തിരുവനന്തപുരം∙ തലസ്ഥാനത്തെ 137 സ്പാ, മസാജ് കേന്ദ്രങ്ങളിൽ 17 എണ്ണം ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് കോർപറേഷൻ കണ്ടെത്തി. 113 എണ്ണത്തിനാണ് ലൈസൻസുള്ളത്.
7 എണ്ണത്തിന് ചെറുകിട വ്യവസായ ലൈസൻസാണ്.
ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ നോട്ടിസ് നൽകും. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു കണ്ടെത്തിയാൽ അടപ്പിക്കും.
ഇന്നലെ കഴക്കൂട്ടം കേന്ദ്രീകരിച്ച് സ്പാ, വെൽനെസ് കേന്ദ്രങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും.
എന്നാൽ തലസ്ഥാനത്ത് 200 സ്പാകളുണ്ടെന്നാണു പൊലീസ് രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ട്.
നഗരത്തിനു പുറമേ കോവളം, വർക്കല, വിഴിഞ്ഞം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയിലേറെയും പ്രവർത്തിക്കുന്നത്. ചില സ്പായുടെ മറവിൽ ലഹരിമരുന്നു കച്ചവടമുൾപ്പെടെ നടക്കുന്നതായി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.
ഡോക്ടർമാരുടെ ബോർഡ് ഉൾപ്പെടെ പ്രദർശിപ്പിച്ചാണു സ്പാകളും മസാജ് സെന്ററുകളും പ്രവർത്തിക്കുന്നത്.
ലൈസൻസ് നിയന്ത്രിക്കാൻആലോചന
സ്പാ, മസാജ് കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നതിലെ അപാകത തട്ടിപ്പുകാർക്ക് വഴിയൊരുക്കുന്നു. ലൈസൻസിന് വേണ്ടി അപേക്ഷകൻ ഹാജരാക്കുന്ന സർക്കാർ അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റ് കൃത്യമാണെന്നു പരിശോധിക്കാനും കോർപറേഷൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല.
ലൈസൻസ് നൽകുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചനയുമുണ്ട്.
സ്പാ, മസാജ് കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് കോഴ്സ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ്, ഹാജർ നിർബന്ധമാക്കൽ, ഇടവിട്ടുള്ള പരിശോധനകൾ എന്നിവ നിർബന്ധമാക്കാനാണ് ആലോചന. ലൈസൻസിന് വേണ്ടി ഹാജരാക്കുന്ന രേഖകൾ കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.
പരാതിക്കാരി പറയുന്നു ‘കസ്റ്റമറെ കാണിക്കാൻ ഫോട്ടോ ആവശ്യപ്പെട്ടു’
ഫോട്ടോ വേണമെന്ന് തിരുവനന്തപുരത്തെ സ്പർശൻ സ്പാ നടത്തിപ്പുകാർ ആവശ്യപ്പെട്ടുവെന്നും നൽകാൻ വിസമ്മതിച്ചപ്പോൾ മർദിക്കാൻ ശ്രമിച്ചെന്നും മേയർ വി.വി.രാജേഷിനോട് പരാതിപ്പെട്ട
ഇരുപത്തിമൂന്നുകാരി പറഞ്ഞു. ജോലി തേടിയാണ് സ്പായിൽ എത്തിയത്.
അഭിമുഖത്തിന് പോയപ്പോൾ കസ്റ്റമറെ കാണിക്കാൻ ഫോട്ടോ വേണമെന്ന് നിർബന്ധിച്ചു. തരില്ലെന്നു പറഞ്ഞപ്പോൾ മർദിക്കാൻ ഒരുങ്ങി.
ഫോട്ടോ കൊടുത്താൽ മാത്രമേ ജോലി നൽകൂവെന്ന് സ്പാ അധികൃതർ പറഞ്ഞതായി പരാതിക്കാരി പ്രതികരിച്ചു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അധികൃതർ നടത്തിയ പരിശോധനയിൽ സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി അടപ്പിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

