കോഴിക്കോട് ∙ നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി, ജയലക്ഷ്മി ടെക്സ്റ്റൈൽ ഷോറൂമിന്റെ 2 നിലകളിൽ വൻ തീപിടിത്തം. മുകളിലത്തെ നിലകളിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ തുണിത്തരങ്ങൾ കത്തിനശിച്ചു.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണു നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. 156 ജീവനക്കാരാണ് ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നത്; ഇരട്ടിയിലധികം ഉപയോക്താക്കളും ഉണ്ടായിരുന്നതായി കണക്കാക്കുന്നു.
കുഴഞ്ഞുവീണ 2 വനിതാ ജീവനക്കാരടക്കം 5 പേർക്കു സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകി. കാർ പാർക്കിങ്ങിനുള്ള ഭൂഗർഭ നിലയടക്കം 4 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള നിലയിൽ, കന്റീനിന്റെ ഭാഗത്തു നിന്നാണ് ആദ്യം പുകയുയർന്നത്.
അഗ്നിരക്ഷാ അലാം മുഴങ്ങിയതോടെ, ഉപയോക്താക്കളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്നു പുറത്തിറക്കി. ഇതിനിടെ കോയമ്പത്തൂർ സ്വദേശികളായ ജീവനക്കാരായ ദിവ്യ, അനാമിക എന്നിവർ കുഴഞ്ഞുവീണു.
ബീച്ചിൽ നിന്ന് 6.25ന് ആദ്യ അഗ്നിരക്ഷാ സേനാ യൂണിറ്റെത്തി.
രാത്രി എട്ടരയോടെ തീ നിയന്ത്രണ വിധേയമാക്കി. ബീച്ചിനു പുറമേ മീഞ്ചന്ത, താമരശ്ശേരി, വെള്ളിമാടുകുന്ന്, കൊണ്ടോട്ടി, മുക്കം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകളും കോഴിക്കോട് വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് യൂണിറ്റും 2 മണിക്കൂറിലധികം ശ്രമിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്.
മന്ത്രി എ.കെ.ശശീന്ദ്രൻ, മേയർ ഒ.സദാശിവൻ എന്നിവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
2023 ഏപ്രിലിൽ ഇതേ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ കോടിക്കണക്കിനു രൂപയുടെ തുണിത്തരങ്ങൾ കത്തിനശിച്ചിരുന്നു. 22 വർഷത്തിനിടെ 42 വൻ തീപിടിത്തങ്ങൾ
കോഴിക്കോട് ∙ നാൾക്കുനാൾ വളരുന്ന നഗരത്തിൽ കഴിഞ്ഞ 21 വർഷത്തിനിടെ സംഭവിച്ചത് 42 വൻ തീപിടിത്തങ്ങൾ.
9 ജീവനുകൾ പൊലിഞ്ഞിട്ടും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടും ഇന്നും വീഴ്ചകളിൽ നിന്ന് ഒരു പാഠവും പഠിക്കാതെ ഇരുട്ടിൽ തപ്പുകയാണ് അധികൃതർ. 5 അഗ്നിരക്ഷാ യൂണിറ്റുകൾ ഉണ്ടായിരുന്ന ബീച്ചിലെ ഫയർ സ്റ്റേഷൻ പൊളിച്ചടുക്കി 2 യൂണിറ്റുകളാക്കി ചുരുക്കിയതാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ അധികൃതർ കൊയ്തെടുത്ത ‘നേട്ടം’.
തിരക്കേറിയ മിഠായിത്തെരുവിൽ 6 തവണയാണ് ഈ കാലയളവിൽ തീപിടിത്തമുണ്ടായത്. ഇപ്പോൾ ജയലക്ഷ്മിയിൽ രണ്ടാം തവണയും.
മെഡിക്കൽ കോളജിൽ 4 വട്ടം തീ പടർന്നപ്പോൾ പാളയത്തും വലിയങ്ങാടിയിലും കലക്ടറേറ്റിലും കോർപറേഷൻ മേഖലാ ഓഫിസിലുമെല്ലാം തീ പിടിച്ചു.
മിക്കതിനും കാരണം കണ്ടെത്തുന്നത് ഒന്നു തന്നെ – ഷോർട് സർക്കീറ്റ്
തീ ആളിയത് ഇങ്ങനെ 1∙ 19 മാർച്ച് 2004
മാവൂർ ഗ്രാസിം ഇൻഡസ്ട്രീസിന്റെ ചൂലൂരിലെ തടി ഡിപ്പോ പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ യൂക്കാലിപ്റ്റസ് തടി കത്തി.
