കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു നടന്നത് 3 ഞെട്ടിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ. ജനജീവിതത്തെ ആശങ്കയിലാഴ്ത്തുന്ന ഗുണ്ടാവിളയാട്ടത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഇവ.
…
വലിയകുളങ്ങര, ആലപ്പുഴ: ക്രിമിനൽ സംഘങ്ങൾ ഏറ്റുമുട്ടി; തോക്കു ചൂണ്ടി
ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സംഘത്തിലെ ഒരാൾ എയർ പിസ്റ്റൾ ചൂണ്ടി. തോക്കിൽ തിരയില്ലായിരുന്നെങ്കിലും ശബ്ദവും തീപ്പൊരിയുമുണ്ടായി.
പുളിക്കീഴ് ഭാഗത്തെ കെടിഡിസി ബീയർ പാർലറിൽ ശനിയാഴ്ച രാത്രി ഒൻപതോടെ എത്തിയ യുവാക്കൾ തമ്മിൽ വാക്കുതർക്കമായതാണ് പ്രശ്നത്തിന്റെ തുടക്കം. രാത്രി പന്ത്രണ്ടരയോടെ പുളിക്കീഴ് ഗുരുമന്ദിരത്തിനു സമീപത്തു വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവവുമായി ബന്ധപ്പെട്ട് കുതിര കെട്ടുന്ന സ്ഥലത്തു പത്തോളം യുവാക്കൾ ബൈക്കിൽ എത്തി സംഘർഷമുണ്ടാക്കി.
സംഘത്തിലുള്ള തൃക്കുന്നപ്പുഴ തുലാംപറമ്പ് രാഗം വീട്ടിൽ വിഷ്ണു (33)വാണ് എയർ പിസ്റ്റൾ എതിർപക്ഷത്തിനു നേരെ ചൂണ്ടിയത്.
തോക്കിൽ തിരകൾ ഇല്ലെന്നു മനസ്സിലായതോടെ എതിർസംഘം പട്ടികയും മരത്തടികളുമായി വിഷ്ണുവിനെയും സുഹൃത്തുക്കളെയും ആക്രമിച്ചു. തൃക്കുന്നപ്പുഴ പൊലീസ് എത്തി തോക്ക് കസ്റ്റഡിയിലെടുത്തു.
തലയ്ക്കു ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുസംഘത്തിലുമുള്ള പത്തോളം പേർ ആലപ്പുഴ മെഡിക്കൽ കോളജിലും പരുമല സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
10 പേർക്കെതിരെ കേസെടുത്തു.
ആലുവ, എറണാകുളം: മർദനം തടഞ്ഞവർക്ക് കുപ്പികൊണ്ട് തലയ്ക്കടി
ആലുവ ചുണങ്ങംവേലിയിലെ ‘വികെജെ ഇൻ’ ബാർ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ പതിനാറുകാരനെ മർദിക്കുന്നതു തടയാൻ ശ്രമിച്ച യുവാവിനെ ബീയർ കുപ്പി കൊണ്ടു തലയ്ക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ 13 പ്രതികളിൽ 5 പേർ അറസ്റ്റിലായി. 8 പേർ ഒളിവിലാണ്.
കഴിഞ്ഞ 10ന് ആണ് സംഭവം. എടത്തല എട്ടേക്കർ ആക്കപ്പാലയിൽ ജോജി ജോണാണ് (36) കൗമാരക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
പരുക്കേറ്റു ചികിത്സയിലായിരുന്ന ജോജി 17നു പരാതി നൽകിയ ശേഷമാണ് എടത്തല പൊലീസ് കേസെടുത്തത്.
മാങ്കാവ്, കോഴിക്കോട്: കഴിച്ചതിന്റെ പണം ചോദിച്ചു, ഹോട്ടൽ തകർത്തു
കോഴിക്കോട് മാങ്കാവിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച യുവാക്കളിൽനിന്നു ബിൽതുക ആവശ്യപ്പെട്ട ഹോട്ടൽ ജീവനക്കാരനു മർദനം.
ഹോട്ടലിലെ അലമാരയും മറ്റും അടിച്ചു തകർത്തു. സംഭവത്തിൽ മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 10ന് മീഞ്ചന്ത മിനി ബൈപാസിൽ സ്വകാര്യ ആശുപത്രിക്കു മുന്നിൽ പ്രവർത്തിക്കുന്ന ‘അളിയൻസ്’ ഹോട്ടലിലാണു യുവാക്കൾ ആക്രമണം നടത്തിയത്. കൗണ്ടറിലെ ജീവനക്കാരൻ ഷഹനാദ് തുക ആവശ്യപ്പെട്ടു.
എന്നാൽ, പണം നൽകാറില്ലെന്ന് യുവാക്കൾ പറഞ്ഞു. ഇതോടെ വാക്കുതർക്കമായി.
ഇതിനിടെ യുവാക്കൾ ഷഹനാദിനെ മർദിച്ചു. തുടർന്ന് സംഘം പുറത്തിറങ്ങി കല്ലും ഇരുമ്പു വടിയും കൊണ്ടുവന്ന് അലമാരയും ഗ്ലാസും അടിച്ചുതകർത്തു.
20,000 രൂപയുടെ നഷ്ടം നേരിട്ടതായി ഹോട്ടൽ ഉടമ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

