കൽപറ്റ ∙ നെന്മേനി കോളിയാടി സ്വദേശി രേഷ്മയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ബ്ലേഡ് മാഫിയയ്ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാക്കുന്നു. കുറ്റക്കാർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകിയതായി ചെയർമാനും നെന്മേനി പഞ്ചായത്ത് പ്രസിഡന്റും കൂടിയായ എ.കെ.ഗംഗാധരൻ ആത്താർ, കൺവീനർ എബി ജോസഫ് എന്നിവർ പറഞ്ഞു.
രേഷ്മയുടെ ഭർത്താവ് ജിനേഷ് കഴിഞ്ഞ ജൂലൈ 4ന് ഇസ്രയേലിലെ ജറുസലേമിനു സമീപം ജോലിസ്ഥലത്ത് ദുരൂഹസാഹചത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
രേഷ്മ കഴിഞ്ഞ മാസമാണ് ആത്മഹത്യ ചെയ്തത്. കോളിയാടിയിൽ ഭർത്താവിന്റെ പേരിൽ ആകെയുള്ള വീടും 10 സെന്റ് ഭൂമിയും പലിശസംഘം കൈവശപ്പെടുത്തുമെന്ന ഭീതിയാണ് രേഷ്മയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.
ബത്തേരിയിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനം നടത്തിയിരുന്ന ജിനീഷ് 2021ൽ ബത്തേരി സ്വദേശികളിൽ നിന്നു 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിനായി കാലിയായ മുദ്രപ്പത്രങ്ങളും 4 ചെക് ലീഫുകളും ഈടുനൽകിയിരുന്നു.
വായ്പയിൽ 14 ലക്ഷത്തിലധികം രൂപ തിരികെ നൽകിയിരുന്നു. എന്നിട്ടും 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പലിശസംഘം ജിനീഷിനെ ഭീഷണിപ്പെടുത്തുകയും ഒരുവട്ടം ആക്രമിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ചു ബത്തേരി പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ലെന്നും ഇവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ജിനീഷ് ഇസ്രയേലിൽ ജോലിക്കുപോയത്.
അവിടെ ഒരു വീട്ടിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ജിനീഷിന്റെ മരണം.
ഭർത്താവിന്റെ വേർപാടിൽ മനംനൊന്തുകഴിയുകയായിരുന്ന രേഷ്മയെ പലിശസംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും കോടതിയിൽ കേസ് നൽകുകയും ചെയ്തിരുന്നു. കേസിൽ കോടതിയിൽനിന്നു നോട്ടിസ് ലഭിച്ചതിനു പിന്നാലെയായിരുന്നു രേഷ്മയുടെ മരണം. ഭീഷണി സംബന്ധിച്ച് രേഷ്മ നൽകിയ പരാതി ബത്തേരി പൊലീസ് ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചതെന്നും ഇവർ ആരോപിച്ചു.
ഇസ്രയേലിൽ ജിനീഷ് മരിക്കാനിടയായ സഹചര്യത്തിൽ സമഗ്രാന്വേഷണത്തിനും സാമ്പത്തിക സഹായത്തിനും ഇടപെടുന്നതിന് പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ, പ്രിയങ്ക ഗാന്ധി എംപി എന്നിവർക്ക് നിവേദനം നൽകുമെന്നും ഇവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

