കാഞ്ഞങ്ങാട്∙ കുഴിയിലൊതുങ്ങി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ മേൽനടപ്പാലം നിർമാണം. മേൽനടപ്പാലം നിർമാണത്തിന്റെ ഭാഗമായി സ്റ്റേഷന്റെ വടക്കുഭാഗത്ത് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കുഴിയെടുത്ത് മാസങ്ങൾ കഴിഞ്ഞെങ്കിലും പണി തുടങ്ങിയിട്ടില്ല.
നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ പ്ലാറ്റ്ഫോമിനു വെളിയിൽ നിന്നാണ് ഇവിടെ മേൽനടപ്പാലം നിർമിക്കുന്നത്.
3.83 കോടിയാണ് അനുവദിച്ചത്. നിലവിൽ ആഴത്തിൽ എടുത്ത കുഴി അല്ലാതെ മറ്റൊരു നിർമാണവും ആരംഭിച്ചിട്ടില്ല.
മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും പ്ലാറ്റ്ഫോമിൽ കൂന കൂട്ടിയിട്ടതിനാൽ യാത്രക്കാർക്കും ദുരിതമാണ്. ആഴത്തിൽ എടുത്ത കുഴിയിൽ വീണ് അപകടം ഉണ്ടാകാതിരിക്കാൻ താൽക്കാലിക സുരക്ഷ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാരും നാട്ടുകാരും സ്റ്റേഷന്റെ വടക്കുഭാഗത്ത് കൂടി പാലം മുറിച്ചു കടക്കുന്നത് വലിയ സുരക്ഷാഭീഷണി ആയതിനെ തുടർന്നാണ് റെയിൽവേ മേൽനടപ്പാലം അനുവദിച്ചത്.
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരണവും നടന്നിരുന്നു. 2023ലെ തിരുവോണത്തലേന്ന് കോട്ടയം സ്വദേശികളായ 3 സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചതോടെയാണ് ഇവിടെ മേൽനടപ്പാലം വേണമെന്ന ആവശ്യം ശക്തമായത്.
മറ്റു നിർമാണവുംമെല്ലെപ്പോക്കിൽ
സ്റ്റേഷനിലെ മറ്റു നവീകരണ പ്രവർത്തനങ്ങളും ഇഴഞ്ഞുനീങ്ങുകയാണ്.
ഒന്നാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവേശന കവാടത്തിന്റെയും കാത്തിരിപ്പ് മുറിയുടെയും നിർമാണവും ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാർക്കൊപ്പം റെയിൽവേ ജീവനക്കാർക്കും ദുരിതമായി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശുചിമുറി സമുച്ചയം ഒരുവർഷം മുൻപ് പൊളിച്ചു മാറ്റിയിരുന്നു.
പകരം സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിനോട് ചേർന്നുള്ള കാത്തിരിപ്പ് മുറിയിലെ ശുചിമുറിയാണ് യാത്രക്കാർ ഉപയോഗിച്ചിരുന്നത്.
ഇതും നവീകരണത്തിന് പൊളിച്ചതോടെ എസി കാത്തിരിപ്പ് മുറിയിലെ ശുചിമുറി മാത്രമാണ് ഇപ്പോൾ പ്ലാറ്റ്ഫോമിൽ ഉള്ളത്. 7.47 കോടിയുടെ നവീകരണമാണ് സ്റ്റേഷനിൽ നടക്കുന്നത്.
നിലവിൽ പടിഞ്ഞാറു ഭാഗത്തും പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നുണ്ട്. ഇതിന്റെ പണി അന്തിമഘട്ടത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

