ഇറാൻ വിഷയത്തിൽ ചർച്ചയ്ക്കൊരുങ്ങി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. ബുധനാഴ്ച വാഷിങ്ടണിലാണ് ഇരു നേതാക്കളുടെയും നിർണായക കൂടിക്കാഴ്ച.
ഇറാൻ –യുഎസ് അനൗദ്യോഗിക ചർച്ച കഴിഞ്ഞ ദിവസം ഒമാനിൽ നടന്നിരുന്നു. സമാധാന ആവശ്യങ്ങൾക്കുള്ള ആണവ ഗവേഷണം നടത്താൻ അവകാശമുണ്ടെന്ന് ഇറാൻ വാദിച്ചെന്നാണ് റിപ്പോർട്ട്.
ആണവ പരീക്ഷങ്ങളിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും നിരീക്ഷണം അനുവദിക്കും. ഇതിനു പകരമായി തങ്ങൾക്ക് മേലുള്ള യുഎസ് സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിൽ യുഎസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ചർച്ചകൾ തുടരുമെന്ന് ഇരുവിഭാഗങ്ങളും അറിയിച്ചിട്ടുണ്ട്.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി കുറയ്ക്കാനുള്ള വ്യവസ്ഥകളും ചർച്ചാ വിഷയമാകണമെന്ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മേഖലയിലെ ഇറാനിയൻ അച്ചുതണ്ടിനെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നുണ്ട്. ലെബനാനിലെ ഹിസ്ബുള്ള, പാലസ്തീനിലെ ഹമാസ് തുടങ്ങിയ സംഘടനകളെ സഹായിക്കുന്നത് ഇറാനാണെന്നാണ് ഇസ്രയേൽ ആരോപണം.
അതേസമയം, ഇറാനെ ലക്ഷ്യമാക്കി യുഎസ് വലിയ സേനാ വിന്യാസമാണ് മിഡിൽ ഈസ്റ്റിൽ നടത്തിയിരിക്കുന്നത്.
വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും നിരവധി വിമാനങ്ങളും മേഖലയിൽ എത്തിച്ചിട്ടുണ്ട്. യുഎസ് ആക്രമിച്ചാൽ തിരിച്ചടി മിഡിൽ ഈസ്റ്റിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യം വക്കുമെന്നാണ് ഇറാന്റെ ഭീഷണി.
യുഎസുമായുള്ള ഒത്തുതീർപ്പ് ചർച്ചകള്‍ക്ക് ശേഷവും ഇറാൻ ഇക്കാര്യം ആവർത്തിച്ചു. കഴിഞ്ഞ വർഷം ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു.
ഖത്തറിലെ യുഎസ് സേനാ കേന്ദ്രത്തിൽ മിസൈൽ ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്.
കുതിക്കാൻ വിപണി
ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാറിനുള്ള മാര്‍ഗരേഖ പ്രഖ്യാപിച്ചതിന്റെ ആവേശം തിങ്കളാഴ്ച ഇന്ത്യൻ വിപണി തുറക്കുമ്പോൾ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. കയറ്റുമതിയുമായി ബന്ധപ്പെട്ട
മേഖലകളാകും കൂടുതൽ നേട്ടമുണ്ടാക്കുന്നത്. ഓട്ടോ, ഐടി, ഫാർമ, കെമിക്കൽ, പ്രതിരോധം, തുണിത്തരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഉയരാനുള്ള സാധ്യതയുണ്ട്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കും കൂടാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
അങ്ങനെയെങ്കിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാകും.
എഐ പേടി കഴിഞ്ഞോ
അമേരിക്കൻ ടെക് കമ്പനിയായ ആന്ത്രോപിക്ക് പുതിയ എഐ ടൂൾ പുറത്തിറക്കിയത് കഴിഞ്ഞ ആഴ്ച രാജ്യാന്തര തലത്തിൽ ടെക് കമ്പനികളുടെ ഓഹരികളെ ബാധിച്ചിരുന്നു. ഇന്ത്യയിലുൾപ്പെടെ ഐടി കമ്പനികളുടെ വിപണി മൂല്യത്തിൽ കോടികൾ ഒലിച്ചുപോയി.
എന്നാൽ ഇവയൊന്നും ടെക് കമ്പനികളെ ബാധിക്കില്ലെന്നും എഐ മേഖലയിൽ ചെലവിടൽ വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നതോടെ ഓഹരികൾ തിരികെ കയറി. അമേരിക്കൻ വിപണി മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോ സൂചിക ചരിത്രത്തിലാദ്യമായി 50,000 പോയിന്റിന് മുകളിൽ കയറിയതും വെള്ളിയാഴ്ചയാണ്.
ട്രാക്കിലേക്ക് സ്വർണം
സ്വർണം, വെള്ളി വില ചാഞ്ചാട്ടത്തിലായ വാരമാണ് കഴിഞ്ഞു പോയത്. റെക്കോർഡ് ഉയരത്തിൽ നിന്ന് താഴെ വീണ സ്വർണവും വെള്ളിയും വെള്ളിയാഴ്ച തിരികെ കയറിയിരുന്നു.
തിങ്കളാഴ്ച വിപണി തുറക്കുമ്പോഴും വില വർധിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ. ലാഭമെടുപ്പിന് ശേഷം കുറഞ്ഞ വിലയിൽ വീണ്ടും സ്വർണം വാങ്ങാൻ നിക്ഷേപകർ തിരക്കു കൂട്ടിയേക്കും.
ബയ് ദി ഡിപ്പ് പ്രവണതയാകും വിപണിയിലുണ്ടാവുക. ഇറാൻ – യുഎസ് സംഘർഷത്തിന് പരിഹാരം കാണാത്തത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇതിനൊപ്പം യുഎസിലെ തൊഴിൽ കണക്കുകൾ, ജപ്പാനിലെ തിരഞ്ഞെടുപ്പ്, ഫെഡ് നിരക്ക് കുറയ്ക്കുന്നത് തുടങ്ങിയ വിഷയങ്ങളും സ്വർണവിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഔൺസിന് 4,966 ഡോളർ എന്ന നിലയിലാണ് രാജ്യാന്തര വിപണിയിലെ സ്വർണവില.
ഇത് വീണ്ടും 5,000 ഡോളറിലേക്ക് കയറാനുള്ള സാധ്യതയുണ്ട്. കേരളത്തിൽ ഗ്രാമിന് 14,365 രൂപയാണ് സ്വർണത്തിന്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

