ട്രംപ് താരിഫ് സൃഷ്ടിച്ച തിരിച്ചടികൾക്കിടയിലും പ്രതീക്ഷകള് മറികടന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർ. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളർന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്ക്.
7.2 ശതമാനം വളർച്ച നേടുമെന്നായിരുന്നു പല സാമ്പത്തിക വിദഗ്ധരും പറഞ്ഞിരുന്നത്.
രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 8.4 ശതമാനവും മുൻവർഷത്തെ മൂന്നാം പാദത്തിൽ 7.4 ശതമാനമായിരുന്നു. ഇക്കൊല്ലം രാജ്യത്തിന്റെ ജിഡിപി 7.6 ശതമാനം വളരും.
7.4 ശതമാനം വളർച്ച നേടുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം. പുതിയ ജിഡിപി കണക്കുകൾ അനുസരിച്ചാണിത്.
2011–12 സാമ്പത്തിക വർഷം അടിസ്ഥാനമാക്കിയാണ് ഇതുവരെ ജിഡിപി കണക്കാക്കിയിരുന്നത്.
202–23 സാമ്പത്തിക വർഷം അടിസ്ഥാനമാക്കിയുള്ള ആദ്യ ജിഡിപി കണക്കാണ് ഇന്ന് പുറത്തുവിട്ടത്. 2015ലാണ് അടിസ്ഥാന വര്ഷം ഇതിനു മുമ്പ് മാറ്റിയത്.
ഇനി ഓരോ അഞ്ച് വർഷങ്ങളിലും മാറും. ഇതോടെ ജിഡിപി കണക്കുകൾ കൂടുതൽ ആധികാരികമാകുമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ജിഡിപി കണക്കാക്കുന്ന രീതിയിൽ പിഴവുകളുണ്ടെന്ന് സാമ്പത്തിക വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് രാജ്യം പുതിയ സാമ്പത്തിക കണക്കുകൾ പുറത്തുവിട്ടത്.
ഇന്ത്യൻ നാഷനൽ അക്കൗണ്ട്സ് ഡേറ്റയുടെ ഗുണനിലവാരത്തിൽ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) അടുത്തിടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് സി ഗ്രേഡാണ് ഐഎംഎഫ് നൽകിയത്.
അംസഘടിത മേഖലയിലെ പുരോഗതി കൃത്യമായി കണക്കാക്കുന്നതിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു.
ഓരോ വർഷവും ഇത് നേരിട്ട് കണക്കാക്കുന്നതിന് പകരം സംഘടിതമേഖലയുടെ വളർച്ചയ്ക്കൊപ്പം അതേരീതിയിൽ അനുമാനമെടുക്കുകയായിരുന്നു രീതി. എന്നാൽ കോവിഡ് കാലത്തടക്കം സംഘടിത മേഖല വളർന്നപ്പോൾ അസംഘടിതമേഖല തളരുകയാണ് ചെയ്തത്.
ഐഎംഎഫും ഈ കണക്കെടുപ്പ് രീതിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിനായി ഓരോ വർഷവും പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്), ആനുവൽ സർവേ ഓഫ് അൺ-ഇൻ കോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (അസ്യൂസ്) അടക്കമുള്ള സ്രോതസ്സുകളുപയോഗിക്കും.
ജിഡിപി കണക്കാക്കുന്നതിന് ജിഎസ്ടി, ഇ-വാഹൻ പോർട്ടൽ തുടങ്ങിയ പുതിയ സങ്കേതങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്താണ് ജിഡിപി
ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ചുരുക്കെഴുത്താണിത്. ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഒരു നിശ്ചിത കാലയളവിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണിത്.
ഒരു സാമ്പത്തിക വ്യവസ്ഥിതിയുടെ വലിപ്പവും പ്രകടനവും കണക്കാക്കാൻ ജിഡിപി കണക്കുകൾ ഉപയോഗിക്കുന്നു. അതായത് ജിഡിപി വളർന്നാൽ ബിസിനസുകൾ മികച്ച രീതിയിലാണെന്നും ആളുകൾ കൂടുതൽ സമ്പാദിക്കുന്നുണ്ടെന്നുമാണ് അനുമാനിക്കേണ്ടത്.
ഇനി ജിഡിപി കുറഞ്ഞാൽ സമ്പദ് വ്യവസ്ഥ താഴേക്കായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

