തൃശൂർ ∙ കേന്ദ്ര–സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.
ജനീഷിനെ പൊലീസ് മർദിച്ചുവെന്ന് ആരോപണമുയർന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെയാണ് അവിടെയും സംഘർഷമുണ്ടായത്.
പടിഞ്ഞാറേക്കോട്ട ജംക്ഷനിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിന്റെ പ്രധാന കവാടത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞിരുന്നു.
ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സമരത്തിന്റെ ഉദ്ഘാടന ശേഷവും ജലപീരങ്കി പ്രയോഗം തുടർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രകോപിതരായി. രണ്ടു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിന്നാലെ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമവും വെസ്റ്റ് സ്റ്റേഷനുള്ളിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചതും വീണ്ടും സംഘർഷത്തിനിടയാക്കി. സ്റ്റേഷനിലെത്തിച്ചശേഷവും സംഘർഷം തുടർന്നു.
ഇവിടെ വച്ചു ജനീഷിനെ പൊലീസ് മർദിച്ചുവെന്നാണ് ആരോപണം. ബെന്നി ബഹനാൻ എംപി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, പി.എ.
മാധവൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഒ. അബ്ദുറഹിമാൻകുട്ടി, ജോസ് വള്ളൂർ എന്നിവർ സ്റ്റേഷനിലെത്തി ചർച്ച നടത്തിയ ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.
അറസ്റ്റ് ചെയ്തവരെ പിന്നീടു വിട്ടയച്ചു.
ശബരിമല സ്വർണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണം സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അനധികൃത നിയമനങ്ങളിലൂടെ പിഎസ്സിയെ സർക്കാർ നോക്കുകുത്തിയാക്കിയെന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്നും ആരോപിച്ചായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.
ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു.
സംഘർഷത്തിൽ പരുക്കേറ്റ സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രമോദ്, ജില്ലാ സെക്രട്ടറി അഞ്ജന, ഹരീഷ് മോഹൻ എന്നിവർ ചികിത്സയിലാണ്.
പ്രവർത്തകനായ ടിജോ എൽത്തുരുത്തിന് ബാരിക്കേഡിന്റെ കമ്പിയിൽ കയറിയപ്പോൾ പരുക്കേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മിഥുൻ മോഹൻ, കാവ്യ രഞ്ജിത്, സംസ്ഥാന സെക്രട്ടറിമാരായ സുശീൽ, സൂരജ്, ജെറോം ജോൺ, നിഖിൽ കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിഷ്ണു ചന്ദ്രൻ, പി.കെ.
ശ്യാംകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് കെ.നായർ എന്നിവർ നേതൃത്വം നൽകി.
അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് നീക്കം: ഡിസിസി
തൃശൂർ∙ നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ പ്രതിപക്ഷ സമരങ്ങളെ അടിച്ച് ഒതുക്കാനുള്ള നീക്കമാണ് ആഭ്യന്തര വകുപ്പിന്റേതെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പൊലീസ് അതിക്രമം നടന്നത്.
സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനകത്തു വച്ച് മർദിക്കാനും പൊലീസ് ശ്രമിച്ചു.
ഈ പൊലീസുകാരുടെ വിലാസം കയ്യിലുണ്ടെന്നും വൈകാതെ മറുപടി നൽകുമെന്നും ടാജറ്റ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാക്കളെ മാരകമായി മർദിച്ച ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ആവശ്യപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാതെ മൃഗങ്ങളെ കിടത്തുന്നതുപോലെ സ്റ്റേഷനിൽ കിടത്തിയെന്നും നേതാക്കൾ ഇടപെട്ടപ്പോൾ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ജോസ് വള്ളൂർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

