മുഹമ്മ ∙ വേമ്പനാട്ടുകായലിൽ കണ്ണങ്കര ഭാഗത്തെ മണൽഖനനം കക്കത്തൊഴിലാളികളെയും ചീനവലത്തൊഴിലാളികളെയും നാട്ടുകാരെയും സാരമായി ബാധിച്ചിട്ടും നടപടികൾ വൈകുന്നെന്ന് ആക്ഷേപം. മണൽ ഖനനം മൂലം കക്ക – ചീനവല തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിലായിട്ട് മാസങ്ങളായി.
കായലിൽ ഉപജീവനം നടത്താൻ കഴിയാത്ത സ്ഥിതിയായി. ഖനനത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളിലെ ഡീസലും ഗ്രീസും മറ്റും കായലിൽ പരന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു, കക്ക വ്യാപകമായി നശിക്കുന്നു, ചീനവല വലിക്കാനാകുന്നില്ല തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
മത്സ്യം– കക്ക തൊഴിലാളികൾക്ക് അവരുടെ വള്ളം സുഗമമായി ഇറക്കാൻ കഴിയുന്നില്ല. 25 ഓളം വരുന്ന വള്ളങ്ങൾക്ക് കിടക്കാൻ സ്ഥലവുമില്ലാത്ത സ്ഥിതിയുമുണ്ട്.
മണൽ ഖനനത്തിനിടെ പുറന്തള്ളുന്ന ചെളിയും അഴുക്കും കായലോരത്ത് തന്നെ വൻതോതിൽ അടിഞ്ഞു, ഇവ ഉടൻ നീക്കം ചെയ്യുമെന്ന അധികൃതരുടെ ഉറപ്പും ജലരേഖയായി.
മണൽ ഖനനത്തെ തുടർന്ന് വേമ്പനാട്ടുകായലിന്റെ തീരത്തിന്റെ ഏകദേശം ഒരു കിലോമീറ്ററോളം ചതുപ്പായി മാറി. തീരത്തുനിന്നു 350 മീറ്റർ അകലത്തിൽ കായലിൽ മണൽഖനനം നടത്താനുള്ള അനുമതിയാണുള്ളത്.
എന്നാൽ കേവലം 200 മീറ്റർ പോലും അകലം പാലിക്കാതെ നിയമവിരുദ്ധമായാണ് ഇവിടെ മണൽ ഖനനം നടത്തുന്നതെന്ന് പരാതിയുണ്ട്. ഒരാഴ്ചയ്ക്കു മുൻപ് ആദ്യത്തേതിന് പുറമേ തൊട്ടടുത്തു തന്നെ രണ്ടാമത്തെ മണൽ ഖനന സൈറ്റ് പ്രവർത്തനമാരംഭിച്ചത് മത്സ്യ, കക്ക തൊഴിലാളികൾക്കു വീണ്ടും തിരിച്ചടിയായി.
നിലവിൽ കായലിൽ 2 ഇടത്താണ് മണൽ ഖനനം നടത്തുന്നത്.
24 മണിക്കൂറും ദേശീയപാതയിലേക്ക് മണൽ ലോഡുമായി പോകുന്ന ഭാരവാഹനങ്ങളുടെ നിരന്തര സഞ്ചാരംമൂലം കണ്ണങ്കരയിലെ പ്രധാന റോഡുകളും തകർന്ന നിലയിലാണ്. വേനലിൽ പൊടിശല്യവും രൂക്ഷമാണ്.
കണ്ണങ്കര പള്ളിയുടെ പരിസരത്തെ 3 സ്കൂളുകളിലെ വിദ്യാർഥികളുടെ ജീവനു ഭീഷണിയുയർത്തിയാണ്, മണൽ കയറ്റി ഭാരവാഹനങ്ങൾ പായുന്നതെന്നു നാട്ടുകാർ പറഞ്ഞു. കലക്ടർക്കും മറ്റ് അധികൃതർക്കും പരാതികൾ നൽകിയിട്ടും ഫലമില്ലാത്തതിനാൽ സമരത്തിനു തയാറെടുക്കുകയാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

