തിരുവമ്പാടി ∙ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാത നിർമാണത്തിന്റെ ഭാഗമായി പാറ തുരക്കൽ ആരംഭിക്കാനുള്ള ഒരുക്കങ്ങളായി. മാർച്ച് 6ന് 11 ന് പാറ തുരക്കൽ ആരംഭിക്കാനാണ് നീക്കം.
മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപ്പാതയാണ് യാഥാർഥ്യമാകുന്നത്. 2134.5 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണ ഉദ്ഘാടനം കഴിഞ്ഞവർഷം മുഖ്യമന്ത്രി ആനക്കാംപൊയിലിൽ നിർവഹിച്ചിരുന്നു.
4 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്.
വനഭൂമിയിൽ ലേബർ ക്യാംപുകൾ സ്ഥാപിക്കരുത്, നിർമാണ വസ്തുക്കൾ കൊണ്ടു പോകാൻ വനത്തിൽ പുതിയ പാത നിർമിക്കരുത്, പദ്ധതി നിർദേശത്തിൽ ഇല്ലാത്ത ഒരാവശ്യത്തിനും വനഭൂമി ഉപയോഗിക്കരുത് തുടങ്ങിയ 24 നിബന്ധനകളോടെയാണ് കഴിഞ്ഞ ദിവസം തുരങ്കപ്പാതയ്ക്ക് സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചത്.
തുരങ്കപ്പാത നിർമാണം നടക്കുന്ന മറിപ്പുഴ, കുണ്ടൻതോട് പ്രദേശത്ത് വലിയ അനുബന്ധ സൗകര്യങ്ങളാണ് 5 മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്.
മറിപ്പുഴയിലെ പുഴയിൽ താൽക്കാലിക തടയണ നിർമിച്ച് വാഹനങ്ങളും സാമഗ്രികളും തുരങ്കം നിർമിക്കുന്ന കുണ്ടൻതോടിൽ എത്തിച്ചു. ഇതിന് പ്രദേശത്ത് മൺ റോഡുകൾ സജ്ജമാക്കി.
പദ്ധതിക്ക് ഏറ്റെടുത്ത സ്ഥലത്തും ലീസിന് എടുത്ത 28 ഏക്കർ സ്ഥലത്തും റെഡിമെയ്ഡ് ലേബർ ക്യാംപുകളും ഓഫിസുകളും ശുചിമുറി ബ്ലോക്കുകളും നിർമിച്ചു. പ്രദേശത്ത് താൽക്കാലിക ക്രഷർ യൂണിറ്റ് സ്ഥാപിക്കുകയും ഗോഡൗണുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
തുരങ്കമുഖത്ത് മണ്ണ് എടുത്ത് മാറ്റുകയും പാറ നിരപ്പാക്കുകയും ചെയ്ത് ആണ് പാറ തുരക്കാനുള്ള നീക്കം നടത്തുന്നത്.
പുഴയിൽ 4 ലൈൻ സ്റ്റീൽ പാലത്തിന്റെ നിർമാണവും ആരംഭിച്ചു. ആനക്കാംപൊയിൽ മറപ്പുഴ– കുണ്ടൻതോട് ഭാഗത്ത് പാറ തുരക്കൽ ആരംഭിച്ച് രണ്ടാഴ്ചയ്ക്കു ശേഷമേ വയനാട് ജില്ലയിലെ പാറ തുരക്കൽ ആരംഭിക്കൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

