പനമരം∙ ജനങ്ങളെ ഭീതിയിലാഴ്ത്തി ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ. പനമരം ടൗണിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള പച്ചിലക്കാട്, ഏരനെല്ലൂരിൽ എത്തിയ 2 വലിയ കൊമ്പന്മാരാണ് ഇന്നലെ ഉച്ചവരെ പ്രദേശത്തെ ജനങ്ങളെയും വനംവകുപ്പിനെയും പൊലീസിനെയും വട്ടംചുറ്റിച്ച് നാടാകെ തലങ്ങും വിലങ്ങും പാഞ്ഞത്.
പാതിരി സൗത്ത് സെക്ഷൻ വനത്തിലെ ചെക്കിട്ട വനമേഖലയിൽ നിന്നിറങ്ങിയ 4 കാട്ടാനകളിൽ രണ്ടെണ്ണമാണ് നരസിപുഴയും പനമരം ചെറിയ പുഴയും കടന്ന് 8 കിലോമീറ്ററോളം സഞ്ചരിച്ച് വെള്ളമുണ്ട
സെക്ഷനിൽ പെട്ട ഏരനെല്ലൂരിൽ എത്തി ഒട്ടേറെ കർഷകരുടെ തെങ്ങ്, കപ്പ, വാഴ, കാപ്പി, കമുക് അടക്കമുള്ള കൃഷികൾ നശിപ്പിച്ച് നേരം പുലർന്നിട്ടും തിരിച്ചു പോകാതെ കൃഷിയിടത്തിൽ തമ്പടിച്ചത്.
രാവിലെ കാട്ടാനകളെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് മാനന്തവാടി റേഞ്ച് ഓഫിസിൽ നിന്നുള്ള വനംവകുപ്പ് ജീവനക്കാരും ആർആർടി അടക്കമുള്ളവരും സ്ഥലത്തെത്തി രാവിലെ തന്നെ കാട്ടാനകളെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു.
പ്രദേശത്തു നിന്ന് തുരത്തുന്നതിനിടെ രാവിലെ 8ന് മേച്ചേരി, വാടോച്ചാൽ പ്രദേശത്തേക്ക് നീങ്ങിയ കാട്ടാനകൾ ഒൻപതോടെ താഴെ നെല്ലിയമ്പത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെത്തി. പിന്നീട് കാടുപിടിച്ചു കിടക്കുന്ന ഈ തോട്ടത്തിൽ നിലയുറപ്പിച്ചു.
കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രദേശവാസികൾ അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുതെന്നും കൂട്ടമായി നീങ്ങരുതെന്നും തൊഴിലാളികൾ അടക്കം ജാഗ്രത പാലിക്കണമെന്നും ഉച്ചഭാഷിണിയിലൂടെ നിർദേശം നൽകി.
തുടർന്ന് പതിനൊന്നരയോടെ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ പുൽപള്ളി ഡപ്യൂട്ടി റേഞ്ചർ എം.നികേഷ് എന്നിവരുടെ നേതൃത്വത്തിൽ കാട്ടാനകളെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. പടക്കം പൊട്ടിച്ച് കാടുപിടിച്ചു കിടക്കുന്ന കൃഷിയിടത്തിൽ നിന്ന് ഇറക്കിയതോടെ കാട്ടാനകൾ നെല്ലിയമ്പം ഭാഗത്തേക്ക് നീങ്ങുകയും ഇവിടെ നിന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായ ലക്ഷംവീട് കുന്നിനു സമീപം മൈതാനി കുന്നിലെത്തി.
വീട്ടുമുറ്റത്ത് കാട്ടാനകളെ അപ്രത്യക്ഷമായി കണ്ടവർ ഭയന്നു വിറച്ച് അലറി വിളിച്ച് തലങ്ങും വിലങ്ങും പാഞ്ഞു.