2∙ 31 ജനുവരി 2006
ഞെളിയൻപറമ്പ് മാലിന്യ പ്ലാന്റിൽ തീപിടിത്തം.
പുക ശ്വസിച്ച് പരിസരവാസികളായ 10 പേർ ചികിത്സ തേടി.
3∙ 19 ജൂൺ 2006
കോഴിക്കോട് കോയസ്സൻകോയ റോഡിലെ തായിഫ് ട്രേഡേഴ്സ് ഗോഡൗണിൽ തീ പടർന്ന് 20 ലക്ഷം രൂപയുടെ നഷ്ടം.
4∙ ഏപ്രിൽ 5, 2007
മിഠായിത്തെരുവിനോടു ചേർന്ന എംപി റോഡിൽ പടക്കക്കടയിലെ സ്ഫോടനത്തെത്തുടർന്ന് വൻ തീപിടിത്തം. മൂന്നു കുട്ടികളടക്കം ആറു പേർ സംഭവസ്ഥലത്തും രണ്ടു പേർ പിന്നീടും മരിച്ചു.
കോടിക്കണക്കിനു രൂപയുടെ നഷ്ടം.
5∙ ഒക്ടോബർ 20, 2008
പാളയം ജംക്ഷനുസമീപം കല്ലായി റോഡ് വൈറ്റ്ലൈൻ ഹോട്ടലിനു മുൻപിലെ കടനിരകൾക്കു ദുരൂഹ സാഹചര്യത്തിൽ തീപിടിച്ചു. 10 കടകൾക്കു ഭാഗിക നാശം.
6∙ ഒക്ടോബർ 1, 2010
മിഠായിത്തെരുവിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഒരു തുണിക്കട
മുഴുവൻ കത്തി നശിച്ചു. 12 ലക്ഷം രൂപയുടെ നഷ്ടം.
7∙ ഡിസംബർ 9, 2010
മിഠായിത്തെരുവിൽ പുലർച്ചെ തീപിടിത്തത്തിൽ 8 കടമുറികൾ കത്തി നശിച്ചു.
ആളപായമില്ല. 30 ലക്ഷം രൂപയുടെ നഷ്ടം.
8∙ 06 ജനുവരി 2012
സെൻട്രൽ മാർക്കറ്റിനു സമീപം രാത്രി തീപിടിത്തം.
അര മണിക്കൂറിനകം തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
9∙ മാർച്ച് 10, 2012
നഗരമധ്യത്തിൽ പാളയം ജംക്ഷനിൽ രാവിലെയുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടു കടകൾ കത്തിനശിച്ചു. ആളപായമില്ല.
10∙ ഓഗസ്റ്റ് 7, 2012
രണ്ടാം ഗേറ്റിനു സമീപം തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചത് 9 കടകൾ.
രണ്ടരക്കോടിയിലേറെ രൂപയുടെ നഷ്ടം.
11∙ ഡിസംബർ 4, 2012
കോഴിക്കോട് തടമ്പാട്ടുതാഴം കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തിലെ കൺസ്യൂമർ ഫെഡ് നീതി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. 18.5 ലക്ഷം രൂപയുടെ നഷ്ടം.
12∙മേയ് 8, 2012
കോഴിക്കോട് വലിയങ്ങാടി ഗണ്ണിസ്ട്രീറ്റിൽ വൻതീപിടിത്തത്തിൽ കാലിച്ചാക്ക് ഗോഡൗൺ അടക്കം മൂന്നു വ്യാപാര സ്ഥാപനങ്ങൾ പൂർണമായും പത്തോളം കടകൾ ഭാഗികമായും കത്തി നശിച്ചു.
13∙ മേയ് 11, 2013
കോഴിക്കോട് മൊയ്തീൻ പള്ളി റോഡിലെ ഒയാസിസ് കോംപൗണ്ടിലെ സി.പി.
ബിൽഡിങ്ങിലാണ് രാത്രി തീപിടിത്തമുണ്ടായത്. രണ്ടു കടകൾ പൂർണമായും കത്തി നശിച്ചു.
14∙ നവംബർ 21, 2014
റീജനൽ അനലറ്റിക്കൽ ലബോറട്ടറിയിലെ അഡീഷനൽ ഫുഡ് ലബോറട്ടറി കാബിനിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുലക്ഷം രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു.
15∙ മേയ് 13, 2015
മിഠായിത്തെരുവിൽ വീണ്ടും വൻ തീപിടിത്തം.
പത്തോളം കടകൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല.
