കൊപ്പം ∙ വേനല്‍ ശക്തമായതോടെ തൂതപ്പുഴയില്‍ ഒഴുക്കു കുറഞ്ഞു. പുഴയിലെ ജലസംഭരണികളും വറ്റി.
ശുദ്ധജല വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കൊപ്പം, വിളയൂര്‍ പഞ്ചായത്തുകൾ. ജലജീവന്‍ മിഷന്റെ കൊപ്പം, വിളയൂര്‍ സമഗ്ര ശുദ്ധജല പദ്ധതിയില്‍ നിന്നാണ് രണ്ടു പഞ്ചായത്തുകളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നത്.
പദ്ധതി സ്ഥാപിച്ചു വര്‍ഷങ്ങളായിട്ടും ജലവിതരണം മുടങ്ങാതിരിക്കാന്‍ ശാശ്വതമായ സംവിധാനം ഇതുവരെയും കൊണ്ടുവരാനായിട്ടില്ല.
എല്ലാ വര്‍ഷവും വേനലില്‍ നിയന്ത്രണം ഏർപ്പെടുത്തേണ്ട അവസ്ഥയാണ്.
ഏതു വേനലിലും ശുദ്ധജല വിതരണം മുടങ്ങാതെ നടക്കുമെന്ന വാഗ്ദാനങ്ങളുമായാണ് പദ്ധതി സ്ഥാപിച്ചത്. എന്നാല്‍ പദ്ധതി തുടങ്ങിയതു മുതല്‍ വേനലില്‍ വെള്ളം കിട്ടാറില്ല.
തൂതപ്പുഴയുടെ വിളയൂര്‍ തോണിക്കടവിലെ വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിയില്‍ നിന്ന് കരിങ്ങനാട് കുണ്ടിലെ ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്തു ശുദ്ധീകരിച്ച ശേഷമാണ് രണ്ടു പഞ്ചായത്തുകളിലേക്കും ജലവിതരണം.
എന്നാല്‍ തോണിക്കടവില്‍ പുഴയിലെ കിണറുകളില്‍ വെള്ളം വറ്റുന്നതാണ് ജലവിതരണത്തിനു നിയന്ത്രണം കൊണ്ടുവരുന്നതിനു കാരണം. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിയാത്തതിനാലാണു വെള്ളം മുടങ്ങുന്നത്.
ആദ്യം ഇടവിട്ട രണ്ടു ദിവസങ്ങളില്‍ മാത്രമായി ജലവിതരണം ഏര്‍പ്പെടുത്തും.
പിന്നീട് മൂന്നും നാലും ദിവസങ്ങളിലായി നിയന്ത്രണം കര്‍ശനമാക്കും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും എന്നാല്‍ ജലഅതോറിറ്റിയുടെ ബില്ലിൽ കുറവൊന്നും ഉണ്ടാകില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.
തോണിക്കടവില്‍ അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച മോട്ടറും പമ്പ് ഹൗസും കിണറുകളും ഉണ്ട്.
ഇതില്‍ നിന്നായിരുന്നു പമ്പിങ് നടത്തിയിരുന്നത്. എന്നാല്‍ കാലപ്പഴക്കം കാരണം പദ്ധതിയുടെ മോട്ടറും പമ്പ് ഹൗസും പുഴയിലെ കിണറുകളും കേടായി ജലവിതരണം വല്ലപ്പോഴുമായി.
ഇതിനു പരിഹാരമായാണ് അറ്റകുറ്റപ്പണികള്‍ നടത്തി എല്ലാ കാലത്തും ജലം സുലഭമായി ലഭിക്കുമെന്ന വാഗ്ദാനവുമായി ജലജീവന്‍ മിഷന്റെ സമഗ്ര ശുദ്ധജല പദ്ധതി വരുന്നത്.
എന്നാല്‍ സമഗ്ര ശുദ്ധജല പദ്ധതി കൊണ്ടും ഫലമില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. രണ്ടു ദിവസം വെള്ളം കിട്ടാതെ ഗ്രാമവാസികളുടെ തൊണ്ട
വരളുന്ന അവസ്ഥ വരും. തൂതപ്പുഴയുടെ തോണിക്കടവിൽ താൽക്കാലിക തടയണ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആശ്വാസമാകുന്നില്ല.
തൂതപ്പുഴ നീർച്ചാലായി മാറുന്നതോടെ കടുത്ത ശുദ്ധജല ക്ഷാമത്തിലേക്കാണു നാട് നീങ്ങുന്നത്. ഇതിനു ശാശ്വതമായ പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ജലവിതരണത്തിൽക്രമീകരണം
കൊപ്പം ∙ കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലും ജലസംഭരണിയിൽ നിന്ന് ദൂരം കൂടിയ പ്രദേശങ്ങളിലും ശുദ്ധജലം ലഭ്യമാകാത്ത സാഹചര്യത്തിൽ വിളയൂർ പഞ്ചായത്തിലെ പാലോളികുളമ്പ്, കണ്ടേങ്കാവ്, പൂവ്വാനിക്കുന്ന്, കൊപ്പം പഞ്ചായത്തിലെ നെടുമ്പ്രക്കാട്, മയിലാടിപ്പാറ, അടുകുറിശ്ശി, മിട്ടായിത്തെരുവ്, ഉല്ലാസ് നഗർ, മേൽമുറി സ്കൂൾ ഭാഗം, മഞ്ഞക്കുന്ന്, കരിക്കുറയിൽ സങ്കേതം, പാണപറമ്പ് സങ്കേതം, കോണിക്കൽ പറമ്പ് എന്നീ പ്രദേശങ്ങളിലും ജലവിതരണം എത്തിക്കുന്നതിന് തുടർച്ചയായി രണ്ടുദിവസം ഓരോ പഞ്ചായത്തുകളിലേക്കും ജലവിതരണം ക്രമീകരിക്കേണ്ടതിനാല്‍ നാളെ മുതൽ രണ്ടു ദിവസം തുടർച്ചയായി വിളയൂർ പഞ്ചായത്തിലേക്കും തുടർന്ന് അടുത്ത രണ്ടു ദിവസം കൊപ്പം പഞ്ചായത്തിലേക്കും ജലവിതരണം നടത്തും. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രീതിയിലായിരിക്കും ജലവിതരണം നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

