ഇരിട്ടി∙ ആറളം ഫാമിലും സമീപ ജനവാസമേഖലകളിലും ഒഴിയാതെ കാട്ടാനശല്യം. ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും ഓരോ ദിവസവും രാപകൽ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം വരുത്തുന്ന നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കലാണു ബന്ധപ്പെട്ട
അധികൃതരുടെ പ്രധാന ജോലി. ഫാമിൽ തമ്പടിച്ച കാട്ടാനകളിൽ ‘വിരുതു കൂടുതലുള്ളവ’ ഇവിടത്തെ തീറ്റയ്ക്കു ക്ഷാമം നേരിടുമ്പോൾ സമീപ ജനവാസ പ്രദേശങ്ങളിലും എത്തി വൻനാശം ഉണ്ടാക്കുകയാണ്.
മുഴക്കുന്ന്, ആറളം പഞ്ചായത്തുകളുടെ ഫാം അതിർത്തി ഗ്രാമങ്ങൾ ഏതുസമയവും കാട്ടാന എത്തുമെന്ന ഭീതിയുടെ നിഴലിലാണ്.
ഇന്നലെ പുലർച്ചെ മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാട് പഴശ്ശിരാജ കളരി അക്കാദമിക്ക് സമീപം എത്തിയ 2 കാട്ടാനകൾ മണിക്കൂറുകളോളം ഭീതിവിതച്ചു. വ്യാപക കൃഷിനാശം വരുത്തി.
നൂറുകണക്കിനു വീടുകളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് കാട്ടാനകൾ താണ്ഡവമാടിയത്. പോളിത്തീൻ കവറിനുള്ളിൽ പറിച്ചുനടാനായി വളർത്തിയ 60 തെങ്ങിൻ തൈകൾ ആനകൾ ചവിട്ടി നശിപ്പിച്ചു.
ആറളം ഫാമിൽ നിന്നും പാലപ്പുഴ കടന്നാണ് കാട്ടാനകളെത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് 8 കിലോമീറ്ററോളം അകലെയുള്ള പ്രദേശമാണിത്.
വന്യജീവി സങ്കേതത്തിൽ കഴിയേണ്ട നാൽപതോളം കാട്ടാനകൾ ആറളം ഫാമിലാണിപ്പോൾ.
ഇന്നലെ ഫാമിന്റെ പാലപ്പുഴ ഭാഗത്തെ പ്രവേശന കവാടത്തിന്റെ ഭാഗമായ 1–ാം ബ്ലോക്കിൽ നിന്നാണു കൂടലാട്ടെ കളരി അക്കാദമി വരെ ആനകൾ എത്തിയത്.
കഴിഞ്ഞ 3ന് ഇതേ റൂട്ടിൽ എത്തിയ ആന ഇരിട്ടി ടൗണിനു വിളിപ്പാടകലെ ജബ്ബാർക്കടവ് പാർക്കിൽ വരെ എത്തിയിരുന്നു. ആറളം വന്യജീവി സങ്കേതം– ഫാം അതിർത്തിയിൽ നടക്കുന്ന ആനമതിൽ നിർമാണം പൂർത്തിയാക്കി ഫാം മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ പൂർണമായി തുരത്തിയാൽ മാത്രമേ കാട്ടാനശല്യത്തിനു ശാശ്വത പരിഹാരമാകൂ. മതിൽ നിർമാണമാവട്ടെ ഇഴഞ്ഞുനീങ്ങുകയാണ്.
ആനക്കലി ദുരന്തം; ഉറപ്പുകൾ പാഴായി
ഫെബ്രുവരി 23ന് ബ്ലോക്ക് 13ൽ വെള്ളി – ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നുയർന്ന വൻ ജനകീയ പ്രക്ഷോഭത്തെ തുടർന്നു മന്ത്രി തന്നെയെത്തി ഫാമിൽ ആനകൾക്ക് താവളം ഒരുക്കുന്ന അടിക്കാട് നീക്കം ചെയ്യുമെന്നും ആനമതിൽ ഉടൻ പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകിയിരുന്നു.
ഇതിനായി നിരീക്ഷണ സമിതിയും രൂപീകരിച്ചു. കാട് വെട്ടാൻ ജനകീയ നീക്കങ്ങൾ ഉൾപ്പെടെ ഉണ്ടായി.
