കൽപറ്റ ∙ വയനാട് ഗവ. മെഡിക്കൽ കോളജിന് മാനന്തവാടി അമ്പുകുത്തിയിൽ 11.2778 ഹെക്ടർ (28 ഏക്കർ) വനഭൂമി ഏറ്റെടുക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അമ്പുകുത്തിയിൽ ഏറ്റെടുക്കുന്നതിന് പകരം ബത്തേരി പുത്തൂരിൽ 8.9730, കാപ്പാടിൽ 2.3477 ഹെക്ടർ ഭൂമി പരിഹാര വനവൽകരണത്തിന് കൈമാറി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് തട്ടിപ്പാണ്. ഈ സ്ഥലങ്ങൾ കർഷകരുടെ കൈവശം ഉണ്ടായിരുന്നതും അതിരൂക്ഷമായ വന്യജീവി ശല്യത്തിന്റെ പശ്ചാത്തലത്തിൽ റീബിൽഡ് കേരള പദ്ധതിയിൽ സ്വയം സന്നദ്ധ പുനരധിവാസം നടപ്പാക്കിയപ്പോൾ വനം വകുപ്പിന് ലഭിച്ചതുമാണ്.
ഈ ഭൂമികൾ വനമായി മാറിക്കഴിഞ്ഞതാണെന്ന് സമിതി അംഗങ്ങൾ വിശദീകരിച്ചു.
മെഡിക്കൽ കോളജ് നിർമാണത്തിന് കൽപറ്റയ്ക്കടുത്ത് മടക്കിമലയിൽ സ്വകാര്യ ട്രസ്റ്റ് 50 ഏക്കർ ഭൂമി സൗജന്യമായി വിട്ടുകൊടുത്തിരുന്നു. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ആയിരക്കണക്കിന് കൂറ്റൻ മരങ്ങൾ ഈ ഭൂമിയിൽനിന്നു മുറിച്ചുമാറ്റി.
ഇതിനുശേഷമാണ് മടക്കിമല ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കേണ്ടെന്ന തീരുമാനമുണ്ടായത്. വിലകുറഞ്ഞ രാഷ്ടീയ ലക്ഷ്യങ്ങളായിരുന്നു ഇതിനു പിന്നിൽ.
സർക്കാരിൽ നിക്ഷിപ്തമായ ആയിരക്കണക്കിന്ന് ഏക്കർ ഭൂമിയും പാട്ടക്കാലാവധി കഴിഞ്ഞ അനേകം ഹെക്ടർ തോട്ടം ഭൂമിയും ജില്ലയിൽ ഉണ്ട്.
എന്നിരിക്കെ മെഡിക്കൽ കോളജിന് വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് സഹായകമായ നിലപാട് സംസ്ഥാന വനം വകുപ്പും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും സ്വീകരിക്കരുത്. മടക്കിമലയിൽ സൗജന്യമായി ലഭിക്കുന്ന ഭൂമിയിലോ മറ്റു സർക്കാർ ഭൂമികളിലോ മെഡിക്കൽ കോളജിന് സ്ഥിര നിർമാണം നടത്താൻ സർക്കാർ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു.
ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, പി.എം. സുരേഷ്, എ.വി.
മനോജ്, സണ്ണി മരക്കാവ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

