ഒറ്റപ്പാലം∙ ചിനക്കത്തൂർ പൂരത്തിന്റെ ആന എഴുന്നള്ളിപ്പ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു നടത്താൻ തീരുമാനം. സബ് കലക്ടർ അൻജീത് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂരത്തിന്റെ ഔദ്യോഗിക ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു.
മാർച്ച് 2ന് ആണു ചിനക്കത്തൂർ പൂരം. നാട്ടാന പരിപാലന ചട്ടങ്ങൾ പാലിക്കണമെന്നു യോഗം നിർദേശിച്ചു.
പൂരം ദിവസം രാവിലെ വനം, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മുഴുവൻ ആനകളെയും പരിശോധിച്ചു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. ഫിറ്റ്നസ് ലഭിക്കാത്ത ആനകളെ എഴുന്നള്ളിപ്പിൽ നിന്നു മാറ്റിനിർത്തും.
എലിഫന്റ് സ്ക്വാഡും എലിഫന്റ് റെസ്ക്യൂ സ്ക്വാഡും മുഴുവൻ സമയവും പൂരപ്പറമ്പിൽ ഉണ്ടാകും. വെടിക്കെട്ട് നടത്തുന്ന പാടത്തു പഴുതടച്ചു ബാരിക്കേഡ് ഒരുക്കണമെന്നു പൊലീസ് നിർദേശിച്ചു.
പല വഴികളിലൂടെയായി കാണികൾ വെടിക്കെട്ട് നടക്കുന്ന പാടത്തിറങ്ങുന്ന സാഹചര്യത്തിലാണിത്. പൂരം ദിവസം ഒറ്റപ്പാലം മുതൽ ലക്കിടി വരെ പൂരങ്ങൾ കടന്നുവരുന്ന വഴികളിലും പൂരപ്പറമ്പിലും പൊലീസ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും.
പൂരപ്പറമ്പിൽ സിസിടിവി നിരീക്ഷണം ഒരുക്കും. പൂരപ്പറമ്പിലെ പൊലീസ് എയ്ഡ് പോസ്റ്റിനു പുറമേ, ഒറ്റപ്പാലം ദേശപ്പൂരം പുറപ്പെടുന്ന എൻഎസ്എസ്കെപിടി ഹൈസ്കൂൾ മൈതാനിയിൽ കൂടി എയ്ഡ്പോസ്റ്റ് ആവശ്യമാണെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇക്കാര്യം പരിശോധിക്കാമെന്നു പൊലീസ് അറിയിച്ചു. സ്പെഷൽ പൂരാഘോഷ കമ്മിറ്റികളുടെ റജിസ്ട്രേഷൻ പൊലീസ് സ്റ്റേഷനിൽ അടുത്ത ദിവസം തുടങ്ങും.
റജിസ്ട്രേഷൻ സമയപരിധി പൂർത്തിയാകുന്ന മുറയ്ക്ക് ഇവരുടെ യോഗം വിളിച്ചു ചേർക്കും. ദേശക്കമ്മിറ്റി ഭാരവാഹികളുടെയും കുതിര, തേര്, തട്ടിൻമേൽക്കൂത്ത് പ്രതിനിധികളുടെയും യോഗങ്ങളും പൊലീസ് പ്രത്യേകം വിളിച്ചുചേർക്കും.
പൂരം ദിവസം പതിവു പോലെ പാലക്കാട്–കുളപ്പുള്ളി പാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കുതിര, തേര് ഉൾപ്പെടെയുള്ള എഴുന്നള്ളിപ്പുകൾക്കു തടസ്സമാകാൻ സാധ്യതയുള്ള കെഎസ്ഇബി ലൈനുകളും കേബിൾ ടിവി ലൈനുകളും അഴിച്ചുമാറ്റി നൽകണമെന്നു സബ് കലക്ടർ നിർദേശം നൽകി.
ഒറ്റപ്പാലം നഗരസഭാധ്യക്ഷ എം.കെ.ജയസുധ, ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചിത്ര, തഹസിൽദാർ സി.എം.അബ്ദുൽ മജീദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പൂരക്കമ്മിറ്റി ഭാരവാഹികൾ, ദേവസ്വം പ്രതിനിധികൾ, കുതിര, തേര്, തട്ടിന്മേൽക്കൂത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മഞ്ഞപ്പിത്തം: പരിശോധന കർശനമാക്കും
ഒറ്റപ്പാലം∙ സമീപപ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട
സാഹചര്യത്തിൽ പൂരപ്പറമ്പിൽ പരിശോധന കർശനമാക്കും. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാകും പരിശോധന.
വെള്ളവും ഭക്ഷണ പദാർഥങ്ങളും കർശനമായി പരിശോധിക്കാനാണു നിർദേശം. മേഖലയിലെ സ്ഥാപനങ്ങളിലും താൽക്കാലിക സ്റ്റാളുകളിലും പരിശോധനയുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

