സാഹിത്യം
, സിനിമ, രാഷ്ട്രീയം, രാജ്യാന്തര പഠനം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിൽ ഒരേസമയം മുദ്രപതിപ്പിച്ച വ്യക്തിത്വമാണ് മൻസൂർ പള്ളൂർ. പ്രവാസലോകത്തെ അനുഭവസമ്പത്തും മയ്യഴിയുടെ ചരിത്ര–സാംസ്കാരിക പാരമ്പര്യവും ഒരുമിച്ചുചേർന്നു രൂപപ്പെട്ട
ബൗദ്ധിക യാത്രയാണ് മൻസൂറിന്റേത്. എഴുത്തുകാരൻ, കലാമൂല്യമുള്ള സിനിമകളുടെയും ഡോക്യുമെന്ററികളുടെയും നിർമാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്, വിദേശകാര്യ കോളമിസ്റ്റ്, സാമൂഹിക–സാംസ്കാരിക സംഘാടകൻ, ആരോഗ്യ–വ്യവസായ മേഖലകളിലെ സംരംഭകൻ, ഓവർസീസ് കോൺഗ്രസ് പശ്ചിമേഷ്യ ചുമതലയുള്ള കൺവീനർ – ഇങ്ങനെ പല മേഖലകളിൽ നിറഞ്ഞുനിൽക്കുകയാണ് മൻസൂർ പള്ളൂർ.
ഇദ്ദേഹത്തിന്റെ ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?’ എന്ന ഗ്രന്ഥം ശ്രദ്ധേയമാണ്. എഐ തീമിൽ ഇന്ത്യയിലെ ആദ്യ സിനിമയായി കേന്ദ്ര സർക്കാരിന്റെ എഐ പോർട്ടലിൽ ഇടം നേടിയ ‘മോണിക്ക: ഒരു എഐ സ്റ്റോറി’യുടെ നിർമാതാവും സഹ തിരക്കഥാകൃത്തും ഗാനരചയിതാവുമാണ് ഇദ്ദേഹം.
ഈയിടെ പ്രസിദ്ധീകരിച്ച നോവൽ ‘അറബിയുടെ അമ്മ’യും മികച്ച സ്വീകാര്യത നേടി. മൻസൂർ പള്ളൂർ സംസാരിക്കുന്നു.
Qഗൗരവമുള്ള ലേഖനങ്ങളിൽനിന്ന് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞത് എങ്ങനെ?
Aമൻസൂർ പള്ളൂർ: അത് യാദൃച്ഛികമായി സംഭവിച്ചതാണ്.
എന്റെ സുഹൃത്ത് പ്രശാന്തേട്ടനുമായി സംസാരിക്കുമ്പോൾ, തമാശയായി ‘പ്രശാന്തേട്ടന്റെ മീശയെക്കുറിച്ച് ഒരു കഥ എഴുതണം’ എന്നു പറഞ്ഞു. ആ തമാശ പിന്നീട് ‘പ്രശാന്തേട്ടന്റെ മീശ’ എന്ന കഥയായി.
ലേഖനങ്ങളെക്കാൾ മികച്ച പ്രതികരണമാണ് ആ കഥയ്ക്ക് വായനക്കാരിൽ നിന്നു കിട്ടിയത്. കൂടുതൽ കഥകളെഴുതാൻ അത് പ്രചോദനമായി.
Q‘അറബിയുടെ അമ്മ’ എന്ന നോവലിന്റെ പിറവി? A ഒരു സൗദി പയ്യന്റെയും അവനെ സ്വന്തം മകനെപ്പോലെ വളർത്തിയ കോഴിക്കോടുകാരിയായ ശോഭയുടെയും കഥയാണ് ‘അറബിയുടെ അമ്മ’. ഈ കഥ ആദ്യം സിനിമാ ഇതിവൃത്തമായി പറഞ്ഞത് സുഹൃത്തും സംവിധായകനുമായ വി.സി.അഭിലാഷിനോടാണ്.
