കൊച്ചി ∙ ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ് ചെയ്തു നീക്കുന്നതിനുള്ള കരാർ കാലാവധി ദീർഘിപ്പിച്ചു നൽകും. നിലവിൽ ബയോമൈനിങ് ചെയ്തതിനു പുറമേയുള്ള മാലിന്യം കൂടി സംസ്കരിച്ചു നീക്കാനാണു കരാർ കാലാവധി 4 മാസത്തേക്കു കൂടി ദീർഘിപ്പിക്കുന്നത്.
ഇതുവഴി 24.33 കോടി രൂപയുടെ അധിക ബാധ്യത കൂടി കോർപറേഷനുണ്ടാകും. 27നു ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം കരാർ കാലാവധി ദീർഘിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യത്തിലെ 7.58 ലക്ഷം ടൺ മാലിന്യമാണ് ഇതുവരെ കരാർ കമ്പനി സംസ്കരിച്ചത്.
ഇതിൽ 7.15 ലക്ഷം ടൺ മാലിന്യം സ്ഥലത്തു നിന്നു നീക്കം ചെയ്തു.
ഇതിനു മാത്രം 118.30 കോടി രൂപയാണു കോർപറേഷനു വരുന്ന ചെലവ്. ഈയിനത്തിൽ 5.45 കോടി രൂപ മാത്രമാണ് കോർപറേഷൻ ഇനി കരാർ കമ്പനിക്കു നൽകാനുള്ളത്.എന്നാൽ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സർവേ പ്രകാരം 8.44 ലക്ഷം ടൺ മാലിന്യമാണു ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്നത്.
ഇതിൽ ബയോമൈനിങ് ചെയ്തു നീക്കിയതിനു പുറമേയുള്ള 1.44 ലക്ഷം ടൺ മാലിന്യം ബയോമൈനിങ് നടത്താനാണു കരാർ നീട്ടി നൽകുന്നത്. ടണ്ണിന് 1690 രൂപ പ്രകാരം ഇതു കൂടി നീക്കം ചെയ്യുമ്പോഴേക്കും മൊത്തം ബയോമൈനിങ് ചെലവ് 143 കോടി രൂപയായി ഉയരും.
ബ്രഹ്മപുരത്തെ ബയോമൈനിങ് ചുമതല പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജി എന്ന കമ്പനിക്ക് 2023 നവംബറിലാണു കോർപറേഷൻ നൽകിയത്.
രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ ടണ്ണിന് 1690 രൂപ നിരക്കിലായിരുന്നു കരാർ. കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പറഞ്ഞാണ് ഉയർന്ന തുക കമ്പനി ഈടാക്കിയത്.16 മാസത്തേക്കായിരുന്നു കരാറെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യമിട്ട
7 ലക്ഷം ടൺ മാലിന്യം സംസ്കരിച്ചു നീക്കാൻ കമ്പനിക്കു കഴിഞ്ഞില്ല. തുടർന്ന് 9 മാസത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകിയെങ്കിലും നേരത്തേ പറഞ്ഞ നിരക്കിൽ ഒരു കുറവുമുണ്ടായില്ല.
ഫലത്തിൽ ബയോമൈനിങ് കമ്പനിക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഇതുവഴിയുണ്ടായത്.
‘സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കും’
ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം ഇനിയും നീക്കം ചെയ്യാനുണ്ടെന്ന് അവിടം സന്ദർശിച്ചതിൽ നിന്നു വ്യക്തമായിരുന്നു. ഇക്കാര്യം മന്ത്രി എം.ബി.
രാജേഷുമായി നടത്തിയ ചർച്ചയിലും അറിയിച്ചിരുന്നു. ബയോമൈനിങ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മേയർ വി.കെ.
മിനിമോൾ പറഞ്ഞു. രണ്ടര ലക്ഷം ടണ്ണോളം മാലിന്യം അവിടെ ഇനിയും കെട്ടിക്കിടപ്പുണ്ടെന്നാണു കരുതുന്നത്.
മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇതു നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ സഹായം അഭ്യർഥിച്ചിരുന്നു. മന്ത്രി അനുകൂലമായാണു പ്രതികരിച്ചത്– മേയർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

