തൊടുപുഴ ∙ ആലക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് തകർന്നതോടെ അഞ്ച് പഞ്ചായത്തിലേക്കുള്ള ജലവിതരണം നിലച്ചു. ഇഞ്ചിയാനി പാലപ്പിള്ളി ഭാഗത്താണ് പ്രധാന പൈപ്പ് പൊട്ടിയത്.
ഇതോടെ ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്.
കേടായ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ ഇന്നലെ രാവിലെ മുതൽ ആരംഭിച്ചെങ്കിലും ഇത് പൂർത്തിയാകാൻ മൂന്ന് ദിവസം കൂടി എടുക്കുമെന്നാണ് പറയുന്നത്. വീതികുറഞ്ഞ റോഡിന്റെ മധ്യഭാഗത്തു കൂടിയാണ് വലിയ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്.
പൈപ്പ് നന്നാക്കാനായി റോഡിന്റെ മധ്യഭാഗം കുഴിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. ബസുകൾ അഞ്ചിരി വഴി തിരിച്ചുവിട്ടതോടെ പ്രദേശത്തെ യാത്രക്കാരും ദുരിതത്തിലായി.
ഇതിനു പുറമെയാണ് കടുത്ത വേനലിൽ വെള്ളം കിട്ടാതെ ആയിരക്കണക്കിനു ജനങ്ങൾ ദുരിതത്തിലായിരിക്കുന്നത്.
മലങ്കര ജലാശയത്തിൽ കോളപ്ര ഭാഗത്ത് നിന്ന് പമ്പ് ചെയ്യുന്ന വെള്ളം തലയനാട് ഭാഗത്തെ ടാങ്കിൽ എത്തിച്ച് ശേഷം അവിടെ ശുചീകരിച്ച് വിവിധ ടാങ്കുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. തലയനാട് ടാങ്കിൽ നിന്നാണ് വെള്ളം വലിയ പൈപ്പിലൂടെ ഒഴുക്കി ഇഞ്ചിയാനി ടാങ്കിൽ എത്തിക്കുന്നത്.
ഇവിടെ നിന്നാണ് വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നത്.
പാലപ്പിള്ളി ഭാഗത്ത് വലിയ ഭാരം കയറ്റിയ ടോറസ് ലോറികൾ ഓടുന്നതാണ് പൈപ്പ് തകരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 10 ടൺ പോകേണ്ട
സ്ഥാനത്ത് 70 ടൺ വരെ ഭാരം കയറ്റിയ വാഹനങ്ങളാണ് ഓടുന്നത്. ഭാരവാഹനങ്ങൾ നിയന്ത്രിക്കുകയോ അല്ലെങ്കിൽ ഭാര വാഹനങ്ങൾ ഓടാൻ പറ്റുന്ന തരത്തിൽ റോഡുകൾ ഉണ്ടാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മങ്ങാട്ടുകവലയിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടിയില്ല
തൊടുപുഴ ∙ മങ്ങാട്ടുകവല ഭാഗത്ത് ജലഅതോറിറ്റിയുടെ ജലവിതരണം നിലച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതി.
വെള്ളം കിട്ടാതായതോടെ പ്രദേശത്തെ വ്യാപാരികൾ വലിയ തുക മുടക്കി വാഹനത്തിൽ വള്ളം കൊണ്ടുവന്നാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഓഫിസിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. വേനൽ കടുത്തതോടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിനു ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

