മലയിൻകീഴ് ∙ ‘2 മിനിറ്റ്. അത്രയും മതിയായിരുന്നു ബിസ്മിറിന്റെ ജീവൻ രക്ഷിക്കാൻ…’ കാവിൻപുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാൽ ഇസിയാൻ മൻസിലിൽ പി.ബിസ്മിർ (37) ജീവൻ വെടിഞ്ഞതിന്റെ കാരണങ്ങൾ എണ്ണിപ്പറയുകയാണു ഭാര്യ ജാസ്മിൻ. കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ബിസ്മിർ 19ന് പുലർച്ചെയാണു ജാസ്മിനൊപ്പം വിളപ്പിൽ ആശുപത്രിയിൽ എത്തുന്നത്.
ആശുപത്രി സിസിടിവി ദൃശ്യത്തിൽ എല്ലാം വ്യക്തമാണ്.ഇരുവരും ആശുപത്രിയുടെ പ്രധാന വാതിലിൽ എത്തുമ്പോൾ സമയം രാത്രി 1.28. വാതിൽ അടച്ചിരുന്നതിനാൽ ജാസ്മിൻ ബെല്ലടിച്ചു.
ആരും പുറത്തേക്കു വന്നില്ല. അസ്വസ്ഥതയേറിയപ്പോൾ ബിസ്മിർ ചുമച്ചു.
അവിടെയുണ്ടായിരുന്ന കസേരയിൽ ഇരുന്നു. അപ്പോഴും വാതിൽ തുറന്നിരുന്നില്ല.
ജാസ്മിൻ വീണ്ടും ബെല്ലടിച്ചു. ഏറെ അവശനായ ബിസ്മിർ എഴുന്നേറ്റതും മറിഞ്ഞുവീഴാൻ തുടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
ആരും എത്താത്തതിനാൽ ജാസ്മിൻ വീണ്ടും ബെല്ലടിക്കുന്നു.
നാലാം തവണ ബെല്ലടിച്ചിട്ടും ആരും പുറത്തെത്തിയില്ല. ഇതിനിടെ, ആശുപത്രി പരിസരത്തുണ്ടായിരുന്ന ഒരാൾ എത്തി ഇരുവരോടും സംസാരിച്ചു.
പിന്നാലെ കതക് തുറന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മൂവരും കടക്കുന്നു. അപ്പോൾ സമയം 1.30.താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നെബുലൈസേഷൻ നൽകിയതെന്നു ജാസ്മിൻ പറഞ്ഞു.
ബോധം നഷ്ടമായ ബിസ്മിറിന് അടിയന്തര പ്രഥമ ശുശ്രൂഷ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണു പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാനായി 1.39നാണ് ആംബുലൻസ് പുറപ്പെടുന്നത്.
അപ്പോഴേക്കും ബിസ്മിറിന്റെ ജീവൻ നഷ്ടമായിരുന്നു.
വേണ്ടത്ര ജീവനക്കാരില്ല
വിളപ്പിൽ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിൽ ബിസ്മിറിന് ഉടൻ ചികിത്സ ലഭിക്കുമായിരുന്നു. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 7 ഡോക്ടർമാരാണുള്ളത്. ഇതിൽ 2 പേർ പഞ്ചായത്ത് പദ്ധതി പ്രകാരവും 2 പേർ എൻഎച്ച്എം വഴിയും നിയമിച്ചവരാണ്.
ആകെയുള്ളത് 5 വീതം നഴ്സും നഴ്സിങ് അസിസ്റ്റന്റും മാത്രം. ഇതിൽ ഒരാൾ മാത്രമാണു പുരുഷൻ.
പുതിയ തസ്തിക സൃഷ്ടിച്ച് നിയമനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് പരാതി.
ചികിത്സ വൈകിയിട്ടില്ലെന്ന് അധികൃതർ
വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗി ചികിത്സ ലഭിക്കാതെ മരിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.എൻ.സുനിതയും സെക്രട്ടറി ഡോ.ബിന്ദുധരനും അറിയിച്ചു. രോഗി മരിച്ച സംഭവം അത്യന്തം വേദനാജനകമാണ്. ആശുപത്രി കെട്ടിടത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന ഗ്രിൽ വാതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അടച്ചിടാറുള്ളത്.രോഗി ആശുപത്രിയിൽ എത്തി മിനിറ്റുകൾക്കകം തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രോഗിയെ പരിശോധിക്കുകയും അടിയന്തര ചികിത്സ ആരംഭിക്കുകയും ചെയ്തെന്നു ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

