ആലപ്പുഴ∙ രാത്രി 10 കഴിഞ്ഞാൽ സ്റ്റേജിൽ കലാപരിപാടി അവതരിപ്പിക്കാൻ പാടില്ലെന്ന നിയമം കലാകാരന്മാർക്കു ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. യുഡിഎഫ് പുതുയുഗ യാത്രയുടെ ഭാഗമായുള്ള സംവാദ പരിപാടിയിലാണ് പ്രശ്നവുമായി സ്റ്റീഫൻ എത്തിയത്. സമയം കഴിഞ്ഞും പരിപാടി നീണ്ടാൽ സൗണ്ട് സിസ്റ്റം പൊലീസ് പിടിച്ചെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇങ്ങനെ പിടിച്ചെടുത്തു. മറ്റു പല കാര്യങ്ങളുടെയും സമയം സർക്കാർ നീട്ടുന്നുണ്ടല്ലോ എന്നും സ്റ്റീഫൻ ദേവസി പറഞ്ഞു.
ബാറുകൾ രാത്രി 12 വരെ തുറക്കാം എന്നാൽ കലാപരിപാടി 10 വരെയേ പാടുള്ളൂ എന്ന നിയമത്തിനെതിരെ വിമർശനം ഉയരുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മറുപടി നൽകി.
ക്ഷേത്രങ്ങളിലും മറ്റും ചടങ്ങുകൾ കഴിയുമ്പോൾ രാത്രി 9 കഴിയും. പിന്നെ കലാപരിപാടി അവതരിപ്പിക്കാൻ സമയം കിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്നും സതീശൻ പറഞ്ഞു.
കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി എന്ന സംഘടനയെ പ്രതിനിധീകരിച്ചാണ് സ്റ്റീഫൻ ദേവസി സംവാദത്തിന് എത്തിയത്.
മിഷൻ സമുദ്ര: തീരദേശ വികസനത്തിനുള്ള സ്വപ്നപദ്ധതി അവതരിപ്പിച്ച് സതീശൻ
ആലപ്പുഴ ∙ തീരദേശത്തിനായി സ്വപ്നപദ്ധതി അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരളത്തിന് 600 കിലോമീറ്റർ തീരമുണ്ട്.
2 രാജ്യാന്തര തുറമുഖങ്ങളും 13 ചെറുതുറമുഖങ്ങളുമുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇവയെല്ലാം യോജിപ്പിച്ചു ‘മിഷൻ സമുദ്ര’ നടപ്പാക്കുമെന്നു ജില്ലയിൽ പുതുയുഗയാത്രയുടെ രണ്ടാംദിന പര്യടനത്തിൽ സതീശൻ പറഞ്ഞു.
പദ്ധതി യാഥാർഥ്യമായാൽ ഇപ്പോൾ റോഡിലൂടെ നടക്കുന്ന ചരക്ക് ഗതാഗതത്തിന്റെ 70 ശതമാനവും അതിന്റെ നാലിലൊന്നു ചെലവിൽ കടലിലൂടെയാകും.
ക്രൂസ് പദ്ധതിയിലൂടെ യാത്രക്കാരും വരും. സിംഗപ്പൂരിനെയും സിയാറ്റിലിനെയും പോലെ കേരളത്തെ തുറമുഖ നഗരമായി മാറ്റുക എന്നത് യുഡിഎഫിന്റെ സ്വപ്നമാണ്.
അതു യാഥാർഥ്യമാകുമ്പോൾ ഉണ്ടാകുന്ന ആയിരക്കണക്കിനു തൊഴിലവസരങ്ങളിൽ മൂന്നിലൊന്ന് തീരദേശജനതയുടെ മക്കൾക്കായി സംവരണം ചെയ്യും. ഇത് അവരുടെ സ്വന്തം പദ്ധതിയാണെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് ഇനി അധികാരത്തിലേക്കു വരേണ്ട മുന്നണിയാണ്.
ഇടതുപക്ഷം തകർത്തതെല്ലാം നേരെയാക്കണം. കർക്കശമായ തീരുമാനങ്ങളിലൂടെ ഖജനാവ് നിറയ്ക്കണം.
ഈ നാടിന്റെ മാറ്റത്തിനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിനുണ്ട്. പുതുയുഗ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ മലയാളികൾക്ക് അതു ബോധ്യമാകും.
ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. ആ സ്ഥിതി മാറ്റാനുള്ള ആരോഗ്യരേഖ കോഴിക്കോട്ട് അവതരിപ്പിച്ചു.
വിദേശത്തു നമ്മുടെ കുട്ടികൾ പഠിക്കുന്ന കോഴ്സുകൾ കേരളത്തിലെ സർവകലാശാലകളിൽ തുടങ്ങുകയെന്ന ലക്ഷ്യത്തിൽ ഉന്നതവിദ്യാഭ്യാസ രേഖ അവതരിപ്പിച്ചു. അവർ ഇവിടെ പഠിച്ചു പുറത്തു വരുമ്പോൾ ജോലിയോ സംരംഭകത്വത്തിനു സഹായമോ നൽകുന്ന പദ്ധതി ഈ യാത്ര സമാപിക്കുന്നതിനു മുൻപു പ്രഖ്യാപിക്കും.
