ചപ്പാരപ്പടവ്∙ കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച ചപ്പാരപ്പടവ് പാലം പുനരുദ്ധരിക്കാനുള്ള നടപടി വർഷങ്ങളായിട്ടും എങ്ങുമെത്തിയില്ല. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള പാലമാണ്.
തൂണുകളും സ്ലാബുകളും ജീർണാവസ്ഥയിലാണ്. തൂണുകളുടെയും ബീമുകളുടെയും കോൺക്രീറ്റ് ഭാഗങ്ങൾ അനുദിനം അടർന്നുവീഴുന്നു.
രണ്ടു മാസം മുൻപ് ബീമിന്റെയും സ്ലാബിന്റെയും ഭാഗങ്ങൾ ഇതിനടിയിലൂടെ കടന്നുപോകുന്ന റോഡിലേക്ക് അടർന്നുവീണിരുന്നു. ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായത്.
കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണതിനെ തുടർന്ന് കേൺക്രീറ്റിനുള്ളിലായിരുന്ന കമ്പി പുറത്തായ നിലയിലാണ്.
സ്ലാബുകളുടെ അടിവശങ്ങളിലും കമ്പി പുറത്തായ നിലയിലാണ്. കമ്പികൾ തുരുമ്പിച്ചു തുടങ്ങി.
ഒഴുകി വന്ന മരങ്ങൾ ഇടിച്ച് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചു. മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങളിലും വെള്ളപ്പൊക്കത്തിലുമാണ് വൻമരങ്ങൾ ഒഴുകിയെത്തി തൂണുകളിൽ ഇടിച്ചത്.
ഇടിച്ച ഭാഗത്തെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്. 4 വർഷങ്ങൾക്കു മുൻപ് പൊതുമരാമത്ത് ബലപ്പെടുത്തുമെന്നു പ്രഖ്യാപിച്ച പാലങ്ങളുടെ ലിസ്റ്റിൽ ചപ്പാരപ്പടവ് പാലവും ഉൾപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു.
ഇതിനിടെ ഒട്ടേറെ തവണ പാലം പരിശോധനയ്ക്ക് വിധേയമാക്കുകയും പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഒടുവിൽ ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സംഘവും പാലം പരിശോധിച്ചു.
പിന്നീട് അധികൃതരുടെ ഭാഗത്തുനിന്നു കേട്ടത് പാലം ബലപ്പെടുത്തലിന് വൻതുക ചെലവഴിക്കേണ്ടി വരുമെന്നും അതിനാൽ പുനർനിർമാണമാണ് അഭികാമ്യമെന്നുമാണ്. ഇതെല്ലാം കഴിഞ്ഞ് രണ്ടര വർഷമായിട്ടും തുടർനടപടി ഒന്നുമുണ്ടായില്ല.
അതേസമയം മലയോരത്തെ ഒട്ടേറെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായതിനാൽ ഇത് ബലപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
“മലയോരത്തെ ഒട്ടേറെ മേഖലകളെ ബന്ധിപ്പിക്കുന്ന ചപ്പാരപ്പടവ് പാലം പുനർനിർമിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തും. പാലത്തിന്റെ ബലക്ഷയത്തിന് ഓരോദിവസവും ആക്കംകൂടുകയാണ്.
ദുരന്തത്തിനു കാത്തുനിൽക്കാതെ സർക്കാർ ഇതിൽ ഇടപെടണം.”
സജി ഓതറ, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

