കോട്ടയം ∙ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരത്തിൽ വലഞ്ഞ് രോഗികൾ. ഇന്നലെയാണ് കേരള ഗവ.
മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരണം ആരംഭിച്ചത്. മുതിർന്ന ഡോക്ടർമാരുടെ ചികിത്സ തേടുന്നവരാണ് ഏറെ ബുദ്ധിമുട്ടിയത്.
പലരും ജൂനിയർ ഡോക്ടർമാരെ കണ്ടുമടങ്ങി. സമരം തുടർന്നാൽ രോഗികൾ കൂടുതൽ വലയും.
2025 ജൂലൈ മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ സമരത്തിലാണ്.
സ്ഥിരം കാണുന്ന ഡോക്ടർമാർ ഇല്ലാതെ വന്നതോടെ ജൂനിയർ ഡോക്ടർമാരോട് ചികിത്സാ വിവരങ്ങൾ മുഴുവൻ ആദ്യം മുതൽ പറയേണ്ടി വന്നതു പരിശോധനാ സമയം വർധിപ്പിച്ചു. പിജി ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരും പണിമുടക്കിലില്ലാത്ത ഡോക്ടർമാരും ചേർന്നാണ് ഇന്നലെ ഒപി നിയന്ത്രിച്ചത്.മുതിർന്ന ഡോക്ടർമാരിൽ ഭൂരിഭാഗവും കെജിഎംസിടിഎ അംഗങ്ങളാണ്.
ചില ഒപികളിൽ രോഗികൾ തീരെ കുറവായിരുന്നു.
പല വിഭാഗങ്ങളിലായി 60 ഡോക്ടർമാരാണ് സമരത്തിൽ. കൂടുതൽ രോഗികളെത്തുന്ന ജനറൽ മെഡിസിൻ, അസ്ഥിരോഗം, ഇഎൻടി, യൂറോളജി വിഭാഗങ്ങളിൽ രോഗികൾ വളരെ നേരം കാത്തുനിൽക്കേണ്ടിവന്നു.
ഒരു വിഭാഗം വിദ്യാർഥികളും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ധർണയിൽ പങ്കെടുത്തു. മിക്ക വിഭാഗങ്ങളിലെയും ഒപി സേവനം മുടങ്ങിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആവശ്യങ്ങൾ
എൻട്രി കേഡർ ശമ്പളത്തിലെ കുറവു പരിഹരിക്കുക, ശമ്പളപരിഷ്കരണ കുടിശിക നൽകുക, പെൻഷൻ സീലിങ് മാറ്റുക, വേണ്ടത്ര ഡോക്ടർമാരെ നിയമിക്കാതെ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കരുത്, എൻഎംസി അംഗീകാരം നേടുന്നതിനായി ഡോക്ടർമാരെ വർക്ക് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
ഒപി ബഹിഷ്കരിച്ച ഡോക്ടർമാർ ആശുപത്രി വളപ്പിൽ പ്രകടനം നടത്തി. സൂപ്രണ്ട് ഓഫിസിന് മുൻപിൽ ധർണ യൂണിറ്റ് പ്രസിഡന്റ് ഡോ.
ഫ്രഡറിക് പോൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. എം.സദറുദ്ദീൻ അഹമ്മദ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ.
ആശിഷ്, ജോയിന്റ് സെക്രട്ടറി ഡോ. നെറ്റോ, ഡോ.
പി.വേണുഗോപാൽ, ഡോ. ജോസ്മോൻ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർപഴ്സൻ അലയ്ന, യൂണിയൻ അംഗം ഡോ.
ഫർഹാൻ എന്നിവർ പ്രസംഗിച്ചു.
നൊന്തുനീറും കാത്തിരിപ്പ്
∙ഇടുക്കിയിൽ നിന്നെത്തിയ കാൻസർ രോഗി ഓട്ടോറിക്ഷയിൽ കാത്തുകിടക്കേണ്ടി വന്നതു മണിക്കൂറുകൾ. ഇടുക്കി മാങ്കുളം സ്വദേശി ബേബി ഐസക്കിനാണു (65) ദുരവസ്ഥ. തൊണ്ടയിൽ കാൻസർ പിടിപെട്ട് 5 വർഷമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
എല്ലാ മൂന്നുമാസം കൂടുമ്പോഴും ചികിത്സയ്ക്കായി എത്തണം. ഡോക്ടറെക്കണ്ടതിന് ശേഷം 11നു വീട്ടിലേക്ക് മടങ്ങാൻ സാധിക്കാറുണ്ടെന്നും ആദ്യമായാണ് ഇതുപോലെ ബുദ്ധിമുട്ടേണ്ടി വന്നതെന്നും ബേബി ഐസക് പറഞ്ഞു.
ഇന്നലെ പുലർച്ചെ 3ന് വീട്ടിൽനിന്നു പതിവുപോലെ ഓട്ടോറിക്ഷയിൽ പുറപ്പെട്ടതാണ്.
കാൻസർ വിഭാഗത്തിൽ കാണുന്നതിന് മുൻപ് ഇഎൻടി വിഭാഗത്തിൽ കാണണമായിരുന്നു. സമരം മൂലം ഇവിടെ ഡോക്ടർമാരുടെ എണ്ണം കുറവായിരുന്നു. 8ന് ഇഎൻടി വിഭാഗത്തിലെത്തിയെങ്കിലും ഡോക്ടറെ കണ്ടത് 11.30ന്.
കാൻസർ വിഭാഗത്തിൽ ഡോക്ടറെ കണ്ടിറങ്ങിയപ്പോൾ 1.30. അതേസമയം കാൻസർ വിഭാഗത്തിൽ ഡോക്ടർമാർ സമരത്തിലില്ലായിരുന്നതിനാൽ പ്രവർത്തനം സാധാരണ പോലെ നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

