ആറളം ∙ ‘‘കലക്ടർ വരാതെ ഈ മൃതദേഹം ഇവിടെ നിന്നെടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല. കഴിഞ്ഞ വർഷം 13–ാം ബ്ലോക്കിൽ വെള്ളിയും ലീലയും ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടപ്പോൾ മന്ത്രിവന്നു നൽകിയ ഒരുറപ്പും പാലിച്ചില്ല.
ഇനിയും ആദിവാസികളെ പറഞ്ഞുപറ്റിക്കാമെന്നു കരുതണ്ട. കലക്ടർ തന്നെ വരണം.
ഇല്ലാതെ ഞങ്ങൾ ഇവിടെ നിന്നെഴുന്നേൽക്കില്ല’’– പൊരിവെയിലിലും അണയാത്ത ആവേശത്തോടെ ആറളത്തെ ആദിവാസികൾ ഒന്നടങ്കം രോഷത്തോടെ പറഞ്ഞപ്പോൾ ഒരു രാഷ്ട്രീയനേതാവിനും പൊലീസ്–വനം–റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കും മറുപടിയുണ്ടായിരുന്നില്ല. അനീഷ് കൊല്ലപ്പെട്ട
സംഭവം രാവിലെത്തന്നെ ഉദ്യോഗസ്ഥർ ജില്ലാ കലക്ടർ അരുൺ കെ.വിജയനെ അറിയിച്ചിരുന്നു. എന്നാൽ മൃതദേഹം എത്തുന്നതിനു അരമണിക്കൂർ മുൻപ് മാത്രമേ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയുള്ളൂ.
ഇരിട്ടി തഹസിൽദാർ മഞ്ജു സ്ഥലത്തെത്തിയെങ്കിലും മൃതദേഹവുമായി പ്രതിഷേധിക്കുന്നവരോട് സംസാരിക്കാൻ ആദ്യം തയാറായില്ല.
3.45ന് ആണ് മൃതദേഹം കോട്ടപ്പാറ ഇഞ്ചിമുക്കിൽ എത്തിയത്. ആദിവാസി നേതാവ് സി.കെ.ജാനു, എം.ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം ആദിവാസികൾ 3 മണിയോടെ റോഡ് ഉപരോധിക്കാൻ തുടങ്ങിയിരുന്നു.
മന്ത്രിമാരും ഉദ്യോഗസ്ഥരും വാക്കുപറഞ്ഞു പറ്റിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം മുഴുവൻ. മൃതദേഹവുമായി എത്തിയ ആംബുലൻസ് പ്രതിഷേധക്കാർ റോഡിൽ തടഞ്ഞിട്ടു.
കലക്ടർ വന്നു തങ്ങളോടു സംസാരിക്കാതെ മൃതദേഹം ഇറക്കാൻ സമ്മതിക്കില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ആറളം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ.കെ.പി.നിധീഷ്കുമാർ, ഇരിട്ടി തഹസിൽദാർ മഞ്ജു എന്നിവരൊക്കെ കലക്ടറെ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കലക്ടർ വരാതെ തങ്ങൾ പിൻമാറില്ലെന്ന് സമരക്കാർ ഉറപ്പിച്ചു പറഞ്ഞു.
മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയ രാഷ്ട്രീയ നേതാക്കളൊക്കെ ഇതോടെ സ്ഥലംവിട്ടു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും സമരക്കാർ പിന്തിരിയുന്നില്ലെന്നു കണ്ടതോടെയാണ് കലക്ടർക്കു പകരം തളിപ്പറമ്പ് ആർഡിഒ സി.വി.പ്രകാശൻ എത്തുമെന്ന സന്ദേശം ലഭിക്കുന്നത്.കലക്ടർ എത്തിയില്ലെങ്കിൽ അനീഷിന്റെ മൃതദേഹവുമായി കലക്ടറേറ്റിലേക്കു പോകാൻ പ്രതിഷേധക്കാർ തീരുമാനിച്ചതോടെ സി.കെ.ജാനു, ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ എന്നിവർ അവരെ അനുനയിപ്പിച്ചു.
ആറളം പുരനധിവാസ മിഷൻ ചെയർമാൻകൂടിയാണ് കലക്ടർ അരുൺ കെ.വിജയൻ.
