എരുമേലി ∙ തീർഥാടക വാഹനങ്ങൾ ഇന്നലെ ഉച്ച മുതൽ പൊലീസ് തടഞ്ഞതോടെ എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചു. എരുമേലി ടൗൺ ഉച്ചയ്ക്കുശേഷം പൂർണമായും സ്തംഭിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ തീർഥാടകരുടെ ഉപരോധം രാത്രിയും അവസാനിച്ചിട്ടില്ല. പമ്പയിലും നിലയ്ക്കലിലും പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞതോടെയാണ് പൊലീസ് എരുമേലിയിൽ തീർഥാടക വാഹനങ്ങൾ തടഞ്ഞത്.
ഇളങ്ങുളം ക്ഷേത്രത്തിലും കടപ്പാട്ടൂർ ക്ഷേത്രത്തിലും പൊലീസ് തീർഥാടന വാഹനങ്ങൾ പിടിച്ചിട്ടു.
ഇവിടെയും തീർഥാടകർ പ്രതിഷേധവുമായി ഇറങ്ങി. കാനനപാതയിലൂടെയുള്ള യാത്രയും ഇന്നലെ ഉച്ചയോടെ പൊലീസ് പൂർണമായും തടഞ്ഞു.എരുമേലി പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസും തീർഥാടകരും തമ്മിൽ തർക്കമുണ്ടായി.
ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലും രാജാപ്പടിയിലും തീർഥാടകർ റോഡ് ഉപരോധിച്ചു. തുടർന്ന് പേട്ട
കൊച്ചമ്പലത്തിനു മുന്നിലേക്കും പ്രതിഷേധം പടർന്നു. കൊച്ചുകുട്ടികളും മുതിർന്നവരുമായ തീർഥാടകർ അവശരാവുകയും ചെയ്തു.
തീർഥാടകരുടെ സുരക്ഷയ്ക്കെന്ന് പൊലീസ്
എരുമേലി ∙ തീർഥാടകരുടെ സുരക്ഷയെക്കരുതിയാണ് എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞതെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ് പറഞ്ഞു.
നിലയ്ക്കലും പമ്പയിലും ഒരു വാഹനം പോലും പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടായിരുന്നില്ല. ഇതോടെ കുടിവെള്ളവും ഭക്ഷണവും വാഹന പാർക്കിങ്ങും പ്രാഥമിക സൗകര്യവും ഉള്ള എരുമേലിയിലും ഇളങ്ങുളത്തും കടപ്പാട്ടൂരും വാഹനങ്ങൾ പിടിച്ചിടാൻ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
17നും 18നും ദർശനത്തിനു പാസ് എടുത്തവരാണ് ഇന്നലെത്തന്നെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടവരിൽ അധികവുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാർക്കിങ് സൗകര്യമില്ലാത്ത സ്ഥിതിയിൽ വാഹനങ്ങൾ കടത്തിവിട്ടാൽ വനത്തിലെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധ്യതയുണ്ട്. മകരജ്യോതി കണ്ടിട്ട് തിരിച്ച് തിരിച്ചുവരുന്നവരുടെ വാഹനങ്ങൾ കൂടിയെത്തുന്നതോടെ വലിയ ഗതാഗതക്കുരുക്കുണ്ടാകും.
വാഹന പാർക്കിങ് ലഭ്യമാകുന്ന മുറയ്ക്ക് പിടിച്ചിട്ട വാഹനങ്ങൾ എരുമേലിയിൽ നിന്ന് കടത്തിവിടുമെന്നും പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