ജനങ്ങളുടെയും വനംവകുപ്പിന്റെയും സമയോചിതമായ ഇടപെടലിൽ കാട്ടാനകൾ നടവയൽ – നെല്ലിയമ്പം – പനമരം റോഡിലേക്ക് ചാടി. ഈ സമയം ഇതുവഴി വന്ന കാർ യാത്രക്കാർ കാട്ടാനയ്ക്ക് മുൻപിൽ പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ കണ്ട് ഭയന്ന കാട്ടാനകളിൽ ഒന്ന് ചിന്നം വിളിച്ചാണ് കാറിന് പിന്നിലൂടെ റോഡ് മറികടന്നത്. റോഡ് മുറിച്ചുകടന്ന കാട്ടാനകൾ ചേമ്പോട്ടി വഴി കായക്കുന്നിലെത്തി ബീനാച്ചി – പനമരം പ്രധാന പാത മുറിച്ചുകടന്ന് ഉച്ചയ്ക്ക് 1.15 ന് ചെക്കിട്ട
വനമേഖലയിലേക്കു കയറി. ഇതോടെയാണ് ജനങ്ങൾക്കും വനംവകുപ്പിനും ആശ്വാസമായത്.
ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് ഏരനെല്ലൂരിൽ കാട്ടാനകളെത്തി വീണ്ടും ദുരിതം വിതച്ചത്.
വനപാലകരെയും ജനങ്ങളെയും വട്ടംചുറ്റിച്ചു
പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ 4 കാട്ടാനകളിൽ 2 എണ്ണമാണ് ശിവരാത്രി ആഘോഷ പരിപാടികൾ നടക്കുന്ന പുഞ്ചവയൽ അമ്പലത്തിനു സമീപത്തുകൂടി ഏരനെല്ലുരിൽ എത്തിയത്. രണ്ടു കാട്ടാനകൾ കായക്കുന്ന് വരെ എത്തി പുലർച്ചെ വനത്തിലേക്ക് തിരിച്ചു കയറിയിരുന്നു.
ഈ 2 കാട്ടാനകളും നേരം പുലർന്നിട്ടും തിരിച്ച് പോകാതെ എരനെല്ലൂർ അമ്പലത്തിനു സമീപത്തെ സ്വകാര്യ കൃഷിയിടങ്ങളിൽ നിലയുറപ്പിച്ചു. കാട്ടാനക്കൂട്ടത്തെ കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാവിലെ 8ന് സ്ഥലത്തെത്തിയ വനപാലകർ കൃഷിയിടത്തിൽ തമ്പടിച്ച ആനയെ തുരത്താൻ ആരംഭിച്ചു.
തുരത്തുന്നതിനിടെ പല തവണ കാട്ടാനകൾ പ്രദേശങ്ങളിലൂടെ വട്ടം കറങ്ങി വനപാലകരെയും ജനങ്ങളെയും വട്ടംചുറ്റിച്ചു.
കാട്ടാനകളെത്തിയത് 8 കിലോമീറ്റർ താണ്ടി
കാട്ടാനക്കൂട്ടം എരനെല്ലൂർ എത്തിയത് 2 പുഴകളും 4 പ്രധാന റോഡുകളും മുറിച്ചുകടന്ന് 8 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച്. പാതിരി സൗത്ത് സെക്ഷൻ ചെക്കിട്ട
ഭാഗത്ത് നിന്ന് ഞായർ രാത്രി ഇറങ്ങിയ കാട്ടാനകൾ നരസിപുഴ കടന്ന് കായക്കുന്നിലെത്തി. പിന്നീട് ഇതിൽ 2 കാട്ടാനകൾ ബീനാച്ചി – പനമരം റോഡ് മറികടന്ന് പുഞ്ചവയൽ, താഴെ നെല്ലിയമ്പം, മാത്തൂർ പ്രദേശത്തുകൂടി നടവയൽ – നെല്ലിയമ്പം – പനമരം റോഡും പനമരം ചെറിയ പുഴയും കടന്ന് മേച്ചേരി വയൽ വഴി കൽപറ്റ – മാനന്തവാടി റോഡും മറികടന്നാണ് എരനെല്ലൂർ അമ്പലത്തിനു സമീപത്തെ കുന്നിൽ എത്തിയത്.
മുൻപും പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാനകൾ ഇവിടെ എത്തിയിട്ടുണ്ട്.
