കോന്നി ∙ മലയാള സിനിമയ്ക്ക് ഒട്ടേറെ നല്ല ഗാനങ്ങൾ സംഭാവന ചെയ്ത എസ്.പി.വെങ്കിടേഷിനു വേണ്ടി പാട്ടെഴുതിയ ഓർമയിൽ കോന്നിയൂർ ബാലചന്ദ്രൻ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ: ഞാനെഴുതിയ വരികളിലെപ്പോലെ തന്നെ ‘കാലത്തിന്നാവണിപ്പാടങ്ങളിൽ കതിർക്കാലം മാഞ്ഞുപോയ്….’’ എന്ന സങ്കടമാണ് എസ്.പി.വെങ്കിടേഷിന്റെ ആകസ്മിക വിയോഗം അറിഞ്ഞപ്പോൾ തോന്നിയത്.
1996ൽ പുറത്തിറങ്ങിയ സാമൂഹ്യപാഠം എന്ന സിനിമയുടെ ഗാനങ്ങളൊരുക്കുമ്പോഴാണ് അദ്ദേഹവുമായി ബന്ധപ്പെടുന്നത്. കോഴിക്കോട് മഹാറാണി ഹോട്ടലിലും ചെന്നൈയിലെ റിക്കോർഡിങ് സ്റ്റുഡിയോയിലുമായി ഒന്നിച്ചിടപെട്ട
സന്ദർഭങ്ങൾ മറക്കാവുന്നതല്ല.
സ്നേഹവും വിനയവും അദ്ദേഹത്തിന്റെ സഹജസ്വഭാവമായിരുന്നു. ശുദ്ധസംഗീതത്തിന്റെ ഉപാസകനായിരുന്നെങ്കിലും പലപ്പോഴും സംവിധായകരുടെ താൽപര്യത്തിനനുസരിച്ച് തട്ടുപൊളിപ്പൻ പാട്ടുകളും സൃഷ്ടിക്കേണ്ടി വന്നിട്ടുണ്ടെന്ന് തെല്ലു വിഷമത്തോടെ അദ്ദേഹം പറഞ്ഞിരുന്നു.
മെലഡിയാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. മലയാളം ഭാഷയോടും കവിതയോടും ഏറെ ഇഷ്ടമുള്ള ആളായിരുന്നു.
അക്കാലത്ത് കണ്ടുമുട്ടുമ്പോൾ കവിതകൾ പാടാൻ നിർബന്ധിക്കുമായിരുന്നു.
തന്റെ സിനിമയിലെ കവിതകളുടെ മലയാളത്തനിമ പാട്ടിലും നിലനിർത്താൻ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. സിനിമയ്ക്കു പശ്ചാത്തല സംഗീതം ഒരുക്കുമ്പോഴും പ്രഭാതത്തിന്റെയും ക്ഷേത്ര പരിസരങ്ങളിലെ ശബ്ദ ശകലങ്ങളും ഉൾപ്പെടുത്തിയിരുന്നു.
എന്റെ പാട്ട് സിനിമയിൽ ചിത്ര പാടിയെങ്കിലും യേശുദാസിനെക്കൊണ്ടു കൂടി പാടിച്ച് റിക്കോർഡ് ചെയ്യിച്ചത് എന്നോടുള്ള സ്നേഹത്തിന്റെ സമർപ്പണമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഇതരഭാഷകളിലെ സംഗീത സംവിധാനവുമായി തിരക്കിലായിരുന്നെങ്കിലും അടുത്ത കാലത്ത് ഫോണിൽ വിളിച്ച് സുഖാശംസകൾ നേർന്നിരുന്നു.
വെങ്കിടേഷിന്റെ വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നു.
അധ്യാപകനായിരുന്ന കവി കോന്നിയൂർ ബാലചന്ദ്രൻ ആനുകാലിക കവിതകളെഴുതിയാണ് ശ്രദ്ധേയനാകുന്നത്. ആകാശവാണിക്കുവേണ്ടിയും അദ്ദേഹം പാട്ടെഴുതിയിരുന്നു.
എം.ജി.രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, കെ.പി.ഉദയഭാനു തുടങ്ങിയവർ അദ്ദേഹത്തിന്റെ പാട്ടുകൾ ആകാശവാണിയിലൂടെ മലയാളിക്കു സംഭാവന ചെയ്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

