കളമശേരി ∙ സീപോർട്ട് – എയർപോർട്ട് റോഡിൽ എച്ച്എംടി മുതൽ കൈപ്പടമുകൾ വളവു വരെയുള്ള ഭാഗത്തു റോഡിന് ഇരുവശത്തും കയ്യേറി സ്ഥാപിച്ചിരുന്ന കച്ചവട സ്ഥാപനങ്ങളെല്ലാം നഗരസഭ നീക്കം ചെയ്തു.
ഒരാഴ്ച മുൻപ് തുടങ്ങിയ ദൗത്യം ഇന്നലെ പൂർത്തിയാക്കി. കിഴക്കമ്പലത്തെ ഒരു രാഷ്ട്രീയ നേതാവ് സ്ഥാപിച്ചിരുന്ന അനധികൃത വർക്ഷോപ്പിന്റെ ഭാഗങ്ങളാണ് ഏറ്റവും ഒടുവിലായി നഗരസഭ പൊളിച്ചുമാറ്റിയത്.
ഇദ്ദേഹത്തിനു കയ്യേറ്റം സ്വയം പൊളിച്ചുമാറ്റാൻ 7 ദിവസം നഗരസഭ സമയം നൽകിയിരുന്നു.
അപകടകരമായ സാഹചര്യത്തിലാണ് ഇതിന്റെ പ്രവർത്തനം നടന്നിരുന്നത്. ഇവിടെ റോഡിലാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്.
സമീപത്തു റോഡിൽ തട്ടുകടയുടെ ഭാഗമായി നിർമിച്ചിരുന്ന ഭിത്തികളും നഗരസഭ തകർത്തു. യന്ത്ര സഹായത്തോടെയായിരുന്നു ഇവയെല്ലാം പൊളിച്ചത്.
പല തട്ടുകടകളും ഹോട്ടൽ സമാനമായിരുന്നു നിർമിച്ചിരുന്നത്.
ഒരു മാസത്തിനിടയിൽ പത്തോളം കടകളാണു റോഡിനു സമീപമുള്ള സ്ഥലം കയ്യേറി സ്ഥാപിച്ചത്. വീണ്ടും കടകൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങളും പലയിടത്തായി ഒരുക്കിയിട്ടിരുന്നു.
നഗരസഭയിൽ നിന്നു തട്ടുകടയ്ക്കുള്ള തിരിച്ചറിയൽ കാർഡു സമ്പാദിച്ചവർ കട വച്ചുകെട്ടി വിൽപന നടത്തിയിരുന്നു.
35,000 രൂപ മുതൽ 50,000 രൂപവരെ വാങ്ങിയാണ് വിൽപന നടത്തിയിരുന്നത്.
ചിലർ വാടകയ്ക്കും നൽകിയിരുന്നു. ഫുട്പാത്തും റോഡും കയ്യേറിയുള്ള തട്ടുകടകളിൽ രാത്രിയിൽ ഫ്ലൂറസന്റ് ട്യൂബുകൾ പ്രകാശിപ്പിച്ചുള്ള കച്ചവടം വാഹന ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
തട്ടുകടകൾക്കു മുന്നിൽ റോഡിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്കു ചെയ്യുന്നതും അപകടത്തിനിടയാക്കിയിരുന്നു.സീപോർട്ട്–എയർപോർട്ട് റോഡരികിൽ അനധികൃത തട്ടുകടകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു നഗരസഭാധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

