കുറുപ്പന്തറ ∙ മാഞ്ഞൂരിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. വീട്ടുമുറ്റത്തെ കൂട് തകർത്ത് തെരുവുനായ്ക്കൾ 10 ടർക്കിക്കോഴികളെ ആക്രമിച്ചു കൊന്നുതിന്നു.
മാഞ്ഞൂർ പഞ്ചായത്ത് അഞ്ചാം വാർഡ് തെങ്ങുംപള്ളിൽ സിജോ ജോസഫിന്റെ 10 കോഴികളെയാണ് തെരുവുനായ്ക്കൾ കൊന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
പത്തോളം തെരുവുനായ്ക്കൾ സംഘടിച്ചെത്തി വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുമ്പു കമ്പിവലകൊണ്ട് നിർമിച്ച കൂട് തകർത്തു.
ഭയന്നോടിയ കോഴികൾക്ക് പിന്നാലെ പാഞ്ഞ് തെരുവുനായ്ക്കൾ ഇവയെ കൊന്നുതിന്നുകയായിരുന്നു. വീട്ടുമുറ്റത്തും പരിസരത്തും ആകെ കോഴികളുടെ മാംസവും തൂവലും ചിതറിക്കിടക്കുകയാണ്.
ബഹളം കേട്ട് സിജു ഉണർന്നെങ്കിലും ഭയം മൂലം പുറത്തിറങ്ങിയില്ല.
10 കിലോയിലേറെ തൂക്കം വരുന്ന ഹൈബ്രിഡ് ഇനം കോഴികളെയാണ് തെരുവു നായ്ക്കൾ പിടികൂടിയത്. കഴിഞ്ഞദിവസം ട്യൂഷൻ ക്ലാസിലേക്ക് നടന്നുപോകുകയായിരുന്ന സഹോദരങ്ങളായ ആറാം ക്ലാസുകാരിക്കും മൂന്നാം ക്ലാസുകാരനും തെരുവുനായയുടെ കടിയേറ്റിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് ഇരുവരും.
മാഞ്ഞൂർ പിഎച്ച്സി– മാഞ്ഞൂർ റോഡിലാണ് സംഭവം. ഇരുവരും ട്യൂഷൻ സെന്ററിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലൂടെ ഓടിയെത്തിയ നായ ഇവരെ ആക്രമിക്കുകയായിരുന്നു.
മാഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വളർത്തുമൃഗങ്ങളെയും കോഴികളെയും താറവുകളെയും പിടികൂടുന്നത് പതിവായി. പഞ്ചായത്ത് കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