കലക്ടർക്ക് മറ്റൊരു യോഗത്തിൽ പങ്കെടുക്കാനുണ്ടായതുകൊണ്ടാണ് എത്താത്തതെന്നും അതുകൊണ്ടാണ് ആർഡിഒയെ പ്രതിനിധിയായി അയച്ചതെന്നും പ്രതിഷേധക്കാരോടു പറഞ്ഞു. 6.30ന് ആണ് ആർഡിഒ എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി തഹസിൽദാർ മഞ്ജു, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ എന്നിവരുടെ സാന്നിധ്യത്തിൽ സമരക്കാരുടെ ആവശ്യങ്ങൾ അദ്ദേഹം കേട്ടു. ഇവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തുടർന്നാണ് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയത്. മൃതദേഹം മൂന്നു മണിക്കൂറാണ് ആംബുലൻസിൽ കിടന്നത്.
ആർഡി അനീഷിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ആനപ്പേടിയിൽ ഉറക്കം ടെറസിൽ, എന്നിട്ടും…
∙ ‘‘ ആനയെ പേടിച്ച് അനീഷേട്ടനും അമ്പിളിച്ചേച്ചിയും മക്കളും രാത്രിയിൽ ടെറസിന്റെ മുകളിലായിരുന്നു കിടക്കാറുള്ളത്. രണ്ടുദിവസമായി മഴ പെയ്തപ്പോൾ താഴേക്കിറങ്ങിയതാണ്.
ഇന്നലെയും മഴ പെയ്യുമെന്നു പേടിച്ചാണു താഴെകിടന്നത്. ഒടുവിൽ പേടിച്ചതുപോലെ സംഭവിച്ചു’’– അനീഷിന്റെ മാതൃസഹോദരീപുത്രിയായ എ.വി.വിനീത സങ്കടത്തോടെ പറഞ്ഞു.
പുനരധിവാസ മേഖലയിലെ മിക്ക താമസക്കാരും ആനയെ പേടിച്ചു വീടിന്റെ ടെറസ്സിലാണ് കിടന്നുറങ്ങുന്നത്. കഴിഞ്ഞ 2 ദിവസമായി മേഖലയിൽ ചാറ്റൽ മഴ പെയ്തതിനാൽ അനീഷും കുടുംബവും ഉറക്കം വീട്ടിനുള്ളിലേക്കു മാറ്റിയതാണ് ദുരന്തത്തിനു വഴിവച്ചത്.
പുലർച്ചെ മകൻ ആദികൃഷ്ണയെ മൂത്രം ഒഴിപ്പിക്കാൻ വീടിന്റെ പിൻവശത്തു 20 മീറ്ററോളം മാറിയുള്ള ശുചിമുറിയിലേക്കു കൊണ്ടുപോകാനായി ഭാര്യ അമ്പിളിയെയും കൂടെ കൂട്ടി ഇറങ്ങിയപ്പോഴാണ് മോഴയാന പിന്തുടർന്നു പിടികൂടി നിലത്തടിച്ചു കൊന്നത്.
പൂമുഖത്തെ വാതിൽ തുറന്നു പുറത്തിറങ്ങിയത് അനീഷായിരുന്നു. അമ്പിളിയും ആദികൃഷ്ണയും മുറ്റത്തേക്ക് ഇറങ്ങാത്തതിനാലായിരുന്നു രക്ഷപ്പെടാൻ സാധിച്ചത്.
പുനരധിവാസ മേഖലയിൽ താമസക്കാർക്കായി ശുചുമുറി ഉൾപ്പെടെയുള്ള വീടുകൾ പണിതു നൽകാത്ത അവഗണനയും ദുരന്തത്തിനു കാരണമായി. ടിആർഡിഎം പണിത 2 മുറിവീട് ഉണ്ടെങ്കിലും ശുചിമുറി ഇതോടു ചേർന്നില്ല.
പുനരധിവാസ മേഖലയിൽ കാടു വെട്ടിത്തെളിക്കാത്തതും ആനയ്ക്ക് ഒളിത്താവളം ഒരുക്കി.
കോട്ടപ്പാറ ഇഞ്ചിമുക്കിൽ അനീഷിന്റെ വീട്ടിലേക്കു ഗതാഗത സൗകര്യവും ഇല്ല. മൃതദേഹം എടുത്താണ് റോഡിൽ എത്തിച്ചത്.
വീടിന് 25 മീറ്റർ അപ്പുറം വനതുല്യമായ കാടാണ്. 500 മീറ്റർ മാറി ആറളം വന്യജീവി സങ്കേതവും.‘‘ വീട്ടിലെ കരച്ചിൽ ആർആർടിക്കാർ റോഡിൽ കേൾക്കുന്നുണ്ടായിരുന്നു.
എന്നിട്ടും അവരാരും ഇങ്ങോട്ടുവന്നില്ല. ഒരു മണിക്കൂറോളം മൃതദേഹം മുറ്റത്തുകിടന്നു’’– വിനീത പറഞ്ഞു.
