തൃശൂർ ∙ അഞ്ച് വർഷത്തിനു ശേഷം സർവീസ് പുനരാരംഭിച്ച തൃശൂർ– ഗുരുവായൂർ പാസഞ്ചർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.ഇതിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന യാത്രയ്ക്കായി ഇന്നലെ രാവിലെ സ്പെഷൽ ട്രെയിൻ എത്തിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ ഒരുക്കിയ വേദിയിൽ പ്രത്യേക സ്ക്രീനിൽ തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യുന്നത് കാണിച്ചു. ട്രെയിൻ ഓടി തുടങ്ങുന്നത് 26നാണ്.
സമയക്രമം ഇങ്ങനെ: വൈകിട്ട് 6.10ന് പുറപ്പെട്ട് 6.50ന് തൃശൂരിൽ എത്തും. തിരിച്ച് തൃശൂരിൽ നിന്ന് 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിൽ എത്തും.
പൂങ്കുന്നത്ത് മാത്രം നിർത്തും.
ഗുരുവായൂർ–തൃശൂർ ടിക്കറ്റ് നിരക്ക് 10 രൂപ.ആദ്യ യാത്രയിൽ നഗരത്തിലെ സ്കൂൾ വിദ്യാർഥികളും പങ്കാളികളായി. ലോക്കോ പൈലറ്റുമാരെ സുരേഷ് ഗോപി ആദരിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. തുടർന്ന് മധുരപലഹാരങ്ങളും വിതരണം ചെയ്തു.
കോവിഡ് കാലത്ത് സർവീസ് നിർത്തിയ പാസഞ്ചർ പിന്നീട് പുനരാരംഭിച്ചിരുന്നില്ല. യാത്രക്കാരുടെ ഏറെനാളായിട്ടുള്ള ആവശ്യമായിരുന്നു ഈ ട്രെയിൻ പുനരാരംഭിക്കണമെന്നത്. ആദ്യ യാത്ര നഗരത്തിലെ പൂങ്കുന്നം സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, സംസ്ഥാന സമിതി അംഗം എം.എസ്. സമ്പൂർണ, കൗൺസിലർമാരായ വിൻഷി അരുൺകുമാർ, പൂർണിമ സുരേഷ്, മുംതാസ് താഹ, രഘു നാഥ് സി.മേനോൻ, രേഷ്മ മേനോൻ, പത്മിനി ഷാജി, കൃഷ്ണ മോഹൻ, വിനോദ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

