തിരുവനന്തപുരം ∙ തലസ്ഥാനത്ത് ഓവർബ്രിജ് മുതൽ സമ്മേളന വേദിയായ പുത്തരിക്കണ്ടം മൈതാനം വരെ വഴിയരികിൽ കാത്തുനിന്നവർക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. 10.24നു വിമാനമിറങ്ങിയ മോദി, 11നാണ് ഓവർബ്രിജ് പരിസരത്തെത്തിയത്. റോഡ് ഷോയ്ക്കായി നിശ്ചയിച്ച സ്ഥലത്തിനു മുൻപ് വഴിയരികിൽ ആളുകൾ നിൽക്കുന്നതു കണ്ട
അദ്ദേഹം വാഹനത്തിൽ നിന്നിറങ്ങി. വാഹനത്തിന്റെ പടിയിൽ കയറിനിന്ന് ഇരുകൈകളും മാറിമാറി വീശി അഭിവാദ്യം ചെയ്തു.
കഥകളിയും തെയ്യവും തിറയും ചെണ്ടമേളവും മയിൽനൃത്തവുമടക്കം കലാരൂപങ്ങളും വാദ്യഘോഷങ്ങളും അകമ്പടിയായി. പ്രവർത്തകർ അദ്ദേഹത്തിനു പുഷ്പവൃഷ്ടി നടത്തി. വന്ദേമാതരം ഉറക്കെ ആലപിച്ചു.
ശംഖനാദത്തിന്റെ അകമ്പടിയിൽ വിശ്വാസസംരക്ഷണ മുദ്രാവാക്യങ്ങളും മുഴങ്ങി. സ്വാമി അയ്യപ്പന്റെയും ശബരിമലയുടെയും ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളും പ്രവർത്തകർ ഉയർത്തിക്കാട്ടി.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള പ്രവർത്തകരും റോഡ് ഷോയ്ക്ക് എത്തിയിരുന്നു.
അധികാരം പിടിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വികസന രേഖ അവതരിപ്പിക്കും എന്ന പ്രഖ്യാപനത്തിൽ 29ാം ദിവസം തന്നെ പ്രധാനമന്ത്രിയെ തിരുവനന്തപുരത്ത് എത്തിച്ചതിന്റെ ആവേശത്തിലായിരുന്നു ബിജെപി നേതാക്കൾ.
താമര ചിഹ്നവും പ്ലക്കാർഡുകളും നേരത്തെ തയാറാക്കി പ്രവർത്തകർക്ക് നൽകി. സ്വാമി ശരണം വിളികൾ സദസ്സിലുയർന്നു.
പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ വേദിയിലെ പരിപാടിയും ലൈവായി പ്രധാന വേദിയിൽ കാണിച്ചതോടെ അവിടെ നടന്ന പ്രസംഗത്തിനും ഇപ്പുറത്തെ വേദിയിൽ കയ്യടി ഉയർന്നു.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം രണ്ടു ചടങ്ങുകളിലും പരിഭാഷപ്പെടുത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ പ്രധാനമന്ത്രിക്ക് അയ്യപ്പ വിഗ്രഹങ്ങൾ സമ്മാനിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ, മേയർ, ഡപ്യൂട്ടി മേയർ എന്നിവരും പ്രധാനമന്ത്രിക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആണെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി സദസ്സിനെക്കൊണ്ട് പലതവണ വന്ദേമാതരം വിളിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

