പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്നുള്ള കടുത്ത സമ്മർദത്തെയും വകവയ്ക്കാതെ അടിസ്ഥാന പലിശനിരക്ക് നിലനിർത്തിക്കൊണ്ട് പണനയം പ്രഖ്യാപിച്ച് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ. പലിശ 3.5%-3.75% നിരക്കിലാണ് നിലനിർത്തിയത്.
ട്രംപും പവലും പരസ്പരം വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലാത്തതിനാൽ യുഎസ് ഫെഡിന്റെ ഈ തീരുമാനം പൊതുവേ പ്രതീക്ഷിച്ചതുമാണ്.
ട്രംപ് ഭരണകൂടത്തിന്റെ ‘ഷട്ട്ഡൗൺ’ അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ആഘാതമായെന്നും പവൽ പറഞ്ഞത് ഭിന്നത രൂക്ഷമാക്കും. ‘‘പുതിയ തൊഴിലവസരങ്ങൾ കുറഞ്ഞു, പണപ്പെരുപ്പം കൂടി’’ – പവൽ പറഞ്ഞു.
പവലിന്റെ ചെയർമാൻ കാലാവധി മേയിൽ തീരും. പകരക്കാരനെ ട്രംപ് ഉടൻ പ്രഖ്യാപിക്കും.
യുഎസ് ഫെഡിൽ തന്റെ വിശ്വസ്തനെ നിയമിക്കാനും ഫെഡിന്റെ പലിശനയത്തിൽ ഇടപെടാനുമുള്ള ട്രംപിന്റെ നീക്കങ്ങൾ അമേരിക്കയ്ക്ക് സ്വയം വിനയാകുമെന്ന വിലയിരുത്തലുണ്ട്.
ലോകത്തെ ഏറ്റവും പ്രസക്തമായ കേന്ദ്രബാങ്ക് എന്നനിലയിലെ യുഎസ് ഫെഡിന്റെ വിശ്വാസ്യത തകർക്കാനേ ട്രംപിന്റെ നടപടി വഴിവയ്ക്കൂ എന്നാണ് പൊതു വിലയിരുത്തൽ. യുഎസ് ഫെഡ് കഴിഞ്ഞ യോഗങ്ങളിൽ പലിശനിരക്ക് താഴ്ത്തിയിരുന്നെങ്കിലും അതുപോരാ എന്നും ഇരട്ടിയോളം കുറയണമായിരുന്നു എന്നുമാണ് ട്രംപ് പറഞ്ഞത്.
പലിശനിരക്ക് കുറയ്ക്കാത്ത പവലിനെ ‘വിഡ്ഢി, അമേരിക്കയുടെ ശത്രു’ എന്നിങ്ങനെ വളിച്ച് വ്യക്തിപരമായും ട്രംപ് അധിക്ഷേപിച്ചിരുന്നു.
ഇറാനെ വിറപ്പിക്കാൻ ‘എബ്രഹാം ലിങ്കൺ’, മുക്കുമോ മുങ്ങുമോ?
ആണവ കരാറിന് തയാറായില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ അടക്കമുള്ള വമ്പൻ ‘അർമാഡ’ ഇറാനെ ലക്ഷ്യമാക്കി അയച്ചിട്ടുണ്ട്. അർമാഡ എന്നാൽ വലിയ ആയുധശേഖരങ്ങളുള്ള കപ്പൽപ്പട.
നിലവിൽ ഇറാന് റിസർവ് ഫോഴ്സ് അടക്കം 10 ലക്ഷത്തോളം സൈനികരുണ്ട്.
എന്നാൽ, ഉടനൊരു സംഘർഷമുണ്ടായാൽ ‘എബ്രഹാം ലിങ്കണ്’ മുന്നിൽ പിടിച്ചുനിൽക്കാൻ ഇറാന് പ്രയാസമായിരിക്കും എന്നാണ് വിലയിരുത്തൽ. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരിക്കും ഇറാന്റെ പ്രത്യാക്രമണം.
എന്നാൽ, ഇവയെയെല്ലാം നിലംതൊടാതെ തകർക്കാനുള്ള അത്യാധുനിക സൗകര്യങ്ങൾ യുഎസ്എസ് എബ്രഹാം ലിങ്കണുണ്ട്.