തുടക്കത്തിൽ കുറച്ചു ഭാഗത്ത് കാട് വെട്ടിയെങ്കിലും പൂർണമായി നീക്കം ചെയ്തില്ല. തുടർനടപടികളും ഉണ്ടായില്ല.
കഴിഞ്ഞ 10 വർഷത്തിനിടെ 14 പേർക്കാണ് ഫാമിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്. ഏതുസമയവും കാട്ടാനയുടെ ആക്രമണം ഉണ്ടാവാം എന്ന ഭീതിജനകമായ സാഹചര്യമാണ് ഫാമിൽ.
ആർആർടിയുടെ നിരന്തരസാന്നിധ്യം പകരുന്ന സുരക്ഷിതത്വം മാത്രമാണ് നിലവിലുള്ളത്.
ഇരിട്ടി ടൗണിലും കാട്ടാന?
ഇരിട്ടി ∙ ആറളം ഫാമിൽ നിന്നു ജനവാസ മേഖലയിലേക്കുള്ള ആനസഞ്ചാരത്തിൽ ഭയന്നതു സംഭവിച്ചതായി സൂചന. കഴിഞ്ഞ 3ന് നഗരത്തിൽ നിന്നു 2 കിലോമീറ്റർ അകലെ ജബ്ബാർക്കടവ് പാർക്കിൽ വരെ എത്തിയ കൊമ്പനാന ഇരിട്ടി ടൗണിന്റെ ഭാഗമായ പഴശ്ശി സംഭരണി പ്രദേശത്തും എത്തിയതിന്റെ തെളിവുകളാണ് പ്രദേശവാസികൾ കണ്ടെത്തിയിട്ടുള്ളത്.
ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിനോടു ചേർന്ന സ്ഥലത്ത് കാട്ടാന എത്തിയതിന്റെ കാൽപാടുകൾ പ്രദേശവാസിയായ ഹക്കീം പശുവിനെ മേയ്ക്കാൻ എത്തിയപ്പോഴാണ് കണ്ടത്.
ആനയുടെ കാൽപാദം പതിഞ്ഞ നിലയിൽ മണ്ണ് ഇളകിയിട്ടുണ്ട്. സംഭരണി പ്രദേശം ആയതിനാൽ ചതുപ്പ് പോലെയാണിവിടം.
ഇവിടെ നിന്നു കരയിലേക്കു കയറിയാൽ ബസ് സ്റ്റാൻഡ്, ടിസി റോഡ്, പേരാവൂർ റോഡ്, ബൈപാസ് റോഡ് എന്നിങ്ങനെ ജനങ്ങളും വാഹനങ്ങളും ഇടതടവില്ലാതെ ഉള്ള ഭാഗങ്ങളാണ്. ആന പുഴ വഴി തന്നെ മടങ്ങിയതാണ് രക്ഷയായത്.
അപകടം, തുമ്പിക്കൈയെത്തും ദൂരത്ത്; ഓപ്പറേഷൻ ഗജമുക്തിയും വിഫലമാകുന്നു
ആറളം ഫാം കൃഷിയിടങ്ങളിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യവും വിഫലമാകുന്നു.
കഴിഞ്ഞ ദിവസം ഫാമിൽ കണ്ടെത്തിയ കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിൽ ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ വരെ എത്തിച്ചെങ്കിലും കാട്ടിലേക്കു കടക്കാതെ വനപാലകർക്കു നേരെ തിരിയുകയും ഫാം മേഖലയിലേക്കു തന്നെ മാറുകയും ചെയ്തു.
ഫാം കൃഷിയിടങ്ങളും പുനരധിവാസ മേഖലയുമായി നൂറുകണക്കിനു ഹെക്ടർ സ്ഥലങ്ങൾ കാടുപിടിച്ചു വനതുല്യമാണ്. ഇവ വെട്ടിമാറ്റിയാൽ തന്നെ ആനതുരത്തൽ വിജയിപ്പിക്കാൻ സാധിക്കുമെന്നും ആനകൾ തമ്പടിക്കുന്നതു കുറയുമെന്നും ജനപ്രതിനിധികളും പ്രദേശവാസികളും സ്ഥിരമായി ആവശ്യപ്പെടുന്നതാണെങ്കിലും പ്രാവർത്തികമാകുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

