തിരുവനന്തപുരം∙ റേഷൻകടകൾ വഴി വിതരണം ചെയ്യാനായി വലിയതുറ സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ച അരലക്ഷം കിലോ ഗ്രാം ഭക്ഷ്യധാന്യങ്ങൾ (19.87 ലക്ഷം രൂപയുടെ) മറിച്ചു കടത്തിയ സംഭവത്തിൽ അന്വേഷണം വിജിലൻസിന് വിട്ട് സർക്കാർ. 2021ൽ നടന്ന തിരിമറിയിൽ 4 വർഷം കഴിഞ്ഞിട്ടും അന്വേഷണം നടത്താത്തതു സംബന്ധിച്ചു 2025 നവംബറിൽ മലയാളമനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നായിരുന്നു നടപടി. സപ്ലൈകോ എം.ഡി വി.എം.ജയകൃഷ്ണൻ നൽകിയ പരാതിയിൽ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് കേസ് റജിസ്റ്റർ ചെയ്തു.
വിജിലൻസ് ഇൻസ്പെക്ടർ ജെ.ആർ.രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാളെ മുതൽ അന്വേഷണം ആരംഭിക്കും.2021 ഏപ്രിൽ 1 മുതൽ ജൂലൈ 26 വരെയുള്ള കാലയളവിലായി 52,771 കിലോഗ്രാം റേഷൻ സാധനങ്ങളാണ് കാണാതായത്.
ചാല സബ് ഡിപ്പോയിൽ പ്രവർത്തിച്ചിരുന്ന എൻഎഫ്എസ്എ ഗോഡൗൺ 2021 ഏപ്രിൽ 1നാണു വലിയതുറ ഗോഡൗണിലേക്ക് മാറ്റിയത്. പിന്നീട് ധാന്യ സൂക്ഷിപ്പിൽ ഉണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ഗോഡൗൺ കസ്റ്റോഡിയനെ സ്ഥലം മാറ്റി.
കസ്റ്റോഡിയന്റെ ചുമതല കൈമാറുന്നതിനു മുന്നോടിയായി ജൂൺ 6ന് ജൂനിയർ മാനേജർ കണക്കെടുത്തപ്പോഴാണു സ്റ്റോക്കിൽ ഭീമമായ കുറവ് കണ്ടെത്തിയത്. തുടർന്ന് കസ്റ്റോഡിയനെ സപ്ലൈകോ സസ്പെൻഡ് ചെയ്തു.
ഗോഡൗണിലെ തിരിമറി സംബന്ധിച്ചു നിരന്തരം വാർത്തകൾ വന്നതോടെ സപ്ലൈകോ വിജിലൻസ് വകുപ്പുതല അന്വേഷണം നടത്തുകയും പൊലീസിനോ, പൊലീസ് വിജിലൻസിനോ കേസ് അന്വേഷണം വിടണമെന്ന് ശുപാർശ ചെയ്തു ജൂലൈ 13ന് സപ്ലൈകോ ചെയർമാന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
സപ്ലൈകോ ഉത്തരവിനെ തുടർന്ന് ഡിപ്പോ മാനേജർ ഇ–മെയിൽ വഴി വലിയതുറ പൊലീസിൽ പരാതി അയച്ചെങ്കിലും മൊഴി നൽകാൻ ഹാജരായില്ല. മൊഴി ലഭിക്കാതെ കേസ് എടുക്കാനാകില്ല എന്ന് പറഞ്ഞ് പൊലീസും ഉഴപ്പി.
സപ്ലൈകോ ഉദ്യോഗസ്ഥരും പൊലീസും ഒത്തുകളിച്ച് തിരിമറിയിലെ അന്വേഷണം കുഴിച്ചുമൂടി. ഒത്തുകളിയിൽ കരാറുകാരുടെ ഇടപെടലുണ്ടെന്ന് പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും അന്വേഷണത്തിന് നടപടിയുണ്ടായില്ല.
പിന്നീട് സപ്ലൈകോ ഓഡിറ്റ് വിഭാഗം പരിശോധന നടത്തി 18.49 ലക്ഷം രൂപ ജീവനക്കാർക്ക് ബാധ്യത നിശ്ചയിച്ച് 2022 മേയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. മൂന്നു വർഷം ഈ ഫയൽ അനങ്ങിയില്ല. വലിയതുറ ഗോഡൗണിലെ ക്രമക്കേടിൽ അന്വേഷണവും ബാധ്യത ഈടാക്കലും അട്ടിമറിച്ചതു സംബന്ധിച്ചു 2 മാസം മുൻപ് മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നായിരുന്നു വിജിലൻസ് അന്വേഷണത്തിന് നടപടിയായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