16∙ സെപ്റ്റംബർ 14, 2015
പാളയം കെവി കോംപ്ലക്സിൽ വൻ തീപിടിത്തം.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തുണി മൊത്തവ്യാപാര സ്ഥാപനമായ ‘സീസണി’ൽ തീപിടിത്തമുണ്ടായത്.
17∙ നവംബർ 11, 2015
മൊയ്തീൻ പള്ളിക്കു സമീപം വീണ്ടും തീപിടിത്തം.
വികെഎൻ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്.
18∙ ജനുവരി 2, 2016
മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ 52–ാം വാർഡിൽ നവജാത ശിശുവിനു ചൂടു നൽകാനായി കിടത്തിയ യന്ത്രത്തിൽനിന്നു (റേഡിയന്റ് വാമർ മെഷീൻ) തീ പടർന്നു. ആർക്കും പരുക്കില്ല.
19∙ ഏപ്രിൽ 24, 2016
പാവമണി റോഡിലെ ലുലു ഗോൾഡിൽ ഉണ്ടായ തീപിടിത്തം 20 യൂണിറ്റുകളുടെ ശ്രമഫലമായി വൈകിട്ട് ആറോടെയാണു നിയന്ത്രണ വിധേയമാക്കി.
20∙ ജൂൺ 15, 2016
മാവൂർ കൂളിമാട് റോഡിനോടുചേർന്ന് ഗ്രാസിം ഫാക്ടറിയുടെ മെയിൻഗേറ്റിനു സമീപത്തെ സ്വദേശി പെയ്ന്റ് നിർമാണ യൂണിറ്റ് കത്തി നശിച്ചു.
21∙ ഫെബ്രുവരി 22, 2017
മിഠായിത്തെരുവിൽ രാധാ തിയറ്ററിനുസമീപം തുണിക്കടയിലുണ്ടായ വൻതീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം.
മൂന്നുനിലകളുള്ള മോഡേൺ ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് പൂർണമായും കത്തിനശിച്ചു. രണ്ടു കോടി രൂപയുടെ തുണിത്തരങ്ങൾ ചാമ്പലായി.
22∙സെപ്റ്റംബർ 22, 2017
കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം.
ഇ–ബ്ലോക്കിൽ ആർഡി ഓഫിസിനു നേരെ മുകളിലെ, ജീവനക്കാർ ഭക്ഷണം കഴിക്കുന്ന മുറിയിലാണ് തീപടർന്നത്.
23∙ നവംബർ 14, 2018
മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിലും എച്ച്ഐവി ടെസ്റ്റിങ് സെന്ററിലുമുണ്ടായ തീപിടിത്തത്തിൽ ഏതാണ്ട് 30 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കത്തി നശിച്ചു.
24∙ ജൂൺ 27, 2020
പൊറ്റമ്മലിനു സമീപം പട്ടേരിയിൽ പുതുതായി ആരംഭിച്ച അപ്പോളോ ഡി വാലോ സ്വർണാഭരണ ഷോറൂമിൽ തീപിടിത്തം. ബേസ്മെന്റിൽ നിർത്തിയിട്ടിരുന്ന 22 ഇരുചക്രവാഹനങ്ങളും 3 കാറുകളും ഒരു ഓട്ടോറിക്ഷയും കത്തി നശിച്ചു.
25∙ ഡിസംബർ 29, 2020
ചെറുവണ്ണൂർ കുണ്ടായിത്തോടിൽ ദേശീയപാതയോരത്തെ മാലിന്യസംഭരണ കേന്ദ്രത്തിൽ തീപിടിച്ചു.
ഗോഡൗണിൽ ഉറങ്ങിക്കിടന്നിരുന്ന 8 അതിഥിത്തൊഴിലാളികളെ നാട്ടുകാർ വിളിച്ചുണർത്തി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
26∙ സെപ്റ്റംബർ 10, 2021
മിഠായിത്തെരുവിലെ മൊയ്തീൻപള്ളി റോഡിലുണ്ടായ തീപിടിത്തത്തിൽ ഏതാനും കടകൾ കത്തി നശിച്ചു. ആളപായമില്ല.
27∙ ഡിസംബർ 28, 2021
കൊളത്തറ റഹ്മാൻ ബസാറിലെ ചെരിപ്പു നിർമാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ 6 കോടിയുടെ നാശനഷ്ടം.
മാർക്ക് ബ്രാൻഡ് ചെരിപ്പ് ഉൽപാദകരായ റേഡിയന്റ് മോൾഡ്സ് ആൻഡ് റേഡിയന്റ് ഫുട്കെയർ കമ്പനിയിൽ ഇന്നലെ പുലർച്ചെ രണ്ടിനാണു തീ പടർന്നത്.
