ആലങ്ങാട് ∙ കരിങ്ങാംതുരുത്ത്– തത്തപ്പിള്ളി പുഴയിൽ നിന്നു ലോഡ് കണക്കിനു മണ്ണും മണലും അനധികൃതമായി വാരി തോടുകളും കുളങ്ങളും നികത്തിയതായി പരാതി. ആലങ്ങാട് പഞ്ചായത്ത് അംഗം നിഷാദ് ദേവസ്സിയുടെ നേതൃത്വത്തിൽ മണലൂറ്റ് തടഞ്ഞു.
പുഴയോടു ചേർന്നു നടക്കുന്ന നിർമാണങ്ങളുടെ മറവിലാണു ഫ്ലോട്ടിങ് ജെസിബി ഉപയോഗിച്ച് പുഴയിൽ നിന്ന് അനധികൃതമായി മണ്ണും മണലും വാരിയത്. പുഴ കയ്യേറി കെട്ടിത്തിരിക്കാനും തീരദേശ പരിപാലന നിയമം ലംഘിച്ച് ഇതിനോടു ചേർന്നുള്ള തോടും കുളങ്ങളും ഉൾപ്പെടെ നികത്താനാണു മണൽ വാരിക്കൂട്ടുന്നതെന്നാണു നാട്ടുകാർ പറയുന്നത്.
ആലങ്ങാട് കരിങ്ങാംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തെ കരിങ്ങാംതുരുത്ത്– തത്തപ്പിള്ളി പുഴയോടു ചേർന്നുള്ള ഭാഗത്താണു മണലൂറ്റ് നടക്കുന്നത്. പഞ്ചായത്ത് യാതൊരു അനുമതിയും നൽകിയിട്ടില്ലെന്നാണ് അറിയിക്കുന്നത്.
രണ്ടാഴ്ച മുൻപും കോട്ടുവള്ളി തത്തപ്പിള്ളി അംബേദ്കർ കോളനിയുടെ സമീപത്തും തത്തപ്പിള്ളി പുഴ കയ്യേറി അനധികൃത നിർമാണങ്ങളും നിലം നികത്തലും നടന്നിരുന്നു.
ചോദിക്കാൻ ചെന്ന നാട്ടുകാരനു മർദനമേറ്റു. കഴിഞ്ഞ കുറച്ചു നാളുകളായി ആലങ്ങാട്– കോട്ടുവള്ളി പഞ്ചായത്തുകളുടെ പരിധിയിൽ ഭൂമാഫിയ പുഴ കയ്യേറി കെട്ടിത്തിരിക്കുകയും നിലവും തോടുകളും നികത്തുകയും ചെയ്യുന്നുണ്ട്.
തീരദേശ പരിപാലന നിയമം ലംഘിച്ചാണു കയ്യേറ്റം നടക്കുന്നത്. ഉദ്യോഗസ്ഥർ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും ചില പ്രാദേശിക നേതാക്കളുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്.
അനധികൃത മണലൂറ്റിനും കയ്യേറ്റങ്ങൾക്കുമെതിരെ ഉദ്യോഗസ്ഥരെ സമീപിക്കുമെന്നു പഞ്ചായത്ത് അംഗം നിഷാദ് ദേവസ്സി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

