ചാത്തന്നൂർ ∙ ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽ ഗതാഗതത്തിനു തുറന്നു നൽകിയ മേൽപാതയിൽ വിള്ളൽ. ഏതാനും ദിവസം മുൻപ് ഗതാഗതത്തിനു തുറന്നു നൽകിയ മേൽപാത രണ്ടു ദിവസം മുൻപ് അടയ്ക്കുക ഉണ്ടായി.
തിരുമുക്കിലെ അടിപ്പാതയ്ക്കു കിഴക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ വളരെ നീളത്തിലാണ് വിള്ളൽ ഉണ്ടായത്. വിള്ളൽ സംഭവിച്ച ഭാഗത്തു പാതയ്ക്കു ചരിവ് വന്നിട്ടുണ്ടെന്നു നാട്ടുകാർ പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കു ശേഷമാണ് വിള്ളൽ ഉണ്ടായതെന്ന് അനുമാനിക്കുന്നു. വിള്ളലിലൂടെ മഴ വെള്ളം ഇറങ്ങി വലിയ അപകടം ഉണ്ടാകുമെന്ന ഭയത്തിലാണു നാട്ടുകാർ.
ചാത്തന്നൂർ ജംക്ഷനിൽ നിർമാണം അവസാന ഘട്ടത്തിൽ എത്തിയ മേൽപാതയുടെ ഭാഗം കുത്തി പൊളിക്കുകയുണ്ടായി. നിർമാണത്തിലെ അപാകതയാണിതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
തിരുമുക്കിലെ മേൽപാത നിർമാണം സംബന്ധിച്ചു ആദ്യം മുതൽ പരാതികൾ ഉയർന്നിരുന്നു.
മേൽപാത നിർമാണത്തിനു ഗുണനിലവാരം ഇല്ലാത്ത മണ്ണ് ഉപയോഗിക്കുന്നത് പാതയുടെ നിലനിൽപിനു ഭീഷണിയാകുമെന്നു കാട്ടി ചാത്തന്നൂർ വികസന സമിതി കലക്ടർക്കു പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നു കലക്ടർ യോഗം വിളിച്ചു.
നിലവാരം ഇല്ലാത്ത മണ്ണ് പൂർണമായും നീക്കം ചെയ്തു, പരിശോധന നടത്തി ഗുണനിലവാരം ഉള്ള മണ്ണ് ഉപയോഗിച്ചു മാത്രമേ റോഡ് നിർമിക്കാവൂ എന്നു ദേശീയ പാത അതോറിറ്റിക്കു കരാർ കമ്പനിക്കും കലക്ടർ നിർദേശം നൽകിയിരുന്നു. എന്നിട്ടും, അവസാന ഘട്ട
ടാറിങ് കഴിഞ്ഞപ്പോൾ മേൽപാതയിൽ നീളത്തിൽ വിള്ളൽ വീണു. ഇന്ത്യൻ റോഡ് കോൺഗ്രസ് നിബന്ധനകൾ പാലിക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെന്നും തിരുമുക്കിൽ വിള്ളൽ ഉണ്ടായ സ്ഥലത്തും ചാത്തന്നൂർ ജംക്ഷൻ ഉൾപ്പെടെ സമീപ സ്ഥലങ്ങളിലും ശാസ്ത്രീയമായ പഠനം നടത്തണമെന്നും വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൊട്ടിയം ഭാഗത്തെ മൺമതിലിന് തകർച്ച ഭീഷണി നേരിടുന്നതായി ആശങ്ക
കൊല്ലം∙ നിർമാണം പൂർത്തിയാക്കി ദേശീയപാത 66 ഗതാഗതത്തിനു തുറന്നുകൊടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊട്ടിയം ഭാഗത്തെ മൺമതിലിന് തകർച്ച ഭീഷണി നേരിടുന്നതായി ആശങ്ക.
ഇന്നലെ രാവിലെ പെയ്ത നേരിയ മഴയിൽ മതിലിന്റെ കോൺക്രീറ്റ് പാളികൾക്കിടയിലൂടെ ചെളി വെള്ളം കുത്തിയൊഴുകിയതു പ്രദേശവാസികളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തി. ശാസ്ത്രീയമായ സുരക്ഷാ പരിശോധനകൾ നടത്താതെ വിള്ളലുകൾ ടാറിട്ട് മൂടിയ നടപടിയാണ് ഇത്തരത്തിൽ ചോർച്ചയുണ്ടാകാൻ കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു.
പറക്കുളം, ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ് പരിസരങ്ങളിലായി 3 വ്യത്യസ്ത ഭാഗങ്ങളിലാണ് മതിലിനുള്ളിൽ നിന്നു വെള്ളം ഒഴുകിയത്.
മഴ ശക്തമാല്ലാതിരുന്നിട്ടും ഇത്രയും വലിയ ചോർച്ചയുണ്ടായതു നിർമാണത്തിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നു നാട്ടുകാര് ആരോപിക്കുന്നു. നേരത്തെ റോഡിന്റെ ഉപരിതലത്തിൽ കണ്ട
കൂറ്റൻ വിള്ളലുകൾ ശാസ്ത്രീയമായി പരിഹരിക്കാതെ, തിരക്കിട്ട് ടാറിട്ട് മൂടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ശ്രമിച്ചതെന്ന് ആരോപണമുണ്ട്. എന്നാൽ, ഈ വിള്ളലുകളിലൂടെ ഇറങ്ങിയ മഴവെള്ളമാണു മതിലിനുള്ളിലെ മണ്ണിനെ കുതിർത്ത് സ്ലാബുകൾക്കിടയിലൂടെ പുറത്തേക്ക് പ്രവഹിച്ചത്.
സംഭവമറിഞ്ഞ് കൊട്ടിയം സംയുക്ത സമരസമിതി, പറക്കുളം ജനകീയ സമര സമിതി, റൈസിങ് കൊട്ടിയം, പൗരവേദി, ബാബുൽ ഖൈർ, കെപികെ തുടങ്ങിയ സാമൂഹിക സംഘടനകളുടെ നേതാക്കൾ സ്ഥലം സന്ദർശിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
നിർമാണത്തിലെ അപാകതകൾ മൂടിവെച്ചു ജനങ്ങളെ മരണത്തിനു വിട്ടുകൊടുക്കുന്ന അധികൃതരുടെ നടപടി ക്രിമിനൽ കുറ്റമാണെന്നും മൺകൂനയ്ക്കു പകരം തൂണുകളിൽ മേൽപാലം നിർമിക്കാതെ കൊട്ടിയത്തെ ഉയരപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ നിർമാണത്തെക്കുറിച്ച് അടിയന്തരമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. നിലവിലെ സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടണം.
വരാനിരിക്കുന്ന കാലവർഷത്തിന് മുൻപു പരിഹാരം ഉണ്ടായില്ലെങ്കിൽ കൊട്ടിയം വൻ ദുരന്തത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

