പാലക്കാട് ∙ റെയിൽവേ ജംക്ഷനിൽ ട്രെയിനിൽ നിന്നു പിടിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം അഴുകാൻ കാരണം റെയിൽവേ പാഴ്സൽ ഓഫിസ് അധികൃതരുടെ അനാസ്ഥയെന്നു പരാതി. ഒഡീഷയിൽ നിന്നു ബെംഗളൂരുവിലും അവിടെനിന്നു ഐലൻഡ് എക്സ്പ്രസ് വഴി 6നു പാലക്കാട്ടുമെത്തിച്ച മത്സ്യം പാഴ്സൽ ഓഫിസ് അധികൃതർ ഇവിടെ ഇറക്കാതിരുന്നതാണു പ്രശ്നമായത്.
മത്സ്യവുമായി ട്രെയിൻ നാഗർകോവിലിലെത്തി. ഉടമകളില്ലാത്തതിനാൽ അവിടെ പിടിച്ചിട്ടു.
മത്സ്യം കിട്ടാതായതോടെ പാലക്കാട്ടെ മത്സ്യ വ്യാപാരികൾ പരാതിയുമായി എത്തിയപ്പോഴാണു പാഴ്സൽ ഓഫിസ് അധികൃതർ അബദ്ധം തിരിച്ചറിഞ്ഞത്.
നാഗർകോവിലിൽനിന്നു പാഴ്സൽ തിരിച്ചു കയറ്റിവിടാനും വൈകി. 9നു രാത്രി ഒൻപതോടെ ഐലൻഡ് എക്സ്പ്രസിൽ തന്നെ ഇവ തിരിച്ചെത്തിച്ചു.
അപ്പോഴേക്കും മത്സ്യം ചീഞ്ഞ്, ദുർഗന്ധം വരാൻ തുടങ്ങി. ഇതോടെ ആർപിഎഫ്, റെയിൽവേ പൊലീസ് സ്ക്വാഡ് ഇവ പിടിച്ചെടുത്തു.
നാഗർകോവിലിൽ നിന്നു തിരിച്ചയച്ച മത്സ്യം അഴുകിയതാണെന്നും അവിടത്തെ റെയിൽവേ ആരോഗ്യ വിഭാഗം ഇവിടത്തെ ആർപിഎഫ് ഇന്റലിജൻസിനെ അറിയിച്ചിരുന്നു. ഇതോടെയാണ് ഇവ പിടിച്ചെടുത്തത്.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യ വ്യാപാരികൾ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു റെയിൽവേക്കു പരാതി നൽകിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.
24 പെട്ടികളിലായി രണ്ടു ടണ്ണോളം മത്സ്യമുണ്ടായിരുന്നു.
പിടിച്ചെടുത്ത മത്സ്യം റെയിൽവേ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നശിപ്പിച്ചു. പാഴ്സൽ ഓഫിസ് അധികൃതരും ചുമട്ടുത്തൊഴിലാളികളും തമ്മിലുള്ള പ്രശ്നം കാരണമാണ് മത്സ്യം ഇറക്കാതിരുന്നതെന്നും ഇതിനും മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും മത്സ്യ വ്യാപാരികൾ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

