ഇന്ത്യ –യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിലെ വ്യവസ്ഥകൾ തിരിച്ചടിയാകുമെന്ന ആശങ്കയിൽ പാക്കിസ്ഥാനും ബംഗ്ലദേശും. ഇരുരാജ്യങ്ങളിലെയും പ്രധാന കയറ്റുമതി ടെക്സ്റ്റൈൽ ഉൽപന്നങ്ങളാണ്.
വ്യാപാര കരാർ നിലവിൽ വന്നാൽ ഇന്ത്യക്ക് ടെക്സ്റ്റൈൽ ഉൽപന്നങ്ങൾ തീരുവ രഹിതമായി യൂറോപ്യൻ വിപണിയിലെത്തിച്ച് കുറഞ്ഞ വിലയിൽ വിൽക്കാം. ഇതോടെ തങ്ങളുടെ സാധ്യത ഇല്ലാതാകുമോയെന്നാണ് പാക്കിസ്ഥാന്റെയും ബംഗ്ലദേശിന്റെയും ആശങ്ക.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും യൂറോപ്യൻ വിപണിക്ക് പകരം യുഎസിലേക്ക് കയറ്റുമതി വർധിപ്പിക്കണമെന്നും ഷഹബാസ് ഷെരീഫ് സർക്കാരിനോട് പാക്കിസ്ഥാൻ ടെക്സ്റ്റൈൽ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കണക്കുകൾ ഇങ്ങനെ
പാക്കിസ്ഥാൻ നിലവിൽ 9 ബില്യൻ ഡോളറിന് തുല്യമായ ഉൽപന്നങ്ങളാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതിൽ 65 ശതമാനവും തുണിത്തരങ്ങളാണ്.
ഇന്ത്യയിൽ നിന്നെത്തുന്ന ഉയർന്ന ഗുണമേന്മയുള്ള തുണിത്തരങ്ങളോട് മത്സരിക്കാൻ ഇപ്പോൾ തന്നെ പാക്കിസ്ഥാൻ കഴിയുന്നില്ല. വ്യാപാര കരാർ കൂടി സാധ്യമായാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് പാക്ക് വ്യാപാരികളുടെ വിലയിരുത്തൽ.
2024ൽ പാക്കിസ്ഥാൻ 6.2 ബില്യൻ ഡോളറിന്റെയും ഇന്ത്യ 5.6 ബില്യൻ ഡോളറിന്റെയും തുണിത്തരങ്ങള്‍ യൂറോപിൽ വിറ്റെന്നാണ് പാക്കിസ്ഥാന്റെ കണക്ക്.
യൂറോപ്യൻ യൂണിയന്റെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) വഴി പാക്കിസ്ഥാന് തീരുവ ഇളവ് ലഭിച്ചത് കൊണ്ടാണ് ഇന്ത്യയേക്കാൾ കണക്കിൽ മുന്നിലെത്താൻ കഴിഞ്ഞത്. അടുത്തുതന്നെ ഈ ഇളവ് പിൻവലിക്കാനോ നിയന്ത്രണം ഏർപ്പെടുത്താനോ സാധ്യതയുണ്ട്.
അതേസമയം, നിലവിൽ ശരാശരി 12 ശതമാനം തീരുവ നൽകേണ്ട ഇന്ത്യൻ ഉൽപന്നങ്ങൾ നികുതിയില്ലാതെ യൂറോപിലെത്തും.
ഇതോടെ പാക്കിസ്ഥാന്റെ യൂറോപ്യൻ വിപണി കൂടി ഇന്ത്യ കയ്യടക്കുമെന്ന് പാക്കിസ്ഥാൻ ടെക്സ്റ്റൈൽ കൗൺസിൽ ചെയർമാൻ ഫവാദ് അൻവർ പറഞ്ഞു.
തീരുവ ഇളവിന് പുറമെ ഇന്ത്യ പ്രഖ്യപിച്ച വ്യവസായ സൗഹൃദ നയങ്ങളും പാക്കിസ്ഥാന് തിരിച്ചടിയാകുമെന്നാണ് അൻവറിന്റെ വാദം. വ്യവസായങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതിയും അസംകൃത വസ്തുക്കൾക്ക് കുറഞ്ഞ വിലയും ഇൻസെന്റീവുകളും നൽകിയാണ് ഇന്ത്യൻ സർക്കാർ ടെക്സ്റ്റൈൽ മേഖലയെ സംരക്ഷിക്കുന്നത്.
എന്നാൽ ഉയർന്ന വൈദ്യതി നിരക്കും നികുതി ഭാരവും പാക്കിസ്ഥാനിലെ വ്യവസായങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വർഷങ്ങളുടെ അധ്വാനഫലമായി പാക്കിസ്ഥാൻ നേടിയെടുത്ത യൂറോപ്യൻ വിപണി എന്നന്നേക്കുമായി നഷ്ടപ്പെടും.
ഇതോടെ ആയിരങ്ങൾക്ക് തൊഴിൽ നഷ്ടവും വിദേശനാണ്യ വരുമാനത്തിൽ വൻ ഇടിവുണ്ടാകുമെന്നും അൻവർ പറയുന്നു. യൂറോപിലേക്കുള്ള പാക്കിസ്ഥാന്റെ ടെക്സ്റ്റൈൽ കയറ്റുമതിയിൽ ചുരുങ്ങിയത് 5–10 ശതമാനം കുറവുണ്ടാകുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. അതായത് ഏകദേശം 5,600 കോടി രൂപ.
ടെൻഷൻ ഇവർക്കും
പാക്കിസ്ഥാനെ കൂടാതെ യൂറോപിലേക്ക് തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ബംഗ്ലദേശ്, വിയറ്റ്നാം, ചൈന, ഫിലിപീൻസ് തുടങ്ങിയ രാജ്യങ്ങള്‍ക്കും മദര്‍ ഓഫ് ഓൾ ഡീൽസ് ഭീഷണിയാകും.
കഴിഞ്ഞ വർഷം ടെക്സ്റ്റൈൽ രംഗത്തെ കയറ്റുമതിയിലൂടെ ബംഗ്ലദേശ് നേടിയത് 16 ബില്യൻ ഡോളറിന് മുകളിലാണ്. തീരുവ ഇല്ലാതെ കയറ്റുമതി സാധ്യമായതാണ് ബംഗ്ലദേശിന് നേട്ടമായത്.
എന്നാൽ തീരുവ ഇളവ് ഇക്കൊല്ലം അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. അങ്ങനെ വന്നാൽ തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് ബംഗ്ലദേശിലെ ടെക്സ്റ്റൈൽ കയറ്റുമതിക്കാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
30–40 ബില്യൻ ഡോളറിലെത്തും
അതേസമയം, ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതി അധികം വൈകാതെ 30–40 ബില്യൻ ഡോളറിലേക്ക് വളരുമെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറയുന്നത്.
കാര്‍ഷിക രംഗം കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണിത്. ഏതാണ്ട് നാല് കോടി ആളുകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.കരാർ നടപ്പിലായാൽ 60–70 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ ഈ മേഖലയിൽ പുതുതായി വരും.
തീരുവ രഹിതമായി തുണിത്തരങ്ങൾ കയറ്റുമതി ചെയ്തിരുന്ന ബംഗ്ലദേശ് പോലുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