‘ ഇവിടെ രാത്രിമനുഷ്യർ മൂത്രം ഒഴിക്കുന്നത് ബക്കറ്റിൽ…
ഞങ്ങൾ ആദിവാസികൾ ആയതുകൊണ്ടാണല്ലൊ ഇങ്ങനെ മരിക്കേണ്ടി വരുന്നത്.
പകൽ പോലും പുറത്തിറങ്ങാൻ പറ്റില്ല. ഉച്ചകഴിഞ്ഞു 2 മണിക്ക് വെള്ളം എടുക്കാൻ പോയാലും ആനയുണ്ടാകും.
രാത്രി പുറത്തിറങ്ങാൻ പറ്റില്ല. ബക്കറ്റിൽ മൂത്രം ഒഴിച്ചുവച്ചു പുറത്തുകളയേണ്ട
സ്ഥിതിയാണ്. ഞങ്ങളുടെ നരകയാതന പുറംലോകത്തിനും അധികൃതർക്കും അറിയേണ്ടല്ലോ.
വീട് തന്നപ്പോൾ ശുചിമുറി ഒപ്പം നിർമിച്ചില്ല. 2 മാസം മുൻപ് അനീഷിന്റെ അച്ഛൻ സോമനെയും അനീഷിന്റെ മകൾ അനുഷയെയും ആന ഓടിച്ചിരുന്നു.’
എ.വി.വീനിത, അനീഷിന്റെ മാതൃസഹോദരീപുത്രി
ആർഡിഒ നൽകിയ ഉറപ്പുകൾ
∙ ആറളത്തെ ആനമതിൽ നിർമാണം മേയ് 31ന് അകം പൂർത്തിയാക്കും.
∙ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ അമ്പിളിക്ക് സർക്കാർ ജോലി നൽകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
∙ മക്കളായ അനിഷ, ആദികൃഷ്ണ എന്നിവരുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുന്ന കാര്യം അനുഭാവപൂർണം പരിഗണിക്കും. ∙ കുടുംബത്തിന്റെ നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു 5 ലക്ഷം രൂപ ഇന്ന് കൈമാറും.
∙ അനീഷിന്റെ ബന്ധുക്കൾ, ആറളത്തെ ആദിവാസിസംഘടനാ പ്രതിനിധികൾ എന്നിവരുമായുള്ള ജില്ലാകലക്ടറുടെ യോഗം മാർച്ച് 3ന് കലക്ടറേറ്റിൽ നടക്കും.
നഷ്ടപരിഹാരം ലഭിച്ചത് പകുതി മാത്രം
ആറളം പുനരധിവാസ മേഖലയിൽ 13–ാം ബ്ലോക്കിലെ കരിക്കൻമുക്കിൽ കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ട വെള്ളി, ലീല ദമ്പതികളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിച്ചത് പകുതി മാത്രം.
ആറളം പുനരധിവാസമേഖലയിൽ ആദിവാസികൾക്കു നൽകുന്നതെല്ലാം വാഗ്ദാനങ്ങൾ മാത്രമാണെന്നതിന്റെ ഒടുവിലത്തെ തെളിവാണിത്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ 10 ലക്ഷം രൂപയാണ് വനംവകുപ്പ് നഷ്ടപരിഹാരം നൽകുക.
ഇതിൽ വെള്ളിയുടെയും ലീലയുടെയും അഞ്ചുലക്ഷം രൂപ വീതമാണ് മക്കളായ ലക്ഷ്മി, ശ്രീധരൻ, വേണു, രവി എന്നിവരുടെ ബാങ്ക് അക്കൗണ്ടിലെത്തിയത്.2025 ഫെബ്രുവരി 23ന് ആണ് കശുവണ്ടി ശേഖരിച്ചു വരുമ്പോൾ വെള്ളി(80)യും ലീല(76)യും ആനയ്ക്കു മുന്നിൽപെട്ടത്. വൈകിട്ടാണ് രണ്ടുപേരുടെയും മൃതദേഹം ബന്ധുക്കൾ കണ്ടത്.
ഇത് വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു. അടുത്തദിവസം മൃതദേഹവുമായി 5 മണിക്കൂറാണ് ആദിവാസികൾ സമരം ചെയ്തത്.
ആദിവാസികളുടെ ജീവനും വിലയുണ്ടെന്ന് ഓർക്കണം: ആറളം പഞ്ചായത്ത് പ്രസിഡന്റ്
‘‘ നിങ്ങളെപ്പോലെയുള്ളവരെ പെരുവഴിയിലിട്ട് അയാൾ പൊത്തിനകത്ത് ഒളിച്ചിരിക്കുകയാണ്.