മാത്രമല്ല, ന്യൂക്ലിയർ പവർ വിമാനവാഹിനിക്കപ്പൽ കൂടിയായ എബ്രഹാം ലിങ്കണിൽ വൻ പ്രഹരശേഷിയുള്ള ആയുധങ്ങൾ, ഫൈറ്റർ ജെറ്റുകൾ, ഹെലികോപ്ടറുകൾ, മിസൈൽ ഡിസ്ട്രോയറുകൾ, അമേരിക്കയുടെ ‘മാസ്റ്റർപീസ്’ എന്നു വിശേഷിപ്പിക്കാവുന്ന ടോമഹോക് മിസൈലുകൾ തുടങ്ങിയവയുമുണ്ട്.
ഫത്താ-2 മിസൈലുകളാണ് ഇറാന്റെ തുറുപ്പുചീട്ട്. ഇതുൾപ്പെടെയുള്ള അത്യാധുനിക ആയുധശേഖരങ്ങളുപയോഗിച്ച് യുഎസ് പടയ്ക്ക് കനത്ത നാശം വിതയ്ക്കാൻ ഇറാനു കഴിഞ്ഞേക്കുമെങ്കിലും മേധാവിത്തം നേടാൻ പ്രയാസമായിരിക്കും എന്നും പ്രതിരോധ രംഗത്തുള്ളവർ വിലയിരുത്തുന്നു.
ഫലത്തിൽ, ഇറാൻ ട്രംപിന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ മധ്യേഷ്യ സാക്ഷിയാവുക കനത്ത യുദ്ധത്തിന് തന്നെയായിരിക്കും.
സ്വർണവും എണ്ണയും ‘നിന്നു കത്തുന്നു’
റഷ്യ-യുക്രെയ്ൻ, ഇറാൻ-അമേരിക്ക സംഘർഷങ്ങൾ, യുഎസ് ഫെഡിന്റെ പലിശനയം, ട്രംപ്-പവൽ ഭിന്നത എന്നിവയുടെ പശ്ചാത്തലത്തിൽ സ്വർണവില ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമനേടി കത്തിക്കയറുകയാണ്. ഇന്നുരാവിലെ ഒരുഘട്ടത്തിൽ ഔൺസിന് 500 ഡോളറിനുമുകളിലെ ഒറ്റക്കുതിപ്പിൽ രാജ്യാന്തരവില 5,578.85 എന്ന സർവകാല ഉയരത്തിലെത്തി.
രാജ്യാന്തര വില ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് 2 രൂപയോ രണ്ടര രൂപയോ കൂടാം.
അപ്പോൾ 500 ഡോളർ കൂടിയാലോ? ഇന്ന് ഒറ്റദിവസം പവന് 10,000 രൂപ കൂടിയാലും അദ്ഭുതപ്പെടേണ്ട! 10,000 രൂപ ഒറ്റയടിക്ക് കൂട്ടാൻ വ്യാപാരികൾ തയാറായേക്കില്ല.
എങ്കിലും, ഇന്ന് കേരളത്തിൽ സ്വർണത്തിന് മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം കനത്ത വർധന പ്രതീക്ഷിക്കാം.
ഇറാൻ ആഗോള എണ്ണ ഉൽപാദന, വിതരണരംഗത്തെ നിർണായക ശക്തിയാണ്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ് ഗൾഫിൽ നിന്നുള്ള എണ്ണ രാജ്യാന്തര വിപണിയിലെത്തുന്നത്.
അമേരിക്കയുമായുള്ള സംഘർഷഭീതിയുടെ പശ്ചാത്തലത്തിൽ എണ്ണവിതരണം തടസ്സപ്പെട്ടേക്കാം എന്ന വിലയിരുത്തലുണ്ട്. ഇതുമൂലം ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്.
ഡബ്ല്യുടിഐ ഇനത്തിന് വില ബാരലിന് 1.31% മുന്നേറി 63.21 ഡോളറിലും ബ്രെന്റ് വില 1.73% വർധിച്ച് 68.74 ഡോളറിലും എത്തി.
എണ്ണവില കൂടുന്നത് ഇന്ത്യയ്ക്ക് സാമ്പത്തിക ആഘാതമാകും. കാരണം, ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 90% വരെയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, എണ്ണവാങ്ങാൻ കൂടുതൽ പണം ചെലവഴിക്കേണ്ട
സ്ഥിതിയാണ്. ഇത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടാനും രാജ്യത്ത് പണപ്പെരുപ്പം വർധിക്കാനും വഴിയൊരുക്കും.
രൂപ തളരും. പിന്നാലെ ഓഹരി വിപണിയും.
This article will be updated…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

