താം. മേപ്പാടി പഞ്ചായത്തിൽ തന്നെ വീടുകൾ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണു വെള്ളിത്തോട് പ്രദേശത്ത് 11.5 ഏക്കർ ഭൂമി 14,13,21,438 രൂപ ചെലവഴിച്ച് മുസ്ലിം ലീഗ് വാങ്ങിയത്.
പദ്ധതി പ്രദേശത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ സിബിഎസ്ഇ സ്കൂൾ അടക്കം 3 ഹയർ സെക്കൻഡറി സ്കൂളും രണ്ട് ഹൈസ്കൂളുകളുമുണ്ട്.
10 കിലോമീറ്റർ പരിധിയിലാണ് വിനോദസഞ്ചാര കേന്ദ്രമായ കാരാപ്പുഴ ഡാം. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

