കാസർകോട്∙ കുമ്പള ആരിക്കാടി ദേശീയ പാതയിലെ ടോൾ പ്ലാസയുടെ പ്രവർത്തനം 48 മണിക്കൂറിനകം അവസാനിപ്പിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ അറിയിക്കുകയും പ്രസിഡന്റ് തന്നെ അറിയിക്കുകയുമായിരുന്നുവെന്ന് അശ്വനി പറഞ്ഞു.
ടോൾ പ്ലാസ പ്രശ്നത്തിൽ ബിജെപി നിരന്തരം ഇടപെട്ടിരുന്നതായും ബന്ധപ്പെട്ടവർക്കെല്ലാം പല തവണ കത്തയച്ചിരുന്നുവെന്നും ജില്ലാ കമ്മിറ്റി നൽകിയ കത്ത് മാനിച്ച് സംസ്ഥാന പ്രസിഡന്റ് ഇടപെടുകയും പ്രധാനമന്ത്രിയുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയതായും അശ്വിനി പറഞ്ഞു.
ടോൾ പിരിക്കുന്നത് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയോടെ ഉത്തരവ് ഇറങ്ങുമെന്നാണ് അറിയാൻ സാധിച്ചതെന്നും അശ്വിനി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഓഫിസിൽ നിന്നു ഫയലിൽ ഒപ്പിട്ടു.
തുടർന്നു ദേശീയപാത അതോറിറ്റിയുടെ ഓഫിസിൽ നിന്നു മറ്റു ഓഫിസുകളിലേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 5 വർഷം കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാത്ത മഞ്ചേശ്വരം എംഎൽഎ അവസാന നിമിഷം എന്തെങ്കിലും ചെയ്യണമല്ലോ എന്ന് കരുതിയാണ് സമരം നടത്തിയത്.
ജനങ്ങളുടെ സമാധാനം കളഞ്ഞു കൊണ്ടായിരുന്നു സമരം.
ബിജെപി സമാധാനപരമായാണ് നീങ്ങിയതെന്നും അശ്വിനി പറഞ്ഞു. ടോൾ പിൻവലിച്ച നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവർത്തകർ കുമ്പള ടൗണിൽ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, മേഖല വൈസ് പ്രസിഡന്റ് എം.വിജയകുമാർ റൈ, ജില്ലാ വൈസ് പ്രസിഡന്റ് മുരളീധർ യാദവ്, കുമ്പള മണ്ഡലം പ്രസിഡന്റ് സുനിൽ അനന്തപുരം, മണ്ഡലം ട്രഷറർ രാധാകൃഷ്ണ, സുധാകർ കാമത്ത്, വിക്രം പൈ, അജിത് എന്നിവർ നേതൃത്വം നൽകി.
ജനകീയ സമരത്തിന്റെ വിജയം: എംഎൽഎ
∙ആരിക്കാടിയിൽ സ്ഥാപിച്ച ടോൾ ബൂത്ത് നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജനകീയ സമരത്തിന്റെ വിജയമെന്ന് എ.കെ.എം.അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾക്കിടെ ജനുവരി 12 മുതലാണ് ആരിക്കാടി ടോൾ പ്ലാസയിൽ ചുങ്കം പിരിക്കാൻ തുടങ്ങിയത്.
പിറ്റേന്നു മുതൽ എംഎൽഎയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങി. 15ന് രാത്രി ടോൾ പ്ലാസയിലേക്ക് പ്രതിഷേധവുമായി വിവിധ സംഘടനകൾ എത്തിയതോടെ സംഘർഷം ഉണ്ടായി.
ടോൾ പ്ലാസയിലെ ക്യാമറകളും ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെ തകർത്തു. നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തത്.
പിറ്റേന്നു സമരം ചെയ്യാനെത്തിയ എംഎൽഎ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് സമരപ്പന്തൽ പൊളിച്ചുനീക്കി.
തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെ നടത്തി. വിഷയം എ.കെ.എം.അഷ്റഫ് നിയമസഭയിൽ ഉന്നയിക്കുകയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു.
ആക്ഷൻ കമ്മിറ്റി ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ കേസ് 11ന് പരിഗണിക്കാനിരിക്കെയാണ് ടോൾ നിർത്തിയെന്നുള്ള നിർദേശം എത്തിയത്.
ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ചേർന്നുള്ള ആക്ഷൻ കമ്മിറ്റിയാണ് ടോൾ പ്ലാസയ്ക്കെതിരെയുള്ള സമരത്തിൽ പങ്കാളിയായത്. ബിജെപിയിൽ സമരത്തിൽ നിന്നു വിട്ടു നിൽക്കുന്നതിനെതിരെ വലിയ ആരോപണമുയർന്നിരുന്നു.
എന്നാൽ ടോൾ പ്ലാസ ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നു ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

