എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാർക്ക് ഇനി മുതൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലെ പണം ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകളിലൂടെ പിൻവലിക്കാം. ക്ലെയിമിന് അപേക്ഷിച്ച് ഏറെക്കാലം കാത്തിരിക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയും.
ഈ സംവിധാനം ഏപ്രിൽ മുതൽ നടപ്പിലാക്കാനാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ആലോചിക്കുന്നത്. രാജ്യത്തെ എട്ട് കോടിയോളം വരുന്ന ഇപിഎഫ് അംഗങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
എന്താണ് മാറ്റം
ഇപിഎഫ് ഫണ്ടിലെ ഒരു ഭാഗം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾക്ക് വേണ്ടി മാറ്റിവക്കും.
ബാക്കി തുക ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ച യുപിഐ ആപ്പിലൂടെ പിൻവലിക്കാം. യുപിഐ ആപ്പിലൂടെ പെൻഷൻ ഫണ്ടിലെ ബാലൻസ് തുക മനസിലാക്കാനും ആവശ്യമെങ്കിലും മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിയും.
സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി യുപിഐ പിൻനമ്പർ ഉപയോഗിച്ചാകും ഇടപാടുകൾ സാധ്യമാവുക. പെൻഷൻ ഫണ്ടിൽ നിന്നും പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാൽ സാധാരണ യുപിഐ ഇടപാടുകൾ സാധ്യമാവുകയും ആവശ്യമെങ്കിൽ എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനും സാധിക്കും.
ഇതുസംബന്ധിച്ച സോഫ്റ്റ്വെയറിലെ പിഴവുകൾ പരിഹരിക്കുന്നതിനുള്ള അവസാന ഘട്ട ശ്രമങ്ങളിലാണ് ഇപിഎഫ്ഒ.
നിലവില്‍ പിഎഫ് അക്കൗണ്ടിലുള്ള സ്വന്തം പണം പിൻവലിക്കണമെങ്കിലും വരിക്കാർ അപേക്ഷ നൽകി കാത്തിരിക്കണം.
ഓൺലൈൻ വഴിയുള്ള ഓട്ടോ സെറ്റിൽമെന്റ് സംവിധാനം നിലവിലുണ്ടെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ഇതിന് ദിവസങ്ങളുടെ കാലതാമസവും ഉദ്യോഗസ്ഥ തലത്തിലുള്ള പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. സെറ്റിൽമെന്റുമായി ബന്ധപ്പെട്ട
അഞ്ച് കോടി അപേക്ഷകളാണ് പ്രതിവർഷം ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നതെന്നാണ് കണക്ക്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വരിക്കാർക്കൊപ്പം ഉദ്യോഗസ്ഥ തലത്തിലും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ബാങ്ക് പോലെ പിൻവലിക്കാനാകില്ലേ
വരിക്കാരുടെ പണം സൂക്ഷിക്കുന്നുണ്ടെങ്കിൽ പോലും ഇപിഎഫ്ഒയിൽ നിന്ന് സാധാരണ ബാങ്കിലെ പോലെ പണം പിൻവലിക്കാൻ കഴിയില്ല.
ഇപിഎഫ്ഒയ്ക്ക് ബാങ്കിംഗ് ലൈസൻസ് ഇല്ലാത്തതാണ് ഇതിനുള്ള തടസം.
എത്ര വരെ പിൻവലിക്കാം
ഇപിഎഫ്ഒ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുള്ള നീക്കത്തിലാണ് നിലവിൽ കേന്ദ്രസർക്കാർ. വരിക്കാർക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ടിലുള്ള പണം ഭാഗികമായി പിന്‍വലിക്കാനുള്ള അനുമതി 2025 ഒക്ടോബറിൽ ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് നൽകിയിരുന്നു.
ഇതനുസരിച്ച് ആകെയുള്ള ഇപിഎഫ്ഒ ഫണ്ടിൽ നിന്ന് 75 ശതമാനം വരെ വരിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി പൂർണമായും പിൻവലിക്കാം. തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും വിഹിതവും ചേർത്തുള്ള തുകയാണിത്.
ചികിത്സ, വിദ്യാഭ്യാസം, വിവാഹം പോലുള്ളവക്കും ഭവന നിർമാണം, പ്രത്യേക സാഹചര്യം എന്നീ കാരണങ്ങള്‍ക്കുമാണ് പണം പിൻവലിക്കാൻ കഴിയുന്നത്.
ഇതിന് തൊഴിലാളി 12 മാസമെങ്കിലും കുറഞ്ഞത് ജോലി ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. അഞ്ച് ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാൻ കഴിയുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

