കൊല്ലം∙ ജില്ലാ ആശുപത്രിയിൽ പൊടി ശല്യം രൂക്ഷം. ഐപി വിഭാഗത്തിലെ രോഗികളും കൂട്ടിരിപ്പുകാരും ഒപിയിൽ എത്തുന്നവരും മറ്റു പരിശോധനകൾക്കായി എത്തുന്നവരും ജീവനക്കാരും പൊടി ശ്വസിച്ചു വീണ്ടും രോഗികളാകുന്ന അവസ്ഥ.
ജില്ലാ ആശുപത്രി പരിസരത്ത് പുതിയ ബഹുനില മന്ദിരങ്ങൾക്കായുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു നിന്നാണ് പൊടിപടലങ്ങൾ ഉയരുന്നതായി രോഗികളുടെ പരാതി. പൈലിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
കുഴിച്ചെടുക്കുന്ന മണ്ണ് അവിടെത്തന്നെ കൂന കൂട്ടിയിട്ടിരിക്കുകയാണ്. കാറ്റ് വീശിയടിക്കുമ്പോൾ പൊടി ആശുപത്രി കെട്ടിടത്തിന് അകത്തേക്ക് എത്തും.
വാർഡുകൾക്കും മുറികൾക്കുള്ളിലും പൊടിശല്യം രൂക്ഷമാണ്. മെഡിക്കൽ ഐസിയു, ജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം, അത്യാഹിത വിഭാഗം എന്നിവ പ്രവർത്തിക്കുന്നിടത്തും പൊടി ശല്യം ഉണ്ട്. മൂന്നും നാലും നിലകളിലേക്കും പൊടി അടിച്ചു കയറുകയാണ്.
ജില്ലാ ജില്ലാ ആശുപത്രി പ്രധാന കെട്ടിടത്തിനും സാന്ത്വന പരിപാലന വിഭാഗം,കാത്ത് ലാബ് കെട്ടിടങ്ങൾക്കും ഇടയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നത്. നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു മുൻകരുതലും എടുത്തിട്ടില്ലെന്നാണ് ആക്ഷേപം. പേ വാർഡിന് അടുത്ത് കരാർ കമ്പനിയുടെ നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന ഭാഗത്തു മാത്രമാണ് ഇരുമ്പ് ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നത്.
അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന മുറിക്കു സമീപത്ത് പേരിന് ഒരു ഷീറ്റ് മാത്രം വലിച്ചു കെട്ടിയിട്ടുണ്ട്. കാത്ത് ലാബ്, കീമോ തെറപ്പി, ഒാങ്കോളജി, എംആർഐ സ്കാൻ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എത്തുന്ന രോഗികളും പൊടിശല്യം മൂലം ബുദ്ധിമുട്ടുന്നു. 4 MINUTES AGO 19 MINUTES AGO 25 MINUTES AGO 8 മാസം മുൻപാണ് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
2025 അവസാനത്തോടെ കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പൈലിങ് ജോലികൾ പൂർത്തിയായിട്ടില്ല. കിഫ്ബി ഫണ്ടായ 144 കോടി രൂപ ഉപയോഗിച്ചാണ് 2.35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെ 11 നിലകളുള്ള 3 കെട്ടിടങ്ങൾ ഇവിടെ നിർമിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിമോർച്ചറി ഓർമയായിട്ട് ഒരു മാസം
കൊട്ടാരക്കര∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറി ഓർമയായിട്ട് ഒരു മാസം.
കാലപ്പഴക്കം വന്ന ഫ്രീസർ തകരാറിലായി പണി മുടക്കിയതോടെ മോർച്ചറി പൂട്ടുകയായിരുന്നു. പുതിയ ഫ്രീസർ വാങ്ങുന്നതിലെ നടപടി ക്രമങ്ങളും വൈകി.
പുതിയ ഫ്രീസർ എത്തി മോർച്ചറി പ്രവർത്തന സജ്ജമാകണമെങ്കിൽ ഇനിയും ഒരു മാസമെങ്കിലും വേണമെന്നാണ് പറയുന്നത്. ഇരട്ടിയോളം തുക വാടക നൽകി സ്വകാര്യ മോർച്ചറികളിലേക്ക് മൃതദേഹവുമായി ഓടേണ്ട
അവസ്ഥയാണുള്ളത്. ഇല്ലെങ്കിൽ വിദൂരത്തുള്ള പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പോകണം.
പോസ്റ്റ്മോർട്ടം ആവശ്യമായ കേസുകളുടെ കാര്യം കഷ്ടത്തിലാണ്. മൃതദേഹവുമായി താലൂക്ക് ആശുപത്രിയിൽ നിന്നും സ്വകാര്യ മോർച്ചറികളിലേക്കും അവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനായി വീണ്ടും താലൂക്ക് ആശുപത്രിയിലേക്കും എത്തിക്കണം.
മുപ്പത് വർഷം പഴക്കമായ പഴയ ഫ്രീസർ ആറു മാസം മുൻപാണ് ആദ്യം കേടായത്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് 20000 രൂപ ചെലവാക്കി നന്നാക്കി. രണ്ട് മാസത്തിനിടെ വീണ്ടും കേടായി.
ഫ്രീസർ കേടായ ഉടൻ പുതിയ ഫ്രീസർ കൂടി വാങ്ങാൻ നടപടി സ്വീകരിച്ചെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. പുതിയ ഫ്രീസർ വൈകാതെ എത്തുമെന്നാണ് താലൂക്ക് ആശുപത്രി അധികൃതർ പറയുന്നത്.
ഫ്രീസർ എത്തിയാലും പ്രവർത്തന സജ്ജമാകണമെങ്കിൽ പിന്നെയും ആഴ്ചകൾ വേണം. 18 ലക്ഷം രൂപ ചെലവിൽ വാങ്ങാൻ കരാറായെന്നാണ് ഔദ്യോഗിക വിവരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