കാട്ടാനകൾ പാഞ്ഞത് ജാഗ്രതാ നിർദേശങ്ങൾ നൽകാത്ത പ്രദേശങ്ങളിലേക്ക്
പനമരം∙ പച്ചിലക്കാട്, ഏരനെല്ലൂരിൽ എത്തിയ കാട്ടാനകളുടെ അന്തംവിട്ട പാച്ചിലിനിടെ ദുരന്തം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് പലരും വിശ്വസിക്കുന്നു.
കാരണം കാട്ടാന ഇറങ്ങിയതായി ജാഗ്രത നിർദേശങ്ങൾ നൽകിയെങ്കിലും തുരത്തുന്നതിനിടെ കാട്ടാനകൾ പാഞ്ഞത് ജാഗ്രത നിർദേശങ്ങൾ നൽകാത്ത ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലേക്കായിരുന്നു. നിനച്ചിരിക്കാതെ കാട്ടാനയെ കണ്ട് ജനങ്ങൾ ഭയന്ന് വിറച്ച് തലങ്ങും വിലങ്ങും പാഞ്ഞതിന് പിന്നാലെ ആൾക്കാരെ കണ്ട് കാട്ടാനകളും തോന്നും വഴിയേ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച വേലികൾ വരെ തകർത്തെറിഞ്ഞ് ഓടി.
പ്രധാന പാതയിലേക്ക് എടുത്തു ചാടിയ കാട്ടാനകൾക്ക് മുൻപിൽ നിന്ന് അത്ഭുതകരമായാണ് കാർ യാത്രക്കാർ അടക്കം രക്ഷപ്പെട്ടത്. കൃഷിയിടങ്ങളിലൂടെ പാഞ്ഞ കാട്ടാനകൾക്ക് മുൻപിൽ തൊഴിലാളികൾ അടക്കമുള്ളവർ പെട്ടെങ്കിലും യാതൊരു പ്രകോപനവും ഉണ്ടാക്കാതെയാണ് കാട്ടാന വനത്തിലേക്ക് മടങ്ങിയത്.
പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
പനമരം∙ പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് സ്ഥിരമായി കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
ഇന്നലെ ഏരനല്ലൂർ ജനവാസ മേഖലയിലെത്തിയ കാട്ടാനകളെ തുരത്തി ചെക്കിട്ട പ്രദേശത്ത് എത്തിയ ഡിഎഫ്ഒ അജിത് കെ രാമൻ അടക്കമുള്ളവരെ നാട്ടുകാർ തടഞ്ഞു നിർത്തി കാട്ടാനശല്യം മൂലമുള്ള ദുരിതവും പ്രതിഷേധവും അറിയിച്ചു.
കൂടാതെ വൈദ്യുത വേലി കടന്നു പോകുന്ന സ്ഥലത്ത് മൂന്നിടത്തായി അലാം ഘടിപ്പിക്കണമെന്നും ഇതിനു വേണ്ട തുക നാട്ടുകാർ പിരിച്ചു നൽകുമെന്നും അറിയിച്ചു.
ഇതെത്തുടർന്നു 4 കാട്ടാനകളാണ് പ്രദേശത്തെ സ്ഥിരം ശല്യക്കാരെന്നും ഇവ നാട്ടിലേക്ക് സ്ഥിരമായി ഇറങ്ങുന്ന കടവുകൾ അടയ്ക്കുമെന്നും കാവൽ ശക്തമാക്കുമെന്നും ഡിഎഫ്ഒ പറ കൂടാതെ ക്രാഷ് ഗാർഡ് വേലിയുടെ പണി ഏപ്രിൽ പകുതിയോടെ പൂർത്തീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും കാട്ടാന കന്മതിൽ ചാടിക്കടക്കുന്ന ഭാഗത്തെ മണ്ണു നീക്കി വനാതിർത്തിയോടു ചേർന്നു കിടക്കുന്ന അടിക്കാടുകൾ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ വെട്ടിത്തെളിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലാക്കമുറ്റം വാർഡ് മെംബർ വി.വി.രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ഡിഎഫ്ഒ ഉറപ്പു നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