മനുഷ്യബന്ധങ്ങളുടെ, സ്നേഹത്തിന്റെ, പരിചരണത്തിന്റെ കഥയാണത്. അറബ് ലോകവുമായി എനിക്കുണ്ടായ വ്യക്തിപരമായ അടുപ്പവും പ്രവാസാനുഭവങ്ങളും ചേർന്നാണ് നോവൽ രൂപപ്പെട്ടത്.
Q അറബ് ലോകത്തെക്കുറിച്ചുള്ള എഴുത്തിൽ വൈകാരികമായ അംശം കൂടിയുണ്ടല്ലോ? A പ്രവാസം തൊഴിലുമായി മാത്രം ബന്ധപ്പെടുന്നതല്ല, ഒരു സാമൂഹിക-സാംസ്കാരിക അനുഭവമാണത്. അറബ് ലോകം ഇന്ത്യയോടും മലയാളികളോടും കാണിച്ച സ്നേഹം ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
വലിയ ജിയോപൊളിറ്റിക്കൽ ചർച്ചകളെക്കാൾ സാധാരണ മനുഷ്യരുടെ കരുതലുകളിലൂടെ ആ ലോകത്തെ വായനക്കാരിലേക്കെത്തിക്കാനാണു ഞാൻ നോവലിലൂടെ ശ്രമിച്ചത്. Q ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?’ മുതൽ ‘ആരാണ് ഭാരതീയൻ?’ വരെയുള്ള പുസ്തകരചനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ? Aആഗോള രാഷ്ട്രീയ–സാമ്പത്തിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ലോകം എവിടേക്കാണ് നീങ്ങുന്നത് എന്ന ചോദ്യം ഉയർത്തിയ പുസ്തകമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?’.
പ്രവചനസ്വഭാവമുള്ള ഗ്രന്ഥമായി എം.മുകുന്ദൻ ഉൾപ്പെടെയുള്ളവർ അതിനെ വായിച്ചതും പരാമർശിച്ചതുമാണ് എഴുത്തുകാരനെന്ന നിലയിൽ എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യം. ‘ആരാണ് ഭാരതീയൻ?’ അതിനോടൊത്തുള്ളൊരു ആത്മവിചാരമാണ്.
ആഗോളീകരണത്തിന്റെ തീരത്ത് നിൽക്കുന്ന ഒരു രാജ്യത്തെ പൗരൻ എന്ന നിലയിൽ, നമുക്കുള്ളിലെ ‘ഇന്ത്യൻ’ ആരാണ് എന്ന ചോദ്യമുയർത്തുകയാണ് ആ പുസ്തകം. പുറത്തുള്ള ലോകത്തെക്കുറിച്ചുള്ള കാഴ്ചയും ഉള്ളിലെ തിരിച്ചറിവും.
ഈ രണ്ടിനോടുമുള്ള ക്രിയാത്മക പ്രതികരണമാണ് ആ പുസ്തകങ്ങളിലെ രചനകൾ. സാം പിത്രോദയുടെ ‘Redesign the World’ മലയാളത്തിലേക്ക് ‘വരൂ, ലോകം പുനർനിർമിക്കാം’ എന്ന പേരിൽ ‘മനോരമ ബുക്സ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Qസിനിമയും എഴുത്തും.
ഏതാണ് കൂടുതൽ സ്വതന്ത്രമായ മാധ്യമം? സിനിമയെക്കുറിച്ചും എഴുതിയിട്ടുണ്ടല്ലോ? Aസിനിമ ഒരു കൂട്ടായ്മയുടെ കലാരൂപമാണ്. പലരുടെയും സഹകരണം വേണം.
എഴുത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ട്. അതേസമയം, സിനിമ വലിയൊരു സമൂഹത്തോട് നേരിട്ടുള്ള ദൃശ്യസംവാദമാണ്.