കേരളത്തെ മുച്ചൂടും മുടിച്ചാണ് ഈ സർക്കാർ കാലാവധി കഴിഞ്ഞു പോകുന്നതെന്നു സതീശൻ ആരോപിച്ചു.
6 ലക്ഷം കോടി രൂപയുടെ ബാധ്യത മലയാളികളുടെ തലയിൽ കെട്ടിവച്ചിട്ടാണു പിണറായി പോകുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണ്.
വൈദ്യുതി നിരക്ക് 4 തവണ കൂട്ടി. യുഡിഎഫ് സർക്കാർ വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കിയതായിരുന്നു.
ഇപ്പോൾ അഴിമതിയിലൂടെ 50,000 കോടി കടത്തിലാക്കി. ആശുപത്രിയിൽ ചെന്നാൽ മരുന്നില്ല.
5,000 കെഎസ്ആർടിസി ഷെഡ്യൂളുകൾ ഉണ്ടായിരുന്നതു 2,000 ആയി. 47,000 ജീവനക്കാർ 22,000 ആയി.
സിപിഎമ്മും ബിജെപിയും വായ തുറന്നാൽ വർഗീയത പറയുന്നു.
പക്ഷേ, യുഡിഎഫിന് ഒരു നിലപാടുണ്ട്. വർഗീയത ഏതു കൊലകൊമ്പൻ പറഞ്ഞാലും ഞങ്ങൾ എതിർക്കും.
അതിന് ഒരു പേടിയുമില്ല. തിരഞ്ഞെടുപ്പു വരുമ്പോൾ ഒത്തുതീർപ്പുമില്ല.
നാടുമുഴുവൻ കൊള്ളയടിച്ച സിപിഎം ആർത്തിമൂത്തു സ്വന്തം രക്തസാക്ഷികളുടെ ഫണ്ട് വരെ അടിച്ചുമാറ്റുന്നു. ശബരിമലയിൽ അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചതിനു 3 സിപിഎം നേതാക്കൾ ജയിലിലുണ്ട്. പിണറായി വിജയനു പെട്ടെന്നൊരു ഭക്തിയുണ്ടായി.
അയ്യപ്പസംഗമം നടത്തിയതിന്റെ കണക്കു വച്ചപ്പോഴാണു കാര്യം മനസ്സിലായത്. ഭക്ഷണത്തിന്റെയും കിടക്കയുടെയുമൊക്കെ കള്ളക്കണക്കെഴുതി ലക്ഷങ്ങൾ തട്ടി.
പണം കിട്ടാൻ ലഹരിമരുന്നു സംഘവുമായി വരെ കൂട്ടുകൂടും.
ലഹരിസംഘങ്ങൾക്കു രാഷ്ട്രീയ സംരക്ഷണം നൽകുന്ന ആലപ്പുഴയിലെ സിപിഎം നേതാക്കളെ അറിയാമല്ലോ– സതീശൻ ചോദിച്ചു. ഇന്നലെ അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങളിൽ പുതുയുഗയാത്രയ്ക്കു സ്വീകരണം നൽകി. മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യാത്രയ്ക്കു പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മദ്യനയം തിരുത്തും: വി.ഡി.സതീശൻ
ആലപ്പുഴ∙ കേരളത്തിലെ പുതിയ മദ്യനയം മദ്യപിക്കാത്തവരെയും മദ്യപരാക്കുന്ന തരത്തിലുള്ളതാണെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ നയം തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു 561 ദിവസമായി തുടരുന്ന സത്യഗ്രഹത്തിന്റെ താൽക്കാലിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ, ഉന്നതാധികാര സമിതിയംഗം ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, ബി.ആർ.കൈമൾ കരുമാടി, മുനിസിപ്പൽ കൗൺസിലർ എ.എം.നൗഫൽ, ഇയ്യച്ചേരി പത്മിനി, രാജഗോപാൽ, വിൻസന്റ് മാളിയേക്കൽ, ഉമ്മൻ ജെ മേടാരം എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വേദിയിൽ വച്ച് മുഖ്യ സത്യഗ്രഹികളായ ബി.ആർ.കൈമൾ കരുമാടി, ലത കൈമൾ കരുമാടി, ജി.രാധാകൃഷ്ണൻ, ഉമ്മൻ ജെ.മേടാരം എന്നിവരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസും ചേർന്ന് ആദരിച്ചു.
മലപ്പുറം സമര നായകരായ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ, ഇയ്യച്ചേരി പത്മിനി എന്നിവരെയും ഹാജിറ ബീവി, എസ്.കെലാമുദീൻ, കെ.ജെ.മാർട്ടിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

