കുളത്തൂപ്പുഴ ∙ സംസ്ഥാനാന്തര പാതയിലേക്കു രാത്രിസമയത്തു ചാടിയ കാട്ടുപോത്തിനെ ഇടിച്ച ഒാട്ടോറിക്ഷ പാതയോരത്തേക്കു മറിഞ്ഞ് അപകടം. പരുക്കേറ്റ ഒാട്ടോറിക്ഷ ഡ്രൈവർ വില്ലുമല മംഗലത്ത് വീട്ടിൽ ജീഷ്ണുവിനെ (22) ഗവ.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 8നു തെന്മല പാതയിലെ സീലോൺ മുക്കിലാണ് അപകടം ഉണ്ടായത്.
മറിഞ്ഞ ഒാട്ടോറിക്ഷ മരത്തിലിടിച്ചു മുൻഭാഗം തകർന്നു. തെന്മലയിൽ നിന്നു കുളത്തൂപ്പുഴയിലേക്കു വന്നതാണിത്.
ഇതിനു മുന്നിൽ പോയ ബൈക്ക് യാത്രികൻ കാട്ടുപോത്തിനെ കണ്ടു വെട്ടിത്തിരിച്ചു മാറിയതിനാൽ അപകടമുണ്ടായില്ല.
പാതയോരത്തിനു സമീപത്തായാണു വനമേഖല. ഈ ഭാഗത്ത് നാളേറെയായി കാട്ടുപോത്തുകൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്.
വരൾച്ച തുടങ്ങിയതോടെ കൂടുതൽ കാട്ടുപോത്തുകൾ ജനവാസ മേഖലയിലെ അതിർത്തിയിൽ താവളം ആക്കിയിട്ടുണ്ട്. വനാതിർത്തിയിലൂടെ ആണു കല്ലടയാർ ഒഴുകുന്നത്.
ജനവാസ മേഖലയിലും പ്രധാന പാതയിലും വരെ കാട്ടുപോത്തുകൾ എത്തുന്നതു പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്.
കാട്ടുപോത്തിന്റെ ആക്രമണത്തിലും ഇത്തരം മറ്റ് അപകടങ്ങളിലുമായി പരുക്കേറ്റ ഒട്ടേറെ പേർ ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. അമ്പലക്കടവ്, 16 ഏക്കർ, അയ്യൻ പിള്ള വളവ്, സീലോൺ മുക്ക്, ഇഎസ്എം നഗർ, നെടുവെണ്ണൂർക്കടവ് എന്നീ ഭാഗങ്ങളിലെ വനമേഖലയിലാണു കാട്ടുപോത്തുകളുടെ താവളം.
ഇവിടെ വനം വകുപ്പിന്റെ പട്രോളിങ് ശക്തമാക്കി അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

