ചെറുതല്ല, ചെറുതാഴത്തിന്റെ നേട്ടം
പിലാത്തറ∙ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി 1973 ൽ തുടക്കം കുറിച്ച ചെറുതാഴം ക്ഷീര വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാനത്തെ മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് വളർച്ചയുടെ വഴിയിലെ നേട്ടമായി. സഹകരണ പ്രസ്ഥാനത്തിന്റെ മേന്മ കൂടി ലക്ഷ്യം വച്ചു കർഷകർക്കു നല്ല വിലയും പൊതുജനത്തിനു നല്ല പാലും നൽകുക എന്നതാണു സംഘത്തിന്റെ മുദ്രാവാക്യം. 2020 മുതൽ ‘ചെറുതാഴം മിൽക്’ എന്ന പേരിൽ പുതിയ ബ്രാൻഡായി ആധുനിക മാറ്റത്തിന് തുടക്കം കുറിച്ചു. ഇപ്പോൾ ഒരു ദിവസം 35,000 ലീറ്റർ പാൽ ആണ് സംഘം സംഭരിക്കുന്നത്.
ഫ്രഷ് മിൽക്കായും പ്രോസസ്ഡ് മിൽക്കായും നെയ്യായും തൈരായും മോരായും സംഭാരമായും ഇത് ഉപഭോക്താക്കളിൽ എത്തുന്നു.
ചെറുതാഴം പഞ്ചായത്ത് പരിധിയിലെ 230 ക്ഷീര കർഷകരിൽ നിന്നു ജില്ലയിലെ തന്നെ പത്തിലേറെ പരമ്പരാഗത ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും പാൽ സംഭരിക്കുന്നു. പിലാത്തറയ്ക്കടുത്ത് നരിക്കാംവള്ളിയിലെ 3500 ചതുരശ്ര അടി വരുന്ന ഡെയറി പ്രോസസിങ് പ്ലാന്റിലാണ് നിലവിൽ പാൽ സംഭരണവും സംസ്കരണവും.
മണിക്കൂറിൽ 2000 ലീറ്റർ പാൽ കൈകാര്യം ചെയ്യാനുളള ശേഷി ഈ പ്ലാന്റിനുണ്ട്. 3 ഷിഫ്റ്റായി 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കുന്നു.
ദിവസം ഒരു ലക്ഷം ലീറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ള പുതിയ പ്ലാന്റിന്റെ നിർമാണം പരിയാരം മെഡിക്കൽ കോളജിനു സമീപം കുറുവയിൽ ആരംഭിച്ചിട്ടുണ്ട്.
മണിക്കൂറിൽ 10,000 ലീറ്റർ പാൽ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടാകും. 6.16 ഏക്കർ സ്ഥലത്താണ് പ്ലാന്റിന്റെ നിർമാണം.
50,000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്ലാന്റിനു പുറമേ ഡയറി ഫാമും ഫാം ടൂറിസവും സംഘം ലക്ഷ്യമിടുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 72 കോടിയാണ്.
എ.വി. രവീന്ദ്രൻ പ്രസിഡന്റും കെ.എം.
രാധിക സെക്രട്ടറിയുമായുള്ള ആറംഗ ഭരണ സമിതിയാണ് നിലവിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