28∙ ജൂലൈ 19, 2022
കോർപറേഷന്റെ ചെറുവണ്ണൂർ മേഖലാ ഓഫിസിലെ സെർവർ റൂമിൽ തീപിടിത്തം. കെട്ടിട
നമ്പർ നൽകുന്ന സഞ്ചയ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിലച്ചു.
29∙ ഓഗസ്റ്റ് 23, 2022
ഫറോക്കിൽ പെയ്ന്റ് അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിൽ തീ പിടിത്തത്തിൽ ജീവനക്കാരനു പൊള്ളലേറ്റു.
അസംസ്കൃത വസ്തുക്കൾ പൂർണമായും കത്തി നശിച്ചു.
30∙ ഓഗസ്റ്റ് 31, 2022
നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിച്ച് 10 സ്കൂട്ടറുകൾ കത്തിനശിച്ചു. വയനാട് റോഡിൽ ഫാത്തിമ ആശുപത്രിക്ക് എതിർവശത്തുള്ള ഷോറൂമിൽ ആയിരുന്നു തീപിടിത്തം.
31∙ ഏപ്രിൽ 1, 2023
നഗരമധ്യത്തിൽ കല്ലായ് റോഡിലെ ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം.
4 കോടിയുടെ നഷ്ടം.
രണ്ട് അഗ്നിരക്ഷാസേനാംഗങ്ങൾക്കു പരുക്കേറ്റു.
32∙ ഒക്ടോബർ 8, 2023
വരയ്ക്കൽ തീരദേശറോഡിൽ കോർപറേഷന്റെ മാലിന്യ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഒന്നരയേക്കർ സ്ഥലത്തെ മാലിന്യങ്ങൾ കത്തി.
33∙മാർച്ച് 14, 2024
മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയോടു ചേർന്ന കെട്ടിടത്തിൽ തീപിടിത്തത്തിൽ ഒരു കെട്ടിടം പൂർണമായി കത്തി നശിച്ചു.
34∙ ജൂലൈ 6, 2024
മുതലക്കുളത്തെ ചായക്കടയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പാചകക്കാരൻ മരിച്ചു.
35∙ ഓഗസ്റ്റ് 25, 2024
ജയിൽ റോഡിലെ അക്ഷയ ഫാർമസ്യൂട്ടിക്കൽ ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഗോഡൗണിൽ കത്തിയെരിഞ്ഞതു 2 കോടിയിലേറെ രൂപയുടെ മരുന്നുകൾ.
36∙ മേയ് 2, 2025
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറി.
കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടർന്നു. സംഭവത്തിനിടെ 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.
37∙ മേയ് 5, 2025
മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും തീപിടിത്തം.
കഴിഞ്ഞ ദിവസം അപകടമുണ്ടായ പിഎംഎസ്എസ്വൈ കെട്ടിടത്തിലെ ആറാം നിലയിലെ തിയറ്റർ കോംപ്ലക്സിലാണ് പുകയും തീയും ഉണ്ടായത്.
38∙ മേയ് 6, 2025
നാലാം ഗേറ്റിനടുത്തുള്ള തേർവീട് ക്ഷേത്രത്തിനു സമീപം ആക്രി ഗോഡൗൺ കത്തി നശിച്ചു. വീടിനു മുകൾവശത്ത് പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ അട്ടിയിട്ടിരുന്ന ഭാഗമാണ് കത്തിയത്.
39∙ മേയ് 18, 2025
കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം.
75 കോടിയുടെ നഷ്ടമെന്ന് വ്യാപാരികൾ. 9 കടകൾ പൂർണമായും കത്തി.
40∙നവംബർ 29, 2025
ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം.
ഒൻപതാം നിലയിലെ എയർ കണ്ടിഷനർ ചില്ലർ പ്ലാന്റിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്, ആളപായമുണ്ടായില്ല.
41∙ ജനുവരി 1, 2026
താമരശ്ശേരി എലോക്കരയിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. 75 ലക്ഷം രൂപയുടെ നാശനഷ്ടം.
എംആർഎം ഇക്കോ സൊലൂഷൻസ് പ്രൈവറ്റ് കമ്പനി പ്ലാന്റിലാണ് തീ പടർന്നത്.
42∙ജനുവരി 9, 2026
നഗരപരിധിയിൽ പന്നിയങ്കരയിൽനിന്നു ചക്കുംകടവിലേക്കുള്ള മേൽപാലത്തിനു താഴെ കുണ്ടൂർ നാരായണൻ റോഡിന് സമീപത്തെ കെട്ടിടത്തിൽ തീപിടിത്തം. 3 കടകൾ പൂർണമായും കത്തിനശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

