ആലപ്പുഴ ∙ തിരഞ്ഞെടുപ്പിൽ മുന്നണി രാഷ്ട്രീയത്തിന്റെ പേരിൽ എല്ലാ മതക്കാരുടെയും വോട്ട് നേടിക്കഴിഞ്ഞാൽ സ്വന്തം മതത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന മുസ്ലിം ലീഗ് പോലുള്ള പാർട്ടികൾ ഭരണഘടനാലംഘനമാണു നടത്തുന്നതെന്ന് എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗം ആരോപിച്ചു. മതത്തിന്റെ പേരിൽ പാർട്ടിയുണ്ടാക്കി സ്വയം അവകാശങ്ങൾ എഴുതിയെടുക്കാൻ നോക്കുന്നവരുടെ മതനിരപേക്ഷ അവകാശവാദം കാപട്യമാണ്.
അതിനെ എസ്എൻഡിപി യോഗം ഇനിയും ചോദ്യം ചെയ്യും.
സാമൂഹികനീതിക്കു വേണ്ടിയുള്ള യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ ദുർവ്യാഖ്യാനം ചെയ്ത് അദ്ദേഹത്തെ വർഗീയവാദിയാക്കാനുള്ള ശ്രമത്തെ അവഗണിക്കുന്നു. മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല. മലപ്പുറം ഉൾപ്പെടെ കേരളത്തിൽ എല്ലായിടത്തും മതനിരപേക്ഷ മൂല്യങ്ങൾ ഉറപ്പാക്കണം.
കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമ്പോഴൊക്കെ ഖജനാവിലെ പണത്തിന്റെ 65% വിനിയോഗിക്കുന്ന വകുപ്പുകൾ മതവാദി പാർട്ടികളുടെ മന്ത്രിമാരെ ഏൽപിക്കുന്നു.
മതന്യൂനപക്ഷങ്ങൾ വോട്ട്ശക്തിയിൽ അധികാര ഭൂരിപക്ഷമാകുമ്പോൾ ഭൂരിപക്ഷ സമുദായം വോട്ട് വിനിയോഗ ശക്തിയിൽ ഛിന്നഭിന്നമായി ന്യൂനപക്ഷമാകുന്നു. ഈ അനീതി തുറന്നു കാട്ടുന്ന വെള്ളാപ്പള്ളി നടേശനെയും മറ്റു ഭൂരിപക്ഷ സമുദായ നേതാക്കളെയും വർഗീയവാദികളാക്കാൻ തീവ്ര മതപക്ഷ കൂട്ടുകെട്ടുകൾ ഒന്നായി ശ്രമിക്കുന്നു.
അവരെ പ്രീതിപ്പെടുത്തി അധികാരത്തിലെത്താൻ കപട മതനിരപേക്ഷവാദികളായ ചില രാഷ്ട്രീയ നേതാക്കൾ വെള്ളാപ്പള്ളിയെ നിരന്തരം ആക്ഷേപിക്കുന്നു.
ചില ബെനാമി മാധ്യമങ്ങൾ അതിന് അമിത പ്രചാരണം നൽകുന്നെന്നും യോഗം ആരോപിച്ചു.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.
എം.എൻ.സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ പി.സുന്ദരൻ, വി.എസ്.എൻ.ബാബു, സി.എം.ബാബു, പി.കെ.പ്രസന്നൻ, സന്ദീപ് പച്ചയിൽ, ഷീബ, വിപിൻ രാജ്, ടി.പി.മന്മഥൻ, എബിൻ അമ്പാടി, ബേബി റാം, ഷാജി ബത്തേരി, എ.സോമരാജൻ എന്നിവർ പ്രസംഗിച്ചു.
വി.ഡി.സതീശനുമായുള്ള പ്രശ്നം പുകഞ്ഞ കൊള്ളി: വെള്ളാപ്പള്ളി
വി.ഡി.സതീശനുമായുള്ള പ്രശ്നം പുകഞ്ഞ കൊള്ളിയാണെന്നും അതു പുറത്തിട്ടുകഴിഞ്ഞെന്നും എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘‘സതീശൻ ഞങ്ങളുടെ ചർച്ചാവിഷയമല്ല.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും പറയാത്ത ചിലതാണു സതീശൻ പറയുന്നത്. അതിനെ ഞങ്ങൾ അവജ്ഞയോടെ തള്ളുന്നു.
മുതിർന്ന നേതാക്കൾ ഇതേപ്പറ്റി അഭിപ്രായം പറയട്ടെ. ’’ – വെള്ളാപ്പള്ളി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

