യുക്രെയ്ൻ യുദ്ധം കനത്തതോടെ റഷ്യൻ വ്യവസായ മേഖല നേരിടുന്നത് കനത്ത തൊഴിലാളി ക്ഷാമം. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ റഷ്യയ്ക്ക് 1.1 കോടി തൊഴിലാളികളെ അധികം ആവശ്യമുണ്ടെന്നാണ് കണക്ക്.
മുൻകാലങ്ങളിൽ മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് റഷ്യ വിദേശ തൊഴിലാളികളെ കണ്ടെത്തിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കുള്ള തൊഴിലാളി കുടിയേറ്റം വർധിക്കുന്നതായാണ് കണക്ക്.
കഴിഞ്ഞ വർഷം ഇന്ത്യയും റഷ്യയും തൊഴിൽ കുടിയേറ്റം സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കാനുള്ള കരാറിൽ ഒപ്പിട്ടിരുന്നു.
2021ൽ വെറും 5,000 ഇന്ത്യക്കാരാണ് റഷ്യയിലേക്ക് ജോലിക്ക് പോയതെന്നാണ് കണക്ക്. 2024ൽ ഇത് 56,000 ആയി വർധിച്ചു.
2025ൽ 2.4 ലക്ഷമായും കൂടി. 2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ കൂടുതലായി എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
റഷ്യയിലെ നഗരങ്ങളിൽ ശുചീകരണ ജോലികൾക്കാണ് കൂടുതൽ ആൾക്കാരെ ആവശ്യമായി വരുന്നത്. നിർമാണ, ഹോട്ടൽ മേഖലകളിലും ഇത്തരം തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയില്‍ സോഫ്റ്റ്വെയർ ജോലി ചെയ്തിരുന്ന ഒരു യുവാവ് റഷ്യയില്‍ ശുചീകരണ തൊഴിലിൽ ഏര്‍പ്പെടുന്ന വാർത്ത ഇടയ്ക്ക് വൈറലായിരുന്നു.
യുഎസും ചില യൂറോപ്യൻ രാജ്യങ്ങളും ഈയിടെയായി വിദേശ തൊഴിലാളികളെ കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ 1990കൾക്ക് ശേഷം ജനനനിരക്ക് കുത്തനെ ഇടിഞ്ഞ റഷ്യയിൽ കനത്ത തൊഴിലാളി ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ആകെ ജനസംഖ്യയുടെ നാലിലൊന്നും വിരമിക്കൽ പ്രായം കഴിഞ്ഞവരാണ്. കൂടാതെ രാജ്യാന്തര തലത്തിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന് കൂടിയാണ് റഷ്യ.
എന്നു വച്ചാൽ തൊഴിലാളികളുടെ എണ്ണം ആവശ്യമുള്ളവരേക്കാൾ കുറവാണ്. അതുകൊണ്ടു തന്നെ വിവിധ മേഖലകളിൽ റഷ്യയ്ക്ക് കൂടുതൽ തൊഴിലാളികളെ ആവശ്യവുമാണ്. തൊഴിൽ വിസ ആവശ്യമായ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണ് ഇപ്പോൾ രാജ്യം തേടുന്നത്.
വിസ ആവശ്യമില്ലാത്ത മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ അടിക്കടി ജോലി മാറുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. റഷ്യയിലേക്കുള്ള തൊഴിലാളികൾക്ക് വേണ്ട
പരിശീലനം നൽകാൻ ഇന്ത്യയുടെ പല സ്ഥലങ്ങളിലും പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലുള്ളവരേക്കാൾ കുറഞ്ഞ ശമ്പളം നൽകിയാൽ മതിയെന്നതും ഇന്ത്യൻ തൊഴിലാളികൾക്ക് ഗുണകരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
8 ലക്ഷം പേർ യുദ്ധത്തിൽ, ബിസിനസുകൾക്ക് പ്രതിസന്ധി
രാജ്യത്തെ തൊഴിൽ സജ്ജരായ 5–8 ലക്ഷം വരെയുള്ളവർ യുദ്ധവുമായി ബന്ധപ്പെട്ട
തൊഴിലുകളിലാണെന്നാണ് കണക്ക്. ഇതോടെ റഷ്യയിലെ പല ബിസിനസുകളും തൊഴിലാളികളില്ലാതെ പ്രതിസന്ധിയിലായി.
റഷ്യൻ സാമ്പത്തിക മേഖലയെ ബാധിച്ച പ്രധാന പ്രശ്നമാണിതെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

