ആറു ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ഒരു നടപടിക്രമം കൂടി പൂർത്തിയായി. സംയുക്ത പ്രസ്താവന ഇന്നലെ ഒപ്പിട്ടു.
കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയലും ജിസിസി സെക്രട്ടറി ജനറൽ ജസീം മുഹമ്മദ് അൽബുദൈവിയും തമ്മിലാണു സംയുക്തപ്രസ്താവന ഒപ്പിട്ടത്. ഉള്ളടക്കം പരസ്യമാക്കിയിട്ടില്ല.
ഇരുകൂട്ടർക്കും ഗുണപരമായ രീതിയിലുള്ള വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. വർഷങ്ങളോളം മുടങ്ങിക്കിടന്ന ശേഷമാണ് ഇന്ത്യയും ജിസിസിയും വ്യാപാര കരാറിലെ ചർച്ചകൾ പുനരാരംഭിക്കുന്നത്.
വ്യാപാരചർച്ചയിലെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) അന്തിമമാക്കി ധാരണാപത്രം ഒപ്പിട്ടത് ഈ മാസാദ്യമാണ്.
യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവയാണു ജി സിസി രാജ്യങ്ങൾ. 2024-25 സാമ്പത്തിക വർഷത്തിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 5,700 കോടി ഡോളറായിരുന്നു.
ഇറക്കുമതി 12,170 കോടി ഡോളറും.
സൗദി, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിലും പ്രകൃതി വാതകവുമാണ് ഇറക്കുമതി ചെയ്യുന്നത്. മുത്തുകൾ, രത്നക്കല്ലുകൾ, ലോഹങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, ഇരുമ്പ്, ഉരുക്ക്, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയുടെ ആകെ വിദേശ വ്യാപാരത്തിന്റെ 15.42 ശതമാനമാണ് ജിസിസി രാജ്യങ്ങളുമായുള്ളത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യ – ജിസിസി വ്യാപാരം 15.3 ശതമാനം വാർഷിക വളർച്ച നേടിയതായും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
അതേസമയം, ഇസ്രയേലുമായി വ്യാപാര ചർച്ചകൾ തുടങ്ങാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ ഘട്ട
വ്യാപാര ചർച്ച ഫെബ്രുവരി 23 മുതൽ 26 വരെ നടക്കും. 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ–ഇസ്രയേല്‍ ഉഭയകക്ഷി വ്യാപാരം 3.62 ബില്യൻ ഡോളറിന്റേതായിരുന്നു.
വ്യാപാര കരാർ നിലവിൽ വന്നാൽ ഇത് വർധിപ്പിക്കാൻ കഴിയും. രാജ്യത്തെ ബിസിനസുകൾക്കും ചെറുകിട
വ്യവസായങ്ങള്‍ക്കും ഇത് ഗുണമാകുമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ശാസ്ത്ര സാങ്കേതികം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, കൃഷി തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും നേട്ടം ലഭിക്കുമെന്നും ഇതിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിലെ പ്രധാന വിഷയങ്ങളിലൊന്നും വ്യാപാര ചര്‍ച്ചയായിരിക്കും.
മൂന്നിൽ രണ്ടും ഇന്ത്യയുടെ കൈവശം
അതേസമയം, ലോക വ്യാപാരത്തിന്റെ മൂന്നിൽ രണ്ടിലും ഇന്ത്യക്ക് നിർണായക സ്വാധീനം നേടാൻ കഴിഞ്ഞതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വ്യാപാര കരാർ സാധ്യമായതിലൂടെയാണ് ഇത് നടപ്പിലായത്. ലോകമാകെ വ്യാപാര പ്രതിസന്ധി നിലനിൽക്കുന്ന സമയമാണിത്.
എന്നാൽ ഇന്ത്യ ഇപ്പോൾ വ്യാപാര പങ്കാളിത്തത്തിലൂടെ മറ്റു രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. നിലവിലെ സര്‍ക്കാരിന് കീഴിൽ ഒപ്പിട്ട
ഒമ്പത് വ്യാപാര കരാറുകളും രാജ്യത്തിന്റെ വികസനത്തിൽ വൻ കുതിപ്പാകും. ലോക വ്യാപാര ക്രമത്തോട് ചേർന്നുനിൽക്കാതെ ഒരു രാജ്യത്തിനും വികസിതമാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