ഇവിടെയങ്ങനെ ഇത്രയധികം പൊലീസെത്തി? കലക്ടറും എസ്പിയും പറയാതെ വരുമോ? അവരൊക്കെ എവിടെപ്പോയി? ഇത് എന്തൊരു ന്യായം..’’. കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിഷേധ നിലപാടിൽ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ പൊട്ടിത്തെറിച്ചു.
കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, അംഗം റെയ്ഹാനത്ത് സുബി എന്നിവരുടെ നേതൃത്വത്തിലാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയത്.
മൃതദേഹവുമായി നാട്ടിലെത്തിയപ്പോൾ ശോഭ കാണുന്നത് റോഡിൽ പ്രതിഷേധിക്കുന്ന നാട്ടുകാരെയാണ്.
തങ്ങളുടെ ജീവനു സുരക്ഷ വേണമെന്ന് നാട്ടുകാർ ഒന്നടങ്കം ശോഭയോട് ആവശ്യപ്പെട്ടപ്പോൾ അവരും പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. ‘‘ കഴിഞ്ഞ ആഴ്ച കലക്ടറേറ്റിൽ യോഗം ചേർന്നപ്പോൾ ആറളത്തെ അവസ്ഥ ഞാൻ പറഞ്ഞപ്പോൾ കലക്ടറടക്കമുള്ള ഉദ്യോഗസ്ഥർ എന്നെ പരിഹസിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു വെള്ളി–ലീല ദമ്പതികൾ കൊല്ലപ്പെട്ടത്. ഈ വർഷവും ദുരന്തം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നു ഞാൻ പറഞ്ഞപ്പോഴാണ് എന്നെ പരിഹസിച്ചത്.
ഇനിയും ഇവിടെയൊരാൾ കൊല്ലപ്പെടാൻ പാടില്ല. ആദിവാസികളുടെ ജീവനും വിലയുണ്ടെന്ന് എല്ലാ ഉദ്യോഗസ്ഥരും ഓർക്കുന്നതു നല്ലതാണ്’’– ശോഭ പറഞ്ഞു.
അനീഷ് കൊല്ലപ്പെട്ട
സംഭവം വീഴ്ച അധികൃതരുടേതെന്ന് ഹൈക്കോടതി
കൊച്ചി ∙ കണ്ണൂരിലെ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ അനീഷ് ഇന്നലെ പുലർച്ചെ മരിച്ച സംഭവം മതിയായ സുരക്ഷ ഒരുക്കുന്നതിലുള്ള അധികൃതരുടെ വീഴ്ചയാണു കാണിക്കുന്നതെന്നു ഹൈക്കോടതിയുടെ വിമർശനം. ട്രൈബൽ റീഹാബിലിറ്റേഷൻ ആൻഡ് ഡവലപ്മെന്റ് മിഷൻ (ടിആർഡിഎം) മേഖലയിൽ താമസക്കാരനായിരുന്നു അനീഷ്.
മേഖലയിൽ താമസിക്കുന്ന ഗോത്രവിഭാഗത്തിൽപ്പെട്ടവർക്കു സുരക്ഷയൊരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്.
പ്രദേശവാസികൾക്ക് ജീവൻ നഷ്ടമാകുന്നത് പതിവായ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയടക്കം ഉദ്യോഗസ്ഥർ ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ഡോ. എ.കെ.
ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
മാർച്ച് രണ്ടിനു ഹർജി പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി, പട്ടിക വിഭാഗ വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ഓൺലൈനിൽ നേരിട്ടു ഹാജരാകണമെന്നു കോടതി നിർദേശിച്ചു.
ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ആറളം ഫാമിലും പരിസര പ്രദേശങ്ങളിലും സ്ഥിതി ഏറെ മോശമാണെന്ന് കോടതി പറഞ്ഞു.
നിസ്സഹായരായ ഗോത്രവിഭാഗക്കാർ താമസിക്കുന്ന ഇവിടെ മതിയായ സുരക്ഷയ്ക്കായുള്ള നടപടികൾക്ക് കോടതി മേൽനോട്ടം വഹിച്ചിട്ടും ഇതാണ് സ്ഥിതിയെങ്കിൽ മനുഷ്യ–മൃഗ സംഘർഷമുള്ള സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വിധിയോർക്കുമ്പോൾ ഞെട്ടുകയാണെന്നു കോടതി പറഞ്ഞു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട
ഹർജികളാണ് കോടതി പരിഗണിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

