കൊല്ലം ∙ ജില്ലാ ആശുപത്രിയിലെ ഒന്നാം നിലയിൽ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്കും സമീപത്തെ മറ്റൊരു രോഗിയുടെ കട്ടിലിന് അരികിലേക്കും സീലിങ്ങിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണു. കാലിനു ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന ശൂരനാട് സ്വദേശി ശ്യാമിന്റെ (39) മുകളിലേക്കാണു കോൺക്രീറ്റ് പാളികൾ വീണത്. കോൺക്രീറ്റ് പാളിയുടെ കുറച്ചു ഭാഗം ശ്യാമിന്റെ കൈകളിലാണു പതിച്ചത്.
ചെരിഞ്ഞു കിടന്നിരുന്നതിനാൽ ആണ് ശ്യാമിന്റെ തലയിൽ ഇവ വീഴാതിരുന്നത്.
ഇന്നലെ രാവിലെ 11നു കാലിനു ശസ്ത്രക്രിയ കഴിഞ്ഞ ശ്യാമിനെ വൈകിട്ട് 3ന് വാർഡിൽ എത്തിച്ചതാണ്. തൊട്ടടുത്ത് കിടക്കുകയായിരുന്ന ഇരവിപുരം സ്വദേശി മണിയന്റെ കട്ടിലിന് അരികിലും കോൺക്രീറ്റ് പാളികൾ വീണു.
രോഗികൾ കിടക്കുന്ന ഭാഗത്തെ സീലിങ്ങിൽ കോൺക്രീറ്റ് പാളികൾ അടർന്ന് ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നു രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു.
അടർന്നു വീണ പാളികൾ ജീവനക്കാർ എത്തി എടുത്തു മാറ്റിയ ശേഷം രോഗിയെ മറ്റൊരു കട്ടിലിലേക്കു മാറ്റി. കഴിഞ്ഞ ജൂലൈയിലും ജില്ലാ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണിരുന്നു.
രോഗികൾ കിടക്കുന്ന വാർഡിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണത് അറിഞ്ഞ് ബിജെപി കൊല്ലം മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി എത്തി. ബിജെപി ജില്ലാ സെക്രട്ടറി തെക്കടം ഹരീഷ്, മണ്ഡലം പ്രസിഡന്റ് എസ്.സൂരജ്, ജനറൽ സെക്രട്ടറിമാരായ ഷിബു കടപ്പാക്കട, കൃഷ്ണകുമാർ ആശ്രാമം, കൗൺസിലർമാരായ ശശികലാ റാവു, ബി.ഷൈലജ, എം.എസ്.ലാൽ, രാഗേഷ്, ബൈജു മഹേശ്വർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