സിനിമാപഠന പുസ്തകമായ ‘മലയാള സിനിമ: ഭാവുകത്വത്തിലെ പരിണാമദിശകൾ’ എഴുതുമ്പോൾ ഞാൻ കണ്ടതും അതാണ്. സിനിമ സമൂഹത്തിന്റെ സ്വപ്നങ്ങളും നഷ്ടങ്ങളും ഒരുമിക്കുന്ന സ്ഥലമാണ്. Q ‘മോണിക്ക: ഒരു എഐ സ്റ്റോറി’ നൽകിയ അനുഭവം? A സാങ്കേതികത മനുഷ്യനെ മറികടക്കുമോ, മനുഷ്യന്റെ വികാരങ്ങൾ നാം സൃഷ്ടിക്കുന്ന യന്ത്രങ്ങളേക്കാൾ പിന്നിലാകുമോ ? ഇതായിരുന്നു ‘മോണിക്ക’യിലൂടെ സഹതിരക്കഥാകൃത്തും സംവിധായകനുമായ ഇ.എം.അഷ്റഫിനോടൊപ്പം ഞാൻ ചോദിച്ചത്.
സിനിമ കണ്ട കുട്ടികളും എന്റെ കൊച്ചുമോൾ സിവയുമെല്ലാം സമാന അർഥത്തിൽ ഉന്നയിച്ച ഒരു ചോദ്യമുണ്ട് – ‘എഐയ്ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ നമ്മുടെ അമ്മമാർ ചെയ്യില്ലേ’ എന്ന്. ആ തിരിച്ചറിവാണ് പ്രധാനം.
സാങ്കേതികത എത്ര വളർന്നാലും മനുഷ്യവികാരങ്ങൾക്കാണ് മുൻതൂക്കം എന്ന ചർച്ച സിനിമയിൽ ഉയർത്താനായതിലാണ് എന്റെ സംതൃപ്തി. കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോമായ സി- സ്പേസിൽ ഈ സിനിമ കാണാം Qസ്വതന്ത്ര പത്രപ്രവർത്തകനായി ഖത്തറിൽ നിന്നുള്ള റിപ്പോർട്ടിങ് അനുഭവങ്ങൾ? A ഇറാഖ് യുദ്ധകാലത്താണ് ഖത്തറിൽ നിന്ന് റിപ്പോർട്ട് ചെയ്തത്.
പത്രപ്രവർത്തനം എന്നത് അഭിപ്രായം പറയലല്ല, യാഥാർഥ്യത്തെ കൃത്യമായി അവതരിപ്പിക്കലാണ്. അവിടെ ഭാഷയുടെ അലങ്കാരമല്ല, കൃത്യതയാണ് പ്രധാനം.
പത്രപ്രവർത്തനമാണ് എഴുത്തുകാരനെന്ന നിലയിൽ എന്നെ കൂടുതൽ വിനയമുള്ളവനാക്കിയത്. Q മയ്യഴിയും പള്ളൂരും ജീവിതത്തിൽ എത്രത്തോളം സ്വാധീനിച്ചു?
A ഫ്രഞ്ച് അധിനിവേശത്തിന്റെ ചരിത്രഭാരവും പള്ളൂർ ഹൈസ്കൂളിലെ അധ്യാപകരും മാഹിയിലെ കലാലയ രാഷ്ട്രീയവും നാട്ടിലെ സൗഹൃദങ്ങളും ഉപ്പയുടെ ഗൾഫ് യാത്രയുടെ കഥകളും – ഇതെല്ലാം ചേർന്നതാണ് എന്റെ ഉള്ളിലെ ‘ഭൂമിശാസ്ത്രം’.
മാഹി കോളജ് യൂണിയൻ ചെയർമാനായിരുന്ന കാലത്ത് പുതുച്ചേരി സംസ്ഥാന കലാലയ യുവജനോത്സവം മാഹിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞത് സംഘാടകൻ എന്ന നിലയിൽ വലിയ അനുഭവമായി. ഉപ്പ 1957ൽ ‘ഉരു’വിൽ ഗൾഫിലേക്ക് പോയ കഥ, 2022-ൽ ‘ഉരു’ എന്ന സിനിമ നിർമിക്കാനുള്ള മാനസിക പ്രചോദനമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

